---
title: "ഹോട്ടലിന് 25,000 രൂപ പിഴ; ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയാൽ കർശന നടപടി "
english_title: "Hotel fined Rs 25,000; Strict action if waste water is discharged into drains"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64219/hotel-fined-rs-25000-strict-action-if-waste-water-is-discharged-into-drains"
published_at: "2022-08-26T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308635e9d1c7_sqaud.jpg"
keywords: []
---

# ഹോട്ടലിന് 25,000 രൂപ പിഴ; ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയാൽ കർശന നടപടി 

> **Lead Summary:** **വടകര: ** ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയാൽ കർശന നടപടിയെന്ന് നഗരസഭ. ക്യൂൻസ് 'റോഡ് ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിട്ട സ്ഥാപനത്തെ നഗരസഭാ സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തി.

## Article Content

**വടകര: ** ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയാൽ കർശന നടപടിയെന്ന് നഗരസഭ. ക്യൂൻസ് 'റോഡ് ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിട്ട സ്ഥാപനത്തെ നഗരസഭാ സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തി.

ന്യൂഇന്ത്യ ഹോട്ടലിൽനിന്നാണ് ഇടവിട്ട ദിവസങ്ങളിൽ അർധരാത്രിക്കുശേഷം മലിനജലം പൊതുഅഴുക്കുചാലിലേക്ക് ഒഴുക്കുന്നതെന്ന് നഗരസഭാ ആരോഗ്യ സ്ക്വാഡ് വ്യക്തമാക്കി. സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡാണ് ഇത് കണ്ടെത്തിയത്.

ഹോട്ടലിന് നോട്ടീസ് നൽകുകയും കേരള മുൻസിപ്പൽ ആക്ട് പ്രകാരം 25,000 രൂപ പിഴചുമത്തുകയും ചെയ്തു. മലിനജലം സംസ്കരിക്കുന്നതിന് സ്ഥായിയായ സംവിധാനം ഏർപ്പെടുത്താൻ ഹോട്ടലിനോട് നിർദേശിച്ചു. ക്വീൻസ് റോഡ് ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ പരാതികൾ നഗരസഭയ്ക്ക് ലഭിച്ചിരുന്നു.

ചാലിന്റെ ഒരുഭാഗം സ്വകാര്യവ്യക്തി കല്ലും കെട്ടിടാവശിഷ്ടവുംകൊണ്ട് നികത്തിയതും പ്രശ്നം ഗുരുതരമാക്കി. ചാൽകവിഞ്ഞ് റോഡിലേക്ക് ജലമൊഴുകുന്ന അവസ്ഥ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി ചാലിലെ തടസ്സംനീക്കാൻ നടപടിയെടുത്തു.

ഹെൽത്ത് സൂപ്പർവൈസർ സി.എ. വിൻസന്റ്, ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അജിത്ത്, ജെ.എച്ച്.ഐ.മാരായ രമ്യ, വിജിഷ ഗോപാലൻ എന്നിവരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64219/hotel-fined-rs-25000-strict-action-if-waste-water-is-discharged-into-drains)