---
title: " ഇനി എട്ടുമണിവരെ; വടകര ജില്ലാ ആശുപത്രി ഫാർമസി സമയം രാത്രി എട്ടുവരെയാക്കാൻ ധാരണ"
english_title: "Agreement to extend Vadakara District Hospital pharmacy hours till 8 pm"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73753/agreement-to-extend-vadakara-district-hospital-pharmacy-hours-till-8-pm"
published_at: "2022-10-10T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63444f870a3df_kk_rama.jpg"
keywords: []
---

#  ഇനി എട്ടുമണിവരെ; വടകര ജില്ലാ ആശുപത്രി ഫാർമസി സമയം രാത്രി എട്ടുവരെയാക്കാൻ ധാരണ

> **Lead Summary:** **വടകര: **ജില്ലാ ആശുപത്രിയായി ഉയർത്തിയിട്ടും രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പൊതുജനങ്ങളുടെ പരാതിയിലും താലൂക്ക് വികസനസമിതി യോഗത്തിൽ ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങൾ ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിലും കെ.കെ രമ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി.

## Article Content

**വടകര: **ജില്ലാ ആശുപത്രിയായി ഉയർത്തിയിട്ടും രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പൊതുജനങ്ങളുടെ പരാതിയിലും താലൂക്ക് വികസനസമിതി യോഗത്തിൽ ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങൾ ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിലും കെ.കെ രമ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി.

നിലവിൽ ആറുമണിവരെമാത്രം പ്രവർത്തിക്കുന്ന ഫാർമസി രാത്രി എട്ടുവരെയാക്കണമെന്ന നിർദ്ദേശത്തിൽ ഉടൻ തീരുമാനമെടുക്കും. ഗൈനക്കോളജി ഡോക്ടർ ഉണ്ടെങ്കിലും ജില്ലാ ആശുപത്രിയിൽ ആദ്യപ്രസവം എടുക്കന്നില്ലെന്ന കാര്യം യോഗത്തിൽ ചർച്ചയായി.

രണ്ട് അനസ്‌തേഷ്യ ഡോക്ടർമാരുണ്ടെങ്കിലും അടിയന്തിര ഘട്ടത്തിൽ ഇവരുടെ സേവനം ലഭിക്കില്ലെന്ന കാരണം പറഞ്ഞാണ് പ്രസവം എടുക്കാത്തത്. മറ്റ് ആശുപത്രികളിൽ ചെയ്യുന്നതുപോലെ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലാ ആശുപത്രിയായിട്ടും സ്റ്റാഫ് പാറ്റേണിൽ മാറ്റം വരാത്ത കാര്യം സർക്കാർ തലത്തിൽ ഉന്നയിച്ച് പരിഹാരം കാണും. പുതിയ കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാകും.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽപോലും തെരുവുനായകൾ കയറുന്നകാര്യത്തിൽ അടിയന്തിര പരഹാരം കാണണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. രക്തം ഇല്ലെന്ന കാര്യം പറഞ്ഞ് പൂർണഗർഭിണിയെ രാത്രിയിൽ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചതടക്കമുള്ള വിഷയങ്ങൾ ചർച്ചയായി.

രക്തബാങ്കിൽ കൊണ്ടുവന്ന പുതിയ യന്ത്രം എത്രയും വേഗം പ്രവർത്തനക്ഷമമാക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റോ പ്രതിനിധികളോ പങ്കെടുത്തില്ലെന്നതും രാവിലെ ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിൻ്റെ ഭാഗമായി ഇന്ന് നടന്ന ചടങ്ങ് എം.എൽ.എയെ അറിയിച്ചില്ലെന്ന കാര്യവും ചർച്ചയായി.

യോഗത്തിൽ ഡി.എം.ഒ ഉമ്മർ ഫാറൂഖ്, ആശുപത്രി സൂപ്രണ്ട് ഡോ.സരള നായർ, ആർ.എം.ഒ, ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73753/agreement-to-extend-vadakara-district-hospital-pharmacy-hours-till-8-pm)