---
title: "കസ്റ്റഡി മരണം; വടകരയിലെ പൊലീസുകാരെ രക്ഷിക്കാൻ വൻ പണപിരിവ്"
english_title: "custodial death; Huge money collection to save the policemen in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/63476/custodial-death-huge-money-collection-to-save-the-policemen-in-vadakara"
published_at: "2022-08-23T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63043426099b9_sajeevan_death.jpg"
keywords: []
---

# കസ്റ്റഡി മരണം; വടകരയിലെ പൊലീസുകാരെ രക്ഷിക്കാൻ വൻ പണപിരിവ്

> **Lead Summary:** ** വടകര:** കസ്റ്റഡി മരണത്തിൽ പ്രതികളായ വടകരയിലെ എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ രക്ഷിക്കാൻ വൻ പണപിരിവ്. കല്ലേരി സ്വദേശി സജീവൻ സ്‌റ്റേഷന് പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ നിയമനടപടി നേരിടാനെന്നപേരിലാണ് പൊലീസിൽ പണപ്പിരിവ് നടക്കുന്നത്.

## Article Content

** വടകര:** കസ്റ്റഡി മരണത്തിൽ പ്രതികളായ വടകരയിലെ എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ രക്ഷിക്കാൻ വൻ പണപിരിവ്. കല്ലേരി സ്വദേശി സജീവൻ സ്‌റ്റേഷന് പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ നിയമനടപടി നേരിടാനെന്നപേരിലാണ് പൊലീസിൽ പണപ്പിരിവ് നടക്കുന്നത്.

വടകര സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ പേരിൽ എസ്.ഐ. ഉൾപ്പെടെ നാലുപേരെ സസ്‌പെൻഡ്‌ ചെയ്തിരുന്നു. 66 പേരെ സ്ഥലം മാറ്റുകയും ചെയ്തു. സസ്‌പെൻഷനിലുള്ള നാലുപേരും മുൻകൂർജാമ്യം നേടിയിരിക്കുകയാണ്. നിയമനടപടി നേരിടുന്നവർക്ക് ഉന്നത നീതിപീഠങ്ങളെ സമീപിക്കാനുള്ള സഹായമെന്ന തരത്തിലാണ് പിരിവ്.

ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെയാണ് ഓരോ പോലീസുകാരിൽനിന്നും പിരിക്കുന്നത്.കോഴിക്കോട് ജില്ലയിലാണ് വ്യാപകമായ പിരിവ് നടത്തുന്നത്. മറ്റുജില്ലകളിൽ എല്ലാവരെയും ലക്ഷ്യം വയ്ക്കുന്നില്ല. സർക്കാർ പിന്തുണയുള്ളവർ പിരിവുതരാൻ നിർബന്ധിക്കുമ്പോൾ സ്ഥലംമാറ്റമുൾപ്പെടെയുള്ളവ ഭീഷണിയായി നിൽക്കുന്നുവെന്നാണ് പറയുന്നത്.

പ്രതിപക്ഷാനുകൂലികളായ പൊലീസുകാരിൽ ചിലർ ഇതിനെ എതിർത്തിരുന്നു. ഇത്തരത്തിൽ സഹായങ്ങൾ നൽകണമെങ്കിൽ സംഘടനയുടെ ഫണ്ട് ഉപയോഗിക്കണമെന്നാണ് ഇവരുടെ നിലപാട്. രസീത് ഒന്നുമില്ലാതെയാണ് പിരിവ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/63476/custodial-death-huge-money-collection-to-save-the-policemen-in-vadakara)