---
title: "240 പേർക്ക് ഡയാലിസിസ് ചെയ്യാം; ധന്വന്തരി ഡയാലിസിസ് സെന്റർ  പുതിയ കെട്ടിടത്തിലേക്ക്"
english_title: "240 people can undergo dialysis; Dhanvantari Dialysis Center to new building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60929/240-people-can-undergo-dialysis-dhanvantari-dialysis-center-to-new-building"
published_at: "2022-08-11T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f49594d5483_dhanwanthri.jpg"
keywords: []
---

# 240 പേർക്ക് ഡയാലിസിസ് ചെയ്യാം; ധന്വന്തരി ഡയാലിസിസ് സെന്റർ  പുതിയ കെട്ടിടത്തിലേക്ക്

> **Lead Summary:** **വടകര:** ജനകീയ കൂട്ടായ്മയിൽ ധനസമാഹരണം നടത്തി ഒൻപതുവർഷമായി വടകര ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി ഡയാലിസിസ് സെന്റർ വൈകാതെ പുതിയ കെട്ടിടത്തിലേക്ക് മാറും. പ്രധാനമന്ത്രി ജനവികാസ് കാര്യക്രമിൽ അനുവദിച്ച 2.11 കോടിരൂപയുടെ പുതിയ 40 ഡയാലിസിസ് മെഷീനുകൾ വടകര ജില്ലാ ആശുപത്രിക്കു സമീപത്തെ പുതിയ കെട്ടിടത്തിലെത്തി.

## Article Content

**വടകര:** ജനകീയ കൂട്ടായ്മയിൽ ധനസമാഹരണം നടത്തി ഒൻപതുവർഷമായി വടകര ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി ഡയാലിസിസ് സെന്റർ വൈകാതെ പുതിയ കെട്ടിടത്തിലേക്ക് മാറും. പ്രധാനമന്ത്രി ജനവികാസ് കാര്യക്രമിൽ അനുവദിച്ച 2.11 കോടിരൂപയുടെ പുതിയ 40 ഡയാലിസിസ് മെഷീനുകൾ വടകര ജില്ലാ ആശുപത്രിക്കു സമീപത്തെ പുതിയ കെട്ടിടത്തിലെത്തി.

ജില്ലാപഞ്ചായത്ത് അനുവദിച്ച 20 ലക്ഷംരൂപയുടെ 40 ബെഡുകളും അനുബന്ധ ഉപകരണങ്ങളും ഇവിടെയെത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് മൂന്നുകോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 40 അധിക മെഷീനുകൾ ലഭിച്ചതോടെ 240 പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. നിലവിലുള്ള 11 മെഷീനുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

എട്ട് ഗ്രാമപ്പഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയുമാണ് കേന്ദ്രത്തിന്റെ പരിധിയിൽവരുന്നത്. സൗജന്യമായാണ് ഡയാലിസിസ് നടത്തുന്നത്. 200 കിലോവാട്ട് ട്രാൻസ്ഫോർമറും ജനറേറ്ററും ലിഫ്റ്റും കഴിഞ്ഞവർഷംതന്നെ പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിരുന്നു. സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ളവയും ഉടനുണ്ടാകും. പുതിയ കെട്ടിടത്തിൽ ഡയാലിസിസ് സെൻറർ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് കൺവീനർ എടയത്ത് ശ്രീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60929/240-people-can-undergo-dialysis-dhanvantari-dialysis-center-to-new-building)