---
title: "ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി"
english_title: "rural volly ball  association inauguration "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6879/rural-volly-ball-association-inauguration"
published_at: "2021-10-23T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61744a7bd559d_tom josphe.jpg"
keywords: []
---

# ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി

> **Lead Summary:** വടകര: വോളിബോളിന് ഉണര്‍വേകാന്‍ കര്‍മ പദ്ധതികളുമായി ഗ്രാമീണ വോളീബോള്‍ അസോസിയേഷന്‍ കേരള പ്രവര്‍ത്തനമാരംഭിച്ചു. കുറ്റ്യാടി ഗ്രീന്‍വാലി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

വടകര: വോളിബോളിന് ഉണര്‍വേകാന്‍ കര്‍മ പദ്ധതികളുമായി ഗ്രാമീണ വോളീബോള്‍ അസോസിയേഷന്‍ കേരള പ്രവര്‍ത്തനമാരംഭിച്ചു. കുറ്റ്യാടി ഗ്രീന്‍വാലി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്രാമങ്ങളാണ് കേരളത്തില്‍ വോളിബോളിനെ എന്നും നെഞ്ചോട് ചേര്‍ത്തതെന്നും കളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനായി അസോസിയേഷന്‍ പരിശ്രമിക്കുമെന്നും ടോം ജോസഫ് പറഞ്ഞു. ഗ്രാമീണ വോളിബോള്‍ അസോസിയേഷന് അഖിലേന്ത്യാ ഫെഡറേഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് കര്‍ണാടക വോളിബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. നന്ദകുമാര്‍ പറഞ്ഞു.

കെ.പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ ചടങ്ങില്‍ ലോഗോ പ്രകാശനം ചെയ്തു. വോളിബോളിന്റെ മടിത്തട്ടായ കുറ്റ്യാടിയില്‍നിന്ന് കളിയെ പ്രോത്സാഹിപ്പിക്കാന്‍ ഒരു അസോസിയേഷന്‍ പിറന്നത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അച്ചു മാഷ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ വോളിബോള്‍ ഇരുട്ടിലാണെന്നും പുതു വെളിച്ചം കൊണ്ടുവരികയാണ് ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ കേരള എന്ന സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ജോണ്‍സന്‍ പുളിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച് ഷെരീഫ്, ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ്, പി. രാജീവന്‍, പ്രദീപ്കുമാര്‍ വട്ടോളി, മുന്‍ ഇന്ത്യന്‍ കോച്ച് സേതു മാധവന്‍, മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ റോയ് ജോസഫ്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, റെനില്‍ വില്‍സണ്‍, സതീശന്‍ കുറ്റ്യാടി, വിദ്യാ സാഗര്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ 14 ജില്ലകളില്‍ നിന്നുള്ള ഭാരവാഹികളും പ്രമുഖ കോച്ചുമാര്‍ കളിക്കാര്‍, റഫറിമാര്‍,വോളിബോള്‍ പ്രേമികള്‍ തുടങ്ങിയവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6879/rural-volly-ball-association-inauguration)