---
title: " മന്ത്രി റിയാസ് എത്തി ; ഇനി  ലോകനാര്‍കാവും പയംകുറ്റിമലയും   മികച്ച ടൂറിസം കേന്ദ്രങ്ങള്‍"
english_title: "Lokanarka and Payamkuttimala Best Tourism Centers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/644/lokanarka-and-payamkuttimala-best-tourism-centers"
published_at: "2021-10-01T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156ad406efab_minister riyas .jpg"
keywords: []
---

#  മന്ത്രി റിയാസ് എത്തി ; ഇനി  ലോകനാര്‍കാവും പയംകുറ്റിമലയും   മികച്ച ടൂറിസം കേന്ദ്രങ്ങള്‍

> **Lead Summary:** **വടകര:** മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ നിറമുള്ള കാഴ്ചകളാവാന്‍ കടത്തനാടും .ലോകനാര്‍കാവ് പൈതൃകടൂറിസം പദ്ധതി അവലോകനത്തിനായി ഇന്ന് രാവിലെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തിയപ്പോള്‍ ഏറെ പ്രതീക്ഷയില്‍ ലോകനാര്‍കാവും പയംകുറ്റിമലയും. രണ്ടുസ്ഥലങ്ങളും മന്ത്രി സന്ദര്‍ശിച്ചു.

## Article Content

**വടകര:** മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ നിറമുള്ള കാഴ്ചകളാവാന്‍ കടത്തനാടും .ലോകനാര്‍കാവ് പൈതൃകടൂറിസം പദ്ധതി അവലോകനത്തിനായി ഇന്ന് രാവിലെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തിയപ്പോള്‍ ഏറെ പ്രതീക്ഷയില്‍ ലോകനാര്‍കാവും പയംകുറ്റിമലയും. രണ്ടുസ്ഥലങ്ങളും മന്ത്രി സന്ദര്‍ശിച്ചു.

കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം ആര്‍ മുരളി , വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബിജുള എന്നിവരും ഒപ്പമുണ്ടായിരുന്നു.

പയംകുറ്റിമലയില്‍ 2.15 കോടി രൂപ ചെലവിട്ട് ടൂറിസംവകുപ്പ് വിവിധപദ്ധതികള്‍ നടപ്പാക്കിയത് ഈ വര്‍ഷമാണ്. ഇത് സന്ദര്‍ശിക്കുന്നതിനുപുറമെ പുതുതായി എന്ത് പദ്ധതികള്‍ ഇവിടേക്ക് കൊണ്ടുവരാനാകും ചര്‍ച്ചകള്‍ നടന്നു.

പയംകുറ്റിമലയില്‍ റോഡ് വികസനവും കുട്ടികള്‍ക്കായി പ്രത്യേക പാര്‍ക്കും നിര്‍മ്മിക്കും. ലോകനാര്‍കാവില്‍ പൈതൃക പദ്ധതിയുടെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. വലിയ ചിറ നവീകരണത്തിന് നടപടികള്‍ സ്വീകരിക്കും. ലോകനാര്‍കാവ് തീര്‍ഥാടനടൂറിസം പദ്ധതിയുടെ ഭാഗമായി രണ്ട് പ്രധാനപ്പെട്ട പദ്ധതികളാണ് ടെന്‍ഡറായി നില്‍ക്കുന്നത്.

ഇത് രണ്ടിന്റെയും പ്രവൃത്തി വേഗത്തിലാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും അവലോകനത്തില്‍ വരും. 10 വര്‍ഷംമുമ്പെ വിഭാവനംചെയ്ത പദ്ധതിയാണ് ഒന്ന്. ഇത് പാതിവഴിയില്‍ നിലച്ചിട്ട് എട്ടുവര്‍ഷത്തോളമായി. ഇത് പുനരാരംഭിക്കാന്‍ 3.6 കോടിരൂപ അനുവദിച്ചിരുന്നു.

സില്‍ക്കിനാണ് നിര്‍വഹണച്ചുമതല നല്‍കിയത്. യു.എല്‍.സി.സി.എസിനെക്കൊണ്ട് പ്രവൃത്തി ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ പദ്ധതിക്ക് വേഗം കൂട്ടുകയെന്നതിന് ടൂറിസംവകുപ്പ് പ്രത്യേകപരിഗണന നല്‍കുന്നുണ്ട്. മറ്റൊരു പദ്ധതി കിഫ്ബി ധനസഹായത്തോടെയുള്ളതാണ്.

തലശ്ശേരി പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി 6.9 കോടി രൂപയാണ് ലോകനാര്‍കാവിലേക്ക് അനുവദിച്ചത്. ഇത് ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി തുടങ്ങാവുന്ന നിലയിലെത്തിയിട്ടുണ്ട്. രണ്ട് പ്രവൃത്തികളും ആരംഭിക്കുന്നതോടെ ലോകനാര്‍കാവിന്റെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ വികസനപ്രവൃത്തികള്‍ക്കാണ് സാക്ഷ്യംവഹിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/644/lokanarka-and-payamkuttimala-best-tourism-centers)