---
title: "സാന്റ് ബാങ്ക്‌സിലെ പാര്‍ക്കിംഗ് ; ഡിടിപിസി സിക്രട്ടറിയുടെ  നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു "
english_title: "Parking in SAND . Banks; Protests against the DTPC secretary's stance are intensifying"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6398/parking-in-sand-banks-protests-against-the-dtpc-secretarys-stance-are-intensifying"
published_at: "2021-10-21T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617144933fbf3_HASHIM VATAKARA .jpg"
keywords: []
---

# സാന്റ് ബാങ്ക്‌സിലെ പാര്‍ക്കിംഗ് ; ഡിടിപിസി സിക്രട്ടറിയുടെ  നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു 

> **Lead Summary:** **വടകര**: സാന്റ്ബാങ്ക്‌സ് ഗ്രൌണ്ട് പാര്‍ക്കിങ്ങ് ഏരിയാക്കി മാറ്റുന്നതിനും അവിടെ പാര്‍ക്കിങ്ങ് ഫീസ് നിശ്ചയിച്ചതുമായി സംബന്ധിച്ച് ഡിടിപിസി സിക്രട്ടറിയുടെ പരാമര്‍ശം വാസ്തവ വിരുദ്ധമാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി വി ഹാഷിം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. കളിക്കളം സംരക്ഷിക്കണമെന്ന ആവശ്യവുമായി സിപിഐ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്.

## Article Content

**വടകര**: സാന്റ്ബാങ്ക്‌സ് ഗ്രൌണ്ട് പാര്‍ക്കിങ്ങ് ഏരിയാക്കി മാറ്റുന്നതിനും അവിടെ പാര്‍ക്കിങ്ങ് ഫീസ് നിശ്ചയിച്ചതുമായി സംബന്ധിച്ച് ഡിടിപിസി സിക്രട്ടറിയുടെ പരാമര്‍ശം വാസ്തവ വിരുദ്ധമാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി വി ഹാഷിം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. കളിക്കളം സംരക്ഷിക്കണമെന്ന ആവശ്യവുമായി സിപിഐ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സാന്റ്ബാങ്ക്‌സില്‍ നടത്തിയ മീറ്റിങ്ങില്‍ തൊട്ടടുത്ത വാര്‍ഡിലെ കൌണ്‍സിലര്‍മാരായ പി വിജയിയും എം ബിജുവുമാണ് പങ്കെടുത്തിട്ടുള്ളത്. സാന്റ്ബാങ്ക്‌സുള്‍പ്പെടുന്ന അഴിത്തല വാര്‍ഡിലെ കൌണ്‍സിലറായ പി വി ഹാഷിമും സി പി എം ഒഴികെയുള്ള ബാക്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാരും തന്നെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

കളിസ്ഥലം സംരക്ഷിച്ച് കൊണ്ടുള്ള വികസനം നടത്തിയാല്‍ മതിയെന്നാണ് തുടക്കം മുതല്‍ കമ്മിറ്റി ചെയര്‍മാനായ വാര്‍ഡ് കൌണ്‍സിലറും കമ്മിറ്റിയംഗങ്ങളായിട്ടുള്ള വിവിധ രാഷട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും തീരുമാനിച്ചിട്ടുള്ളത്. വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് ഡിടിപിസി സിക്രട്ടറിയുടെ ഭാഗത്ത് നിന്നും വന്നിട്ടുള്ളത്. സാന്റ്ബാങ്ക്‌സ് പ്രവേശന ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തില്‍ പ്രവേശന ഫീസ് വാങ്ങുന്നതിന് തന്നെ വാര്‍ഡ് കൗണ്‍സിലറും കമ്മിറ്റിയംഗങ്ങളും എതിരായിരുന്നു.

സമവായത്തിലൂടെ മൂന്നോളം മീറ്റിങ്ങ് വിളിച്ചു കൂട്ടിയതിന് ശേഷമാണ് മുസ്ലിംലീഗടക്കമുള്ള പ്രതിനിധികളുടെ വിയോജിപ്പോടെ പ്രവേശന ഫീസ് കുട്ടികള്‍ക്ക് 5രൂപയും മുതിര്‍ന്നവര്‍ക്ക് 10 രൂപയും നിശ്ചയിച്ച് ഫിബ്രുവരി 15മുതല്‍ പിരിക്കുന്നത്. എന്നാല്‍ പാര്‍ക്കിങ്ങ് ഫീസ് നിശ്ചയിച്ചതും അതു പിരിക്കുന്നതും വാര്‍ഡ് കൌണ്‍സിലറും കമ്മിറ്റിയംഗങ്ങളും ടൂറിസം വകപ്പും അറിയാതെ ഏകപക്ഷീയമായിട്ടാണ് ഡിടിപിസി സിക്രട്ടറി തീരുമാനിച്ചത്.

പാര്‍ക്കിങ്ങ് ഫീസ് പിരിക്കുന്നതിന് വാര്‍ഡ് കൌണ്‍സിലറും നാട്ടുകാരായ സര്‍വ്വകക്ഷി പ്രതിനിധികളും എതിരാണെന്ന് മനസ്സിലാക്കിയ ഡിടിപിസി സിക്രട്ടറി മനപൂര്‍വ്വം അഴിത്തല വാര്‍ഡ് കൌണ്‍സിലറെയും അഴിത്തല വാര്‍ഡിലെ പ്രതിനിധികളേയും ഒഴിവാക്കി തൊട്ടടുത്ത വാര്‍ഡ് കൌണ്‍സിലര്‍മാരെ വിളിച്ചു ചേര്‍ത്ത് പാര്‍ക്കിങ്ങ് ഫീസ് പിരിക്കുന്നതിനും സാന്റ്ബാങ്ക്‌സിലെ കളിസ്ഥലം പാര്‍ക്കിങ്ങാക്കി മാറ്റാനും തീരുമാനിച്ചത്.

ഡിടിപിസി സിക്രട്ടറിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്നതും മന്ത്രി വിശദീകരണം ചോദിച്ചതോടെ പൊതുസമൂഹത്തിന് മനസ്സിലായെന്നും അതില്‍ വിറളിപൂണ്ട് വാര്‍ഡ് കൌണ്‍സിലറെയും സര്‍വ്വകക്ഷി പ്രതിനിധികളെയും കരിവാരി തേക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കളിസ്ഥലം ഹരിയാലിക്ക് പാര്‍ക്കിങ്ങിന് വേണ്ടി കൊടുക്കാനുള്ള നീക്കം ഭൂമി ഉപയോഗാനുമതി നല്‍കിയ സര്‍ക്കാര്‍ ഉടമ്പടിക്ക് കടക വിരുദ്ധമാണെന്നും

വര്‍ഷങ്ങളായി കച്ചവടം ചെയ്ത് വരുന്ന പ്രദേശവാസികളായ നിര്‍ദ്ധന കുടുംബത്തിലെ 7 കടയുടമകളെ കുതന്ത്രത്തിലൂടെ പാര്‍ക്കിങ്ങ് സൌകര്യത്തിനെന്ന പേരില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിച്ചതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മണല്‍കൂമ്പാരങ്ങള്‍(സാന്റ്ബാങ്ക്) മണ്ണടിച്ച് നിരപ്പാക്കി പ്രകൃതിഭംഗി നശിപ്പിച്ച് കച്ചവടച്ചരക്കാക്കി മാറ്റി ഡിടിപിസി സിക്രട്ടറി ഭൂമി ഉപയോഗ കരാര്‍ ലംഘനം നടത്തുകയും ചെയ്തത് ഏത് മാഫിയയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും തെറ്റായ തീരുമാനം അഴിത്തലയിലെ കൌണ്‍സിലറെയും സര്‍വ്വകക്ഷി പ്രതിനിധികളെയും ഒഴിവാക്കി നടപ്പിലാക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം, കമ്മിറ്റിയംഗങ്ങളായ പി വി അന്‍സാര്‍, ടി കെ കരീം, പി എസ് രഞ്ജിത്ത്കുമാര്‍, കളത്തില്‍ ശ്രീജന്‍, സി സഫുവാന്‍ എന്നിവര്‍ സംയുക്തമായി പറഞ്ഞു.

കളിസ്ഥലം സംരക്ഷണത്തിന് വേണ്ടി വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടറെ നേരില്‍ കണ്ടു. പ്രദേശവാസികളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയതായും നേതാക്കള്‍ ഉറപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6398/parking-in-sand-banks-protests-against-the-dtpc-secretarys-stance-are-intensifying)