---
title: "സിപിഐ എം നേതാവിൻ്റെ ദാരുണ കൊല; അമർഷവുമായി കെ.കെ.രമ എംഎൽഎ "
english_title: "Tragic murder of CPI M leader; KK Rama MLA with anger"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61818/tragic-murder-of-cpi-m-leader-kk-rama-mla-with-anger"
published_at: "2022-08-15T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa19ed6a9a9_rema.jpg"
keywords: []
---

# സിപിഐ എം നേതാവിൻ്റെ ദാരുണ കൊല; അമർഷവുമായി കെ.കെ.രമ എംഎൽഎ 

> **Lead Summary:** **വടകര: **സിപിഐ എം നേതാവിൻ്റെ ദാരുണ കൊലപാതകത്തിൽ കെ.കെ.രമ എംഎൽഎ പ്രതിഷേധിച്ചു. സ്വാതന്ത്ര്യദിന പുലരിയിൽ തന്നെ അതീവ ദു:ഖകരമായ വാർത്തയാണ് പാലക്കാട് നിന്ന് കേൾക്കേണ്ടി വന്നത്. സി പി.എമ്മിൻ്റെ ലോക്കൽ കമ്മറ്റിയംഗമായ ഷാജഹാൻ എന്ന യുവാവ് ഇന്നലെ രാത്രി അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു.

## Article Content

**വടകര: **സിപിഐ എം നേതാവിൻ്റെ ദാരുണ കൊലപാതകത്തിൽ കെ.കെ.രമ എംഎൽഎ പ്രതിഷേധിച്ചു. സ്വാതന്ത്ര്യദിന പുലരിയിൽ തന്നെ അതീവ ദു:ഖകരമായ വാർത്തയാണ് പാലക്കാട് നിന്ന് കേൾക്കേണ്ടി വന്നത്. സി പി.എമ്മിൻ്റെ ലോക്കൽ കമ്മറ്റിയംഗമായ ഷാജഹാൻ എന്ന യുവാവ് ഇന്നലെ രാത്രി അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു.

ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആശിക്കുന്ന ഒരു സമൂഹത്തിൻ്റെ മുന്നിലേക്കാണ് കൊലയാളികൾ വീണ്ടും കത്തിയുയർത്തുന്നത്. നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് മാത്രമാണ്. കൊലയാളികൾ ആരെന്ന ആരോപണ പ്രത്യാരോപണങ്ങൾ പതിവുപോലെ നടക്കുന്നു. എന്തുതന്നെയായാലും സമാധാനമാഗ്രഹിക്കുന്ന ഒരു ജനതയുടെ മുഖത്തേക്കാണ് കൊലയാളികൾ നിരന്തരം ചോരച്ചാലുകൾ തീർക്കുന്നത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത്തരം ക്രിമിനൽ സംഘങ്ങളുടെ രക്ഷകരാകുന്നതാണ് ഇവർക്ക് വളമാകുന്നത്. കൊലപാതകത്തെ അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും തള്ളിപ്പറയുകയും ഒരു തരത്തിലുള്ള സഹായവും അവർക്ക് ലഭ്യമാക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം ഓരോ രാഷ്ട്രീയ നേതൃത്വവും. അതിന് തയ്യാറാകാത്ത കാലത്തോളം ദാരുണമായ ഇത്തരം സംഭവങ്ങൾ തുടരുക തന്നെ ചെയ്യും.

അമ്മ പെങ്ങൻമാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിൻ്റെയും നിലവിളികൾക്ക് ഇനിയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകൽപിക്കണം. ഷാജഹാൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.കെ.രമ എംഎൽഎ വാർത്താകുറിപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61818/tragic-murder-of-cpi-m-leader-kk-rama-mla-with-anger)