---
title: "നടപടികൾ നീളുന്നു: ബിഒടി കെട്ടിടത്തിലെ കടകളെല്ലാം കാലി "
english_title: "Proceedings continue: All the shops in the BOT building are empty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67300/proceedings-continue-all-the-shops-in-the-bot-building-are-empty"
published_at: "2022-09-10T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c478b0cd05_bot.jpg"
keywords: []
---

# നടപടികൾ നീളുന്നു: ബിഒടി കെട്ടിടത്തിലെ കടകളെല്ലാം കാലി 

> **Lead Summary:** **വടകര: **സാങ്കേതിക നിയമക്കുരുക്കുകൾ നീക്കി നഗരസഭയുടെ ബിൽഡിംഗ് വാടകയ്ക്ക് നൽകാൻ അനുമതി ആയെങ്കിലും നടപടികൾ നീളുന്നു. നാലു നിലയിൽ 22,830 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ ഇതുവരെ ഒരു മുറി പോലും വാടകയ്ക്ക് നൽകിയിട്ടില്ല. നാലുമാസം മുമ്പ് വാടകയ്ക്ക് നൽകുമെന്ന ബോർഡ് കെട്ടിടത്തിനു മുമ്പിൽ സ്ഥാപിച്ചെങ്കിലും മുറികൾ കാലിയായി കിടക്കുകയാണ്.

## Article Content

**വടകര: **സാങ്കേതിക നിയമക്കുരുക്കുകൾ നീക്കി നഗരസഭയുടെ ബിൽഡിംഗ് വാടകയ്ക്ക് നൽകാൻ അനുമതി ആയെങ്കിലും നടപടികൾ നീളുന്നു. നാലു നിലയിൽ 22,830 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ ഇതുവരെ ഒരു മുറി പോലും വാടകയ്ക്ക് നൽകിയിട്ടില്ല. നാലുമാസം മുമ്പ് വാടകയ്ക്ക് നൽകുമെന്ന ബോർഡ് കെട്ടിടത്തിനു മുമ്പിൽ സ്ഥാപിച്ചെങ്കിലും മുറികൾ കാലിയായി കിടക്കുകയാണ്.

2015 സെപ്റ്റംബറിൽ പേരിന് ഉദ്ഘാടനം നടത്തിയ കെട്ടിടത്തിൽ ഒരു മുറിയുടെ താക്കോൽദാനം നടത്തിയെങ്കിലും ആരും കച്ചവടം തുടങ്ങിയിരുന്നില്ല. പണിപൂർത്തിയായ കെട്ടിടത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ മുഴുവൻ തീർത്ത ശേഷം ഇപ്പോൾ വാടകയ്ക്ക് നൽകാൻ തീരുമാനിച്ചിട്ടും പ്രവർത്തനം വൈകുകയാണ്. ചെറിയ മുറികൾക്ക് വേണ്ടിയുള്ള ആവശ്യക്കാരാണ് കൂടുതൽ എത്തുന്നത്.

വലിയ ധനകാര്യ സ്ഥാപനങ്ങളും ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ ഷോറൂമുകളും ഇതിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്. കെട്ടിടം തുറക്കാൻ വൈകുന്നത് കമ്പനിക്ക് എന്നപോലെ നഗരസഭയ്ക്കും വൻ നഷ്ടമായിരിക്കും. ഇപ്പോൾ വർഷം 14 ലക്ഷം രൂപ മാത്രമാണ് നഗരസഭയ്ക്ക് ബിഒടി കമ്പനി നൽകുന്നത്.

നഗരത്തിലെ കണ്ണായ ഭൂമിയിൽ രണ്ടര ഏക്കർ തൽക്കാലം വിട്ടുകൊടുത്ത നഗരസഭയ്ക്ക് 10 വർഷം മുമ്പെങ്കിലും കെട്ടിടം വാടകയ്ക്ക് നൽകിയ വകയിൽ വരുമാനം ലഭിക്കേണ്ടതായിരുന്നു. മുറികൾ നൽകുമ്പോൾ ഡിപ്പോസിറ്റ് തുകയും വാടകയും നഗരസഭ നിശ്ചയിച്ച നിരക്കിൽ ആയിരിക്കും. ഇതിനുള്ള ധാരണ കമ്പനിയും നഗരസഭയും തമ്മിൽ ഉണ്ടാക്കിയിട്ടുണ്ട്. വരുന്ന ഡിസംബറോടെ മുറികൾ വാടകയ്ക്ക് നൽകി കെട്ടിടം പ്രവർത്തനക്ഷമമാക്കുമെന്ന് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എം ബിജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67300/proceedings-continue-all-the-shops-in-the-bot-building-are-empty)