---
title: "ചരിത്രവും വിഭജിച്ചു; ഇന്ത്യാചരിത്രത്തെ മതാത്മകമായി വിഭജിച്ചത് ബ്രിട്ടീഷ് ചരിത്രകാരന്മാർ- ഹരീന്ദ്രനാഥ്  "
english_title: "History is also divided; British historians - Harindranath divided Indian history along religious lines"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60935/history-is-also-divided-british-historians-harindranath-divided-indian-history-along-religious-lines"
published_at: "2022-08-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f49988b207e_hareendranadh.jpg"
keywords: []
---

# ചരിത്രവും വിഭജിച്ചു; ഇന്ത്യാചരിത്രത്തെ മതാത്മകമായി വിഭജിച്ചത് ബ്രിട്ടീഷ് ചരിത്രകാരന്മാർ- ഹരീന്ദ്രനാഥ്  

> **Lead Summary:** **വടകര: **ഇന്ത്യയുടെ ബഹുസ്വരസമൂഹത്തിൽ സ്വാഭാവികമായുണ്ടായ മതസൗഹാർദപാരമ്പര്യത്തെ ഏറ്റവും ശക്തവും ഫലപ്രദവുമായി വിളക്കിച്ചേർത്ത നേതാവാണ് മഹാത്മാഗാന്ധിയെന്ന് ചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **ഇന്ത്യയുടെ ബഹുസ്വരസമൂഹത്തിൽ സ്വാഭാവികമായുണ്ടായ മതസൗഹാർദപാരമ്പര്യത്തെ ഏറ്റവും ശക്തവും ഫലപ്രദവുമായി വിളക്കിച്ചേർത്ത നേതാവാണ് മഹാത്മാഗാന്ധിയെന്ന് ചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് ‘ഇന്ത്യൻ ദേശീയപ്രസ്ഥാനവും ഗാന്ധിയൻ ദർശനങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനടക്കമുള്ള ശക്തികൾക്ക് സാമ്രാജ്യസ്ഥാപനത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയതും ഇന്ത്യൻസമൂഹത്തിന്റെ മതസൗഹൃദസംസ്കാരമായിരുന്നു.

അത് തകർക്കാനായി ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് ഇന്ത്യാചരിത്രത്തെ മതാത്മകമായി വിഭജിച്ചത്. മതസൗഹൃദ, മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുക എന്നതാണ് സ്വാതന്ത്ര്യസമരസ്‌മൃതിയുടെ വർത്തമാനകാലത്തെ ഉത്തരവാദിത്വമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡി. ദീപ, എം.ജെ. ദ്യോതക്, വി. അഖിലേഷ്, ആർ. ഷിജു, ആർ. ഗായത്രി എന്നിവർ സംസാരിച്ചു.

**വടകര:** ജനകീയ കൂട്ടായ്മയിൽ ധനസമാഹരണം നടത്തി ഒൻപതുവർഷമായി വടകര ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി ഡയാലിസിസ് സെന്റർ വൈകാതെ പുതിയ കെട്ടിടത്തിലേക്ക് മാറും. പ്രധാനമന്ത്രി ജനവികാസ് കാര്യക്രമിൽ അനുവദിച്ച 2.11 കോടിരൂപയുടെ പുതിയ 40 ഡയാലിസിസ് മെഷീനുകൾ വടകര ജില്ലാ ആശുപത്രിക്കു സമീപത്തെ പുതിയ കെട്ടിടത്തിലെത്തി.

ജില്ലാപഞ്ചായത്ത് അനുവദിച്ച 20 ലക്ഷംരൂപയുടെ 40 ബെഡുകളും അനുബന്ധ ഉപകരണങ്ങളും ഇവിടെയെത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് മൂന്നുകോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 40 അധിക മെഷീനുകൾ ലഭിച്ചതോടെ 240 പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. നിലവിലുള്ള 11 മെഷീനുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

എട്ട് ഗ്രാമപ്പഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയുമാണ് കേന്ദ്രത്തിന്റെ പരിധിയിൽവരുന്നത്. സൗജന്യമായാണ് ഡയാലിസിസ് നടത്തുന്നത്. 200 കിലോവാട്ട് ട്രാൻസ്ഫോർമറും ജനറേറ്ററും ലിഫ്റ്റും കഴിഞ്ഞവർഷംതന്നെ പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിരുന്നു. സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ളവയും ഉടനുണ്ടാകും. പുതിയ കെട്ടിടത്തിൽ ഡയാലിസിസ് സെൻറർ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് കൺവീനർ എടയത്ത് ശ്രീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60935/history-is-also-divided-british-historians-harindranath-divided-indian-history-along-religious-lines)