---
title: "അർഹതയ്ക്കുള്ള അംഗീകാരം;  കെ.കെ രാഘവന്‍ പുരസ്‌കാരം കെ.കൃഷ്ണന്‍ കുട്ടിക്ക്"
english_title: "KK Raghavan Award to K. Krishnan Child"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71803/kk-raghavan-award-to-k-krishnan-child"
published_at: "2022-09-30T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336f0dd1b233_k_krishnan_kutty.jpg"
keywords: []
---

# അർഹതയ്ക്കുള്ള അംഗീകാരം;  കെ.കെ രാഘവന്‍ പുരസ്‌കാരം കെ.കൃഷ്ണന്‍ കുട്ടിക്ക്

> **Lead Summary:** **വടകര :** കാര്‍ഷിക മേഖലയിലും സഹകരണ രംഗത്തും നിസ്തുലമായ സേവനം നടത്തിയ കെ.കൃഷ്ണന്‍ കുട്ടിക്ക് ഇത്തവണത്തെ കെ.കെ രാഘവന്‍ പുരസ്‌കാരം നല്‍കാന്‍ സ്മാരക സമിതി പുരസ്‌കാര നിര്‍ണ്ണയ ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചു.

## Article Content

**വടകര :** കാര്‍ഷിക മേഖലയിലും സഹകരണ രംഗത്തും നിസ്തുലമായ സേവനം നടത്തിയ കെ.കൃഷ്ണന്‍ കുട്ടിക്ക് ഇത്തവണത്തെ കെ.കെ രാഘവന്‍ പുരസ്‌കാരം നല്‍കാന്‍ സ്മാരക സമിതി പുരസ്‌കാര നിര്‍ണ്ണയ ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചു.

പി.ബാലന്‍ മാസ്റ്റര്‍, ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്, മനയത്ത് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇന്ത്യക്ക് മാതൃകയായ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ നയം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത കമ്മിറ്റിയുടെ ചെയര്‍മാന്‍ കെ. കൃഷ്ണന്‍ കുട്ടിയായിരുന്നു. കേരളം അംഗീകരിച്ച ഈ നയം ഇന്ത്യയിലെ 8 സംസ്ഥാനങ്ങള്‍ മാതൃകയാക്കുകയുണ്ടായി.

കാര്‍ഷിക സ്വയം പര്യാപ്തത കൈവരിക്കാന്‍ കാര്‍ഷിക മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങളും നൂതന സമ്പ്രദായങ്ങളും സ്വന്തം കൃഷി ഭൂമിയില്‍ അദ്ദേഹം നടപ്പാക്കി. സഹകരണ മേഖലയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ സ്ഥാപിച്ചതും കോര്‍ ബേങ്കിംഗ് നടപ്പാക്കിയതും അദ്ദേഹം പ്രസിഡണ്ടായിരുന്ന പെരുമാട്ടി സര്‍വ്വീസ് സഹകരണ ബേങ്കിലായിരുന്നു. സഹകരണ മേഖലയിലും കാര്‍ഷിക മേഖലയിലും നടത്തിയ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് വടകര ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന കെ.കെ രാഘവന്‍ അനുസ്മരണ സമ്മേളനത്തില്‍വെച്ച് എം.വി ശ്രേയാംസ് കുമാര്‍ എക്‌സ് എം.പി പുരസ്‌കാര വിതരണം നടത്തുന്നതാണ്. 20,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

യു.കെ കുമാര്‍, കെ.വി സജയ് എന്നിവര്‍ സ്മാരക പ്രഭാഷണം നടത്തും. മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്മാരക സമിതി യോഗമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയത്. സി. കുമാരന്‍, എം.കെ ഭാസ്‌കരന്‍, കെ.കെ കൃഷ്ണന്‍, ഏ.ടി ശ്രീധരന്‍, ഇ.പി ദാമോദരന്‍, വി.പി നാണു, പി.പി രാജന്‍, പ്രസാദ് വിലങ്ങില്‍, പി. പ്രദീപ് കുമാര്‍, അഡ്വ. ബൈജു രാഘവന്‍, പറമ്പത്ത് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71803/kk-raghavan-award-to-k-krishnan-child)