---
title: "ഏറാമലയുടെ കായിക സ്വപ്‌നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; ആദിയൂർ മിനി സ്റ്റേഡിയ നിർമാണത്തിന് അനുമതിയായി"
english_title: "Eramala's sporting dreams are taking flight; Construction of Adiyur mini stadium has been approved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61045/eramalas-sporting-dreams-are-taking-flight-construction-of-adiyur-mini-stadium-has-been-approved"
published_at: "2022-08-11T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4fc3987134_addhiyoor.jpg"
keywords: []
---

# ഏറാമലയുടെ കായിക സ്വപ്‌നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; ആദിയൂർ മിനി സ്റ്റേഡിയ നിർമാണത്തിന് അനുമതിയായി

> **Lead Summary:** **വടകര:** ഏറാമല ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കളിസ്ഥലമെന്ന ആവശ്യത്തിന് പ്രാഥമിക അനുമതിയായി. സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലമെന്ന പദ്ധതിയിൽപെടുത്തിയാണ് ആദിയൂർ മിനി സ്റ്റേഡിയത്തിന്റെ നിർമാണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

## Article Content

**വടകര:** ഏറാമല ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കളിസ്ഥലമെന്ന ആവശ്യത്തിന് പ്രാഥമിക അനുമതിയായി. സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലമെന്ന പദ്ധതിയിൽപെടുത്തിയാണ് ആദിയൂർ മിനി സ്റ്റേഡിയത്തിന്റെ നിർമാണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

കെ.കെ രമ എം.എൽ.എ സ്‌പോർട്‌സ് വകുപ്പ് മന്ത്രിക്ക് മണ്ഡലത്തിലെ കളിക്കളങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയിൽ ആദിയൂർ മിനിസ്റ്റേഡിയം ഇടംപിടിച്ചത്. പദ്ധതിയുടെ വിശദമായ ഡി.പി.ആർ നിർവഹണ ഏജൻസിയായ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ തയാറാക്കും.

**

ഓർക്കാട്ടേരി ഹയർസെക്കൻഡറി സ്‌കൂളിനോട് അനുബന്ധിച്ചുള്ള ഈ കളിക്കളത്തിന്റെ വിപുലീകരണത്തിനായുള്ള മുറവിളികൾക്ക് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മിനി സ്റ്റേഡിയമെന്ന പേരുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഈ കളിസ്ഥലം നേരിടുന്നത്.

ചുറ്റുമതിൽപോലും പൂർണമായും ഇവിടെയില്ല. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിവിധ കായിക ഇനങ്ങൾക്ക് അനുയോജ്യമായ ആധുനിക സൗകര്യമുള്ള മിനി സ്‌റ്റേഡിയമാകുമെന്നാണ് പ്രതീക്ഷയെന്ന കെ.കെ രമ എം.എൽ.എ അറിയിച്ചു.

**വടകര: **കായികരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുവാനായി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള 'ഒരു ഗ്രാമപഞ്ചായത്തിൽ ഒരു കളിസ്ഥലം ' പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ്ചായത്ത് കളിസ്ഥലം നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു .

കായിക യുവജനകാര്യ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. പദ്ധതിയുടെ നിർവഹണ ഏജൻസിയായി സ്പോർട്സ് കേരള ഫൗണ്ടേഷനെ നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ ഡി പി ആർ സ്പോർട്സ് കേരള ഫൗണ്ടേഷൻ തയ്യാറാക്കും.

കുറ്റ്യാടി മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലായി കളിസ്ഥലങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാനെ നേരിട്ട് കണ്ട് അറിയിച്ചിരുന്നതായും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61045/eramalas-sporting-dreams-are-taking-flight-construction-of-adiyur-mini-stadium-has-been-approved)