---
title: "സ്‌കൂള്‍ തുറക്കല്‍ ; എംഎല്‍എയുടെ   നേതൃത്വത്തില്‍ യോഗം ചേര്‍ന്നു"
english_title: "School opening;  The meeting was led by kk rama MLa "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5860/school-opening-the-meeting-was-led-by-kk-rama-mla"
published_at: "2021-10-18T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d5e98c0be8_kk rama mla .jpg"
keywords: []
---

# സ്‌കൂള്‍ തുറക്കല്‍ ; എംഎല്‍എയുടെ   നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

> **Lead Summary:** **വടകര:** കൊവിഡിനു ശേഷം സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ചും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുവാനും കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.

## Article Content

**വടകര:** കൊവിഡിനു ശേഷം സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ചും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുവാനും കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.

വടകര നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലിസ്, ഫയര്‍ഫോഴ്‌സ് മേധാവികള്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ ആര്‍.ടി.ഒ തുടങ്ങിയവരുടെ സംയുക്ത യോഗമാണ് വിളിച്ചുചേര്‍ത്തത്.

ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ കുട്ടികളുടെ യാത്ര നിലവില്‍ സര്‍ക്കാര്‍ തന്ന മാര്‍ഗ നിര്‍ദേ ശമനുസരിച്ച് പ്രാവര്‍ത്തികമാക്കുക അപ്രായോഗികമായിരിക്കുമെന്ന് അധ്യാപകര്‍ ആശങ്കപ്പെട്ടു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇപ്പോഴും തുടരുന്ന അസാധാരണ മഴകാരണം തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കാന്‍ തീരുമാനമായി.

പല സ്‌കൂളുകളിലും പ്രധാന അധ്യാപകരുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികളുടെ സുരക്ഷിതത്വം ആണ് ഏറ്റവും പ്രധാനമെന്നു എം.എല്‍.എ പറഞ്ഞു. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികള്‍, ലാബുകള്‍, ബാത്ത്‌റൂമുകള്‍ ഇവയെല്ലാം പ്രത്യേകം പരിശോധിച്ച് അപകടസാധ്യതയില്ലെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണം.

കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി സാനിറ്റൈസര്‍, മാസ്‌കുകള്‍ തുടങ്ങിയ രോഗപ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍, പി.ടി.എ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായം തേടാനും തീരുമാനിച്ചു. എന്തെങ്കിലും പരിഹരിക്കപ്പെടത്ത പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അധ്യാപകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നേരില്‍ ബന്ധപ്പെട്ട് ശ്രദ്ധയില്‍ പെടുത്താമെന്നും അടിയന്തിര പരിഹാരങ്ങള്‍ക്കായി ഇടപെടുമെന്നും എം.എല്‍.എ യോഗത്തില്‍ ഉറപ്പുനല്‍കി കെ.കെ രമ എം.എല്‍.എ അധ്യക്ഷയായി.

ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. കെ വാസു സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ വിശദീകരിച്ചു. വടകര ആര്‍.ഡി.ഒ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വടകര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍, വടകര, ചോമ്പാല്‍, തോടന്നൂര്‍ സബ്ജില്ല എ.ഇ.ഒമാര്‍, പൊലിസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് മേധാവികള്‍ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്ട് ഓഫിസര്‍ വി.വി.വിനോദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5860/school-opening-the-meeting-was-led-by-kk-rama-mla)