---
title: "രണ്ട് പേരുടെ മരണം; വള്ളം മറിഞ്ഞത് അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ "
english_title: "two deaths; The boat capsized due to an unexpected gust of wind"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64182/two-deaths-the-boat-capsized-due-to-an-unexpected-gust-of-wind"
published_at: "2022-08-26T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630831d06a971_asees.jpg"
keywords: []
---

# രണ്ട് പേരുടെ മരണം; വള്ളം മറിഞ്ഞത് അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ 

> **Lead Summary:** **വടകര: **ചോമ്പാല ഹാർബറിൽനിന്ന് മീൻപിടിക്കാൻപോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകട കാരണം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ വള്ളമറിഞ്ഞത്.

## Article Content

**വടകര: **ചോമ്പാല ഹാർബറിൽനിന്ന് മീൻപിടിക്കാൻപോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകട കാരണം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ വള്ളമറിഞ്ഞത്.

അപകടത്തിന് ഒന്നരമണിക്കൂറോളം നീന്തിയശേഷം രക്ഷപ്പെട്ട വള്ളം ഉടമയിൽ നിന്നും പൊലീസ് മൊഴിയെടുക്കും. ഒഞ്ചിയം മാടാക്കരയിലെ വലിയപുരയിൽ അച്യുതൻ (56), അഴിയൂർ പൂഴിത്തലയിലെ ചിള്ളിപ്പറമ്പിൽ അസീസ് (52) എന്നിവരാണ് മരിച്ചത്.

വള്ളത്തിന്റെ ഉടമ മാടാക്കരയിലെ പുതിയപുരയിൽ ഷൈജു(40)വാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ മുട്ടുങ്ങലിനു സമീപമാണ് അപകടമുണ്ടായത്. ‘സമർഗന്ധ്’ എന്ന വലിയ വള്ളത്തിൽ പിടിച്ച മത്സ്യം കരയിലേക്ക് കൊണ്ടുവരാനായി കാരിയർ വള്ളമായി പോയതായിരുന്നു ഷൈജുവിന്റെ ‘ദുർഗാവാഹിനി’ എന്ന വള്ളം.

മീനുമായി കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽപ്പെട്ട് വള്ളം മറിഞ്ഞത്. ഇതോടെ മൂന്നുപേരും നീന്താൻ തുടങ്ങി. അഞ്ചരയോടെ ഷൈജു കുരിയാടി തീരത്തേക്ക് നീന്തിക്കയറിയശേഷമാണ് അപകടവിവരം പുറംലോകമറിയുന്നത്. ഉടൻതന്നെ കുരിയാടിയിലുള്ള മത്സ്യത്തൊഴിലാളികളും മറ്റും വിവരം കോസ്റ്റൽ പോലീസിനെ അറിയിച്ചു.

തുടർന്ന് ചോമ്പാലയിലെയും മറ്റും കോസ്റ്റൽ വാർഡന്മാരും വടകരയിൽനിന്നുള്ള കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളെ വിവരമറിയിച്ച് ബോട്ടുകളിൽ തിരച്ചിൽ തുടങ്ങി. തലശ്ശേരി കോസ്റ്റൽ പോലീസിന്റെ ബോട്ടും തിരിച്ചിലിനെത്തി.

ആറുമണിയോടെയാണ് പയ്യോളിയിൽനിന്നുള്ള ബോട്ടിലെയും അഴിത്തലയിൽനിന്നുള്ള ബോട്ടിലെയും തൊഴിലാളികൾ രണ്ടുപേരെ കടലിൽ കണ്ടെത്തിയത്. അപ്പോഴേക്കും ഇരുവരും അവശരായിരുന്നു. അഴിത്തല ഫിഷ്‌ലാൻഡിങ് സെന്ററിലെത്തിച്ചശേഷം രണ്ടുപേരെയും വടകര സീയെം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രക്ഷപ്പെട്ട ഷൈജുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മിനിയാണ് അച്യുതന്റെ ഭാര്യ. മക്കൾ: അശ്വന്ത്, ശിവാനി. മരുമകൻ: ഷിജിൻ. സഹോദരങ്ങൾ: ലക്ഷ്മണൻ, ഗണേശൻ, രഘു, രമണി, സുശീല. സീനത്താണ് അസീസിന്റെ ഭാര്യ. മക്കൾ: അജ്മൽ, അസീബ്, അസ്ലം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64182/two-deaths-the-boat-capsized-due-to-an-unexpected-gust-of-wind)