---
title: "ചരിത്രം മറക്കരുത് ; കൗസിലർമാർ എംഎൽഎയുടെ സമ്മർദ്ദത്തിന് വഴങ്ങരുത്- കെ പി ബിന്ദു "
english_title: "Don't forget history; Councilors should not give in to MLA's pressure- KP Bindu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70772/dont-forget-history-councilors-should-not-give-in-to-mlas-pressure-kp-bindu"
published_at: "2022-09-26T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63312c8cd2fbb_kp_bindu.jpg"
keywords: []
---

# ചരിത്രം മറക്കരുത് ; കൗസിലർമാർ എംഎൽഎയുടെ സമ്മർദ്ദത്തിന് വഴങ്ങരുത്- കെ പി ബിന്ദു 

> **Lead Summary:** **വടകര :** വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റകെട്ടായി നിൽക്കുന്ന വടകരയുടെ ചരിത്രം ആരും മറക്കരുതെന്നും കൗസിലർമാർ എംഎൽഎയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു.

## Article Content

**വടകര :** വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റകെട്ടായി നിൽക്കുന്ന വടകരയുടെ ചരിത്രം ആരും മറക്കരുതെന്നും കൗസിലർമാർ എംഎൽഎയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു.

വടകര നിയോജക മണ്ഡലത്തിലെ ലഹരി വിരുദ്ധ പരിപാടികൾക്ക് മുനിസിപ്പൽ ടൗൺഹാൾ അനുവദിച്ചില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു.

സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശപ്രകാരം വടകര നഗരസഭയുടെ തനത് ലഹരി വിരുദ്ധ പ്രചാരണ പരിപാടി 'പരിച' യുടെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ അഞ്ച് വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയാണ്.

നിയോജക മണ്ഡലം തല പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് തന്നെ നഗരസഭ പരിപാടികൾ തീരുമാനിക്കുകയും ടൗൺ ഹാളിൽ വെച്ച് നടത്താനും തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലും നഗരസഭ സംഘടിപ്പിക്കുന്ന പരിപാടികൾ വിശദമാക്കുകയും ചെയ്തതാണ്.

ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ എംഎൽഎയുടെ മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന പരിപാടിക്ക് ടൗൺ ഹാൾ വിട്ടുനൽകിയില്ലെങ്കിൽ നഗരസഭയുടെ പരിപാടിയുമായി സഹകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

കൗൺസിൽ ഒറ്റക്കെട്ടായി തീരുമാനിച്ച പരിപാടിയിൽ ഒരു വിഭാഗം കൗൺസിലർമാർ വിട്ടു നിൽക്കുമെന്ന് പറയുന്നത് ന്യായീകരിക്കാനാവില്ല. മണ്ഡലം തല പരിപാടി ടൗൺ ഹാളിൽ വെച്ച് നടത്തണമെന്ന് എംഎൽഎ നിർബന്ധം പിടിക്കുന്നതും ശരിയല്ല.

എംഎൽഎയുടെ സമ്മർദ്ദത്തിന് വിധേയമായി ഒരു വിഭാഗം കൗൺസിലർമാർക്ക് നഗരസഭയുടെ പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്ത സാഹചര്യവുമുണ്ട്. എംഎൽഎയുടെ സമ്മർദ്ദത്തിന് വഴങ്ങി മുമ്പും നഗരസഭയുടെ പരിപാടികളിൽ നിന്ന് ഒരു വിഭാഗം കൗൺസിലർമാർ വിട്ടു നിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

നാടിൻ്റെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ചരിത്രമാണ് വടകരക്കുള്ളത്. എംഎൽഎ യുടെ പിടിവാശിയിൽ വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70772/dont-forget-history-councilors-should-not-give-in-to-mlas-pressure-kp-bindu)