---
title: "പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തും- മന്ത്രി പി.എ മുഹമ്മദ് റിയാസ് "
english_title: "Payamkuttimala will be included in the world tourism map - Minister PA Mohammad Riyaz"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/732/payamkuttimala-will-be-included-in-the-world-tourism-map-minister-pa-mohammad-riyaz"
published_at: "2021-10-01T21:42:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157349a415fe_riyas.jpg"
keywords: []
---

# പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തും- മന്ത്രി പി.എ മുഹമ്മദ് റിയാസ് 

> **Lead Summary:** **വടകര **:പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പയംകുറ്റിമല സന്ദർശിച്ചതിന് ശേഷം നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പടുത്തി കഴിഞ്ഞാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികൾക്കും തീര്‍ത്ഥാടകർക്കും അറിയപ്പെടുന്ന പ്രദേശമായി പയംകുറ്റിമല മാറും.

## Article Content

**വടകര **:പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പയംകുറ്റിമല സന്ദർശിച്ചതിന് ശേഷം നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പടുത്തി കഴിഞ്ഞാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികൾക്കും തീര്‍ത്ഥാടകർക്കും അറിയപ്പെടുന്ന പ്രദേശമായി പയംകുറ്റിമല മാറും.

പയംകുറ്റിമല കാരവൻ പാർക്കിന് അനുയോജ്യമായ പ്രദേശമാണ്. കാരവൻ ഇത്രയും നാൾ ഉന്നത സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രം പ്രാപ്യമായതായിരുന്നു. ഈ അവസ്ഥയാണ് മാറാൻ പോകുന്നത്. കാരവൻ പാർക്ക് പ്രാവർത്തികമാവുന്നതോടെ പ്രാദേശിക മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിക്കും.

പല ടൂറിസം പ്രദേശങ്ങളിലും സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യമില്ല. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കാരവൻ ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നത്. സഞ്ചാരികൾക്ക് പ്രാദേശിക തനത് ഭക്ഷണം രുചിച്ചറിയാനുള്ള അവസരവും ഉണ്ടാകും. ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രമാണ് ലക്ഷ്യമാക്കുന്നത്.

പയംകുറ്റിമലയിലേക്കുള്ള റോഡ് വികസനത്തിന് ശ്രമം നടത്തും. പയംകുറ്റിമലയുടെയും ലോകനാർകാവിലേയും ടൂറിസം സാധ്യത ഫലപ്രദമായി വിപുലീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഈ പ്രദേശങ്ങളുടെ വികസന സാധ്യതകളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടറോടും ഡി.ടി.പി.സി സെക്രട്ടറിയോടും മന്ത്രി നിർദേശിച്ചു.

പ്രാദേശിക കലാകാരൻമാർക്ക് കലകൾ അവതരിപ്പിക്കാനുള്ള അവസരം ടൂറിസം കേന്ദ്രങ്ങളിൽ ഒരുക്കും. ലോകനാർകാവ് ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് പയംകുറ്റിമല. ഈ മലയുടെ മുകളിൽ മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് വ്യൂ ടവർ നിർമ്മാണം, കോമ്പൗണ്ട് വാൾ, കഫ്റ്റീരിയ, ലാൻഡ്സ്‌കേപ്പിംഗ്, പാത്ത് വേ നിർമ്മാണം എന്നിവ പൂർത്തിയായി കഴിഞ്ഞു.

യോഗത്തിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷനായി.മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ .കെ, വിനോദ സഞ്ചാര വകുപ്പ് ജോ.ഡയറക്ടർ സി.എൻ അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/732/payamkuttimala-will-be-included-in-the-world-tourism-map-minister-pa-mohammad-riyaz)