---
title: "ഇർഷാദിന്റെ മരണം; പോലീസ് സംശയിക്കുന്നത്‌ ആസൂത്രിത കൊലപാതകമെന്ന്  "
english_title: "Death of Irshad; The police suspect that it was a premeditated murder"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59827/death-of-irshad-the-police-suspect-that-it-was-a-premeditated-murder"
published_at: "2022-08-06T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62edd31c059a9_irshad.jpg"
keywords: []
---

# ഇർഷാദിന്റെ മരണം; പോലീസ് സംശയിക്കുന്നത്‌ ആസൂത്രിത കൊലപാതകമെന്ന്  

> **Lead Summary:** **വടകര: **ഇർഷാദിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. പോലീസ് സംശയിക്കുന്നത്‌ ആസൂത്രിത കൊലപാതകമെന്ന് . സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ വലിയപറമ്പിൽ കോഴിക്കുന്നുമ്മൽ ഇർഷാദി ന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്.

## Article Content

**വടകര: **ഇർഷാദിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. പോലീസ് സംശയിക്കുന്നത്‌ ആസൂത്രിത കൊലപാതകമെന്ന് . സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ വലിയപറമ്പിൽ കോഴിക്കുന്നുമ്മൽ ഇർഷാദി ന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്.

ആസൂത്രിത കൊലപാതകമാണെന്നാണ്‌ സംശയിക്കുന്നത്‌. ജൂലായ്‌ 17-ന്‌ തിക്കോടി കോടിക്കൽ കടപ്പുറത്ത്‌ കണ്ടെത്തിയ ജഡം ഇർഷാദിന്റേതാണെന്ന്‌ ഡി.എൻ.എ. പരിശോധനയിൽ സ്ഥിരീകരിച്ചതായി കോഴിക്കോട് റൂറൽ എസ്.പി. ആർ. കറുപ്പസ്വാമി വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു. മർദനമേറ്റ് അവശനായ ഇർഷാദിനെ കാറിൽ കൊണ്ടുപോയി പുഴയിലേക്ക് തള്ളിയിട്ടതായിരിക്കാമെന്നാണ് പോലീസ് നിഗമനം.

തട്ടിക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ചിത്രത്തിൽ ഇർഷാദിന്റെ രണ്ടു കൈകളും ബന്ധിച്ചനിലയിലാണ്. മാരകമായ മർദനത്തിനിരയായിട്ടുണ്ടെന്ന് സംഘം അയച്ചുകൊടുത്ത ചിത്രത്തിൽ വ്യക്തമാണ്. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നെറ്റിയിൽ മുറിവുണ്ടായിരുന്നതായി വിവരമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ഇർഷാദിന്റെ മൃതദേഹം മേപ്പയ്യൂരിൽനിന്ന് കാണാതായ ദീപക്കിന്റേതാണെന്നുകരുതി ഏറ്റുവാങ്ങി ദഹിപ്പിച്ചതിനാൽ റീ പോസ്റ്റുമോർട്ടത്തിന് സാധ്യതയില്ല. ഈ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാണ്. ദുബായിൽനിന്നു വരുമ്പോൾ കൊണ്ടുവന്ന 60 ലക്ഷംരൂപ വിലവരുന്ന സ്വർണം നൽകണമെന്നാവശ്യപ്പെട്ടാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.

ഇതിലൊരാൾ ഇർഷാദ് പുറക്കാട്ടിരി ഭാഗത്ത് പുഴയിലേക്ക് ചാടിയെന്ന് മൊഴിനൽകിയിരുന്നു. ജൂലായ് 15-ന് കാറിലെത്തിയ അഞ്ചംഗസംഘത്തിലെ ഒരാൾ പുഴയിലേക്ക് വീണതായി സമീപത്തെ തൊഴിലാളികളുടെ മൊഴിയുമുണ്ട്. ഇതോടെയാണ് ഇത് ഇർഷാദാണെന്ന സംശയം ബലപ്പെട്ടത്. മൃതദേഹം കടപ്പുറത്തടിഞ്ഞ സമയത്ത്‌ ഇർഷാദിനെ കാണാതായ പരാതി ഇല്ലായിരുന്നു.

മേപ്പയ്യൂരിൽനിന്ന് കാണാതായ ദീപക്കിന്റെ ബന്ധുക്കളെത്തി മൃതദേഹം പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഏറ്റുവാങ്ങി സംസ്കാരം നടത്തി. പിന്നീടാണ് ഡി.എൻ.എ. പരിശോധനാഫലം വരുന്നതും മരണപ്പെട്ടത് ദീപക്കല്ലെന്ന് വ്യക്തമാകുന്നതും. നാസറിന്റെയും നഫീസയുടെയും മകനാണ് ഇർഷാദ്. ഭാര്യ: ഷഹദ. സഹോദരങ്ങൾ: അർഷാദ് (ദുബായ്), അംന ഷറിൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59827/death-of-irshad-the-police-suspect-that-it-was-a-premeditated-murder)