---
title: "ലഹരിക്കെതിരെ താക്കീതായി സസ്‌നേഹം വടകര റോഡ്‌ഷോ "
english_title: "Sasneham Vadakara roadshow as a warning against drug addiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73275/sasneham-vadakara-roadshow-as-a-warning-against-drug-addiction"
published_at: "2022-10-08T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63415d3f4a1b9_roadshow.jpg"
keywords: []
---

# ലഹരിക്കെതിരെ താക്കീതായി സസ്‌നേഹം വടകര റോഡ്‌ഷോ 

> **Lead Summary:** ** വടകര: **സമൂഹത്തിൽ ലഹരി ഉയർത്തുന്ന പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്താനും യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടവുമായി കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ വടകര മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ സസ്‌നേഹം വടകരയുടെ ലഹരി വിരുദ്ധ റോഡ്‌ഷോ ആവേശമായി.

## Article Content

** വടകര: **സമൂഹത്തിൽ ലഹരി ഉയർത്തുന്ന പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്താനും യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടവുമായി കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ വടകര മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ സസ്‌നേഹം വടകരയുടെ ലഹരി വിരുദ്ധ റോഡ്‌ഷോ ആവേശമായി.

എസ്.പി.സി, എൻ.സി.സി, സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ.എസ്.എസ്, സാമൂഹ്യ സന്നദ്ധ സംഘടനകൾ, കളരിസംഘങ്ങൾ, പൊലിസ്, റവന്യു, ആർ.ടി.ഒ, എക്‌സൈസ് തുടങ്ങിവിവിധ സർക്കാർ വകുപ്പുകൾ, പാർക്കോ ആശുപത്രി മെഡിക്കൽ ടീം, ഫാർമസിസ്റ്റുകൾ, അഭിഭാഷകർ, നിശ്ചല ദൃശ്യങ്ങൾ, ബാൻഡ്‌മേളം എന്നിവ റോഡ്‌ഷോയ്ക്ക് മാറ്റേകി.

കെ.മുരളീധരൻ എം.പി, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ റാലിയിൽ അണിനിരന്നു. വടകര അഞ്ചുവിളക്ക് ഗാന്ധിപ്രതിമയ്ക്കു സമീപത്തുനിന്ന് തുടങ്ങിയ റോഡ്‌ഷോ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

കുറുമ്പയിൽ ക്ഷേത്രത്തിലെ 80 കുട്ടികളടങ്ങിയ ചെണ്ടമേളം പുതിയ ബസ് സ്റ്റൻഡിൽ റാലിയെ സ്വീകരിച്ചു. സസ്‌നേഹം വടകരയുടെ പ്രഖ്യാപനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരിക്കെതിയുള്ള വടകര മണ്ഡലത്തിലെ യുദ്ധപ്രഖ്യാപനമാകണം ഇതെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കൾ കുട്ടികളോട് കൃത്യമായ ആശയവിനിമയം നടത്താത്തതാണ് പല പ്രശ്‌നങ്ങൾക്കും കാരണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായി ലഹരിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.കെ രമ എം.എൽ.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ ആയിരം ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് പറത്തി.

സസ്‌നേഹം വടകരയുടെ ജനുവരി 30 വരെ നീളുന്ന ആദ്യഘട്ടത്തിൽ വിവിധങ്ങളായ പരിപാടികളാണ് മണ്ഡലത്തിലെ വിവിധ സ്ഥാലങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലുമുള്ള ലഹരിവിരുദ്ധ കലാജാഥ അടുത്തവാരം നടക്കും.

ഡി.ഇ.ഒ ഹെലൻ, തഹസിൽദാർ കെ. പ്രിസിൽ, നഗരസഭ അധ്യക്ഷ കെ.പി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഗിരിജ, പഞ്ചായത്ത് പ്രസിഡൻ്റ മാരായ പി.ശ്രീജിത്ത്, ആയിഷ ഉമ്മർ, പി പി ചന്ദ്രശേഖരൻ, ഷക്കീല ഈങ്ങോളി, യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, എം.സി വടകര, എൻ.പി അബ്ദുല്ല ഹാജി, നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ അസീസ്, പുറന്തോടത്ത് സുകുമാരൻ പ്രൊഫ.കെ.കെ മഹമൂദ്, കുളങ്ങര ചന്ദൻ, ഡോ. ശശികുമാർ പുറമേരി, ടി.കെ സിബി, എ.പി ഷാജിത്ത്, പി.എം വിനു തുടങ്ങിയവർ നേതൃത്വംനൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73275/sasneham-vadakara-roadshow-as-a-warning-against-drug-addiction)