---
title: "'ശുചിത്വ സാഗരം സുന്ദര തീരം'പദ്ധതിയുടെ ഭാഗമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു "
english_title: "An action committee was formed as part of the 'Suchitva Sagaram Sundara Thiram' scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58238/an-action-committee-was-formed-as-part-of-the-suchitva-sagaram-sundara-thiram-scheme"
published_at: "2022-07-30T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4c34b89256_action_committy.jpg"
keywords: []
---

# 'ശുചിത്വ സാഗരം സുന്ദര തീരം'പദ്ധതിയുടെ ഭാഗമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** **വടകര: **സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ അഴിത്തല വാർഡിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

## Article Content

**വടകര: **സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ അഴിത്തല വാർഡിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് ആരംഭിച്ച ശുചിത്വ സാഗരം മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴിൽസുരക്ഷയും ലഭ്യമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്.

കടൽ തീരം പ്ലാസ്റ്റിക്‌ മുക്തമാക്കി സംരക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ, ബോട്ട്‌ ഉമടകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവയെ ഏകോപിപ്പിച്ചാണ്‌ യജ്ഞം. ബോധവൽക്കരണം, പ്ലാസ്റ്റിക്‌ ശേഖരണവും പുനരുപയോഗവും, തുടർപ്രചാരണം എന്നിവയാണ്‌ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

സന്നദ്ധ പ്രവർത്തകരെ അണിനിരത്തി സെപ്തംബർ 18 ന് കടൽ തീരം ശുചീകരണത്തിന് ഓരോ കിലോമീറ്റർ വീതം അടയാളപ്പെടുത്തി കുറഞ്ഞത്‌ 25 പേരടങ്ങിയ കർമസംഘത്തെ ചുമതലപ്പെടുത്തുന്നതിനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.

ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗത്തിൽ വാർഡ് കൗണ്‍സിലർ പി വി ഹാഷിം അദ്ധ്യക്ഷനായി. നഗരസഭ ജെ എഛ് ഐ പി കെ ശ്രീമ, അക്വാകൾച്ചർ പ്രൊജക്ട് കോർഡിനേറ്റർ ടി എം അശ്വിനി, തീരദേശ പോലീസ് ബീറ്റ് ഓഫീസർ എൻ എ നവനീത്, പി വി സി അഷ്റഫ്, എ സി നൌഫൽ, പി വി സി മഹമൂദ്, പി വി ഹസീന, എ സി റുബീന, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58238/an-action-committee-was-formed-as-part-of-the-suchitva-sagaram-sundara-thiram-scheme)