---
title: "അറസ്റ്റ് ഉടൻ; സജീവന്റെ മരണം, എസ് ഐയെയും പൊലീസുകാരനെയും ഉടൻ അറസ്റ്റ്‌ ചെയ്യും "
english_title: "Arrest immediately; Sajeev's death, the SI and the policeman will be arrested immediately"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60234/arrest-immediately-sajeevs-death-the-si-and-the-policeman-will-be-arrested-immediately"
published_at: "2022-08-08T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f067f38bf2e_sajeevan.jpg"
keywords: []
---

# അറസ്റ്റ് ഉടൻ; സജീവന്റെ മരണം, എസ് ഐയെയും പൊലീസുകാരനെയും ഉടൻ അറസ്റ്റ്‌ ചെയ്യും 

> **Lead Summary:** **വടകര : **വടകരയിൽ നടന്നത് കസ്റ്റഡി മരണമെന്ന നിഗമനത്തിൽ പൊലീസും. മർദ്ദനത്തിന് നേതൃത്വം ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന എസ് ഐയെയും പൊലീസുകാരനെയും ഉടൻ അറസ്റ്റ്‌ ചെയ്യും.

## Article Content

**വടകര : **വടകരയിൽ നടന്നത് കസ്റ്റഡി മരണമെന്ന നിഗമനത്തിൽ പൊലീസും. മർദ്ദനത്തിന് നേതൃത്വം ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന എസ് ഐയെയും പൊലീസുകാരനെയും ഉടൻ അറസ്റ്റ്‌ ചെയ്യും.

കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്റെ മരണത്തിന് വഴിയൊരുക്കിയത് പോലീസ് മർദനമാണെന്ന് വ്യക്തമായതോടെ സംഭവം കസ്റ്റഡിമരണം തന്നെയെന്ന് നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിച്ചേർന്നു. മരണം നടന്നത് കസ്റ്റഡിയിൽനിന്ന് വിട്ടതിനുശേഷമാണെങ്കിലും കസ്റ്റഡിയിൽവെച്ച് മർദനമേറ്റെന്ന വിവരമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായത്.

അന്വേഷണത്തിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിനും സമർപ്പിച്ചിട്ടുണ്ട്. മരണകാരണം ഹൃദയാഘാതമാണെങ്കിലും ഇതിലേക്ക് നയിച്ചത് പോലീസ് മർദനമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സജീവന്റെ ശരീരത്തിലുള്ള 11 പാടുകളിൽ എട്ടും മർദനമേറ്റതിന്റെ പരിക്കുകളാണ്.

കസ്റ്റഡിമരണമാണെന്ന് തുടക്കത്തിൽത്തന്നെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം എന്നിവയെല്ലാം അതിനനുസരിച്ചാണ് നടത്തിയത്. വടകര ആർ.ഡി.ഒ.യ്ക്ക് പുറമേ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും ഇൻക്വസ്റ്റിന് നേതൃത്വം നൽകി.

പോസ്റ്റുമോർട്ടം ഡോക്ടർമാരുടെ ഒരു സംഘം തന്നെയാണ് നടത്തിയത്. മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനും അവസരം നൽകി. ഇതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60234/arrest-immediately-sajeevs-death-the-si-and-the-policeman-will-be-arrested-immediately)