---
title: "യുഎൽ ഫൗണ്ടേഷൻ സാരഥി ഡോ. എം. കെ. ജയരാജ് ദേശീയവിദഗ്ദ്ധ സമിതിയിൽ"
english_title: "UL Foundation Chairman Dr. M. K. Jayaraj on the National Expert Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74683/ul-foundation-chairman-dr-m-k-jayaraj-on-the-national-expert-committee"
published_at: "2022-10-15T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ac27819e77_dr_mk_jayaraj.jpg"
keywords: []
---

# യുഎൽ ഫൗണ്ടേഷൻ സാരഥി ഡോ. എം. കെ. ജയരാജ് ദേശീയവിദഗ്ദ്ധ സമിതിയിൽ

> **Lead Summary:** ** വടകര:** ബുദ്ധിപരവും വികസനപരവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് സുസ്ഥിരതൊഴിൽ ലഭ്യമാക്കാൻ ഈ രംഗത്തെ വിവിധ ഇടപെടലുകൾ പഠിച്ചു നയം ആവിഷ്ക്കരിക്കാൻ കേന്ദ്രസർക്കാർ ദേശീയതലത്തിൽ നിയോഗിച്ച അഞ്ചു വിദഗ്ദ്ധരിൽ കേരളത്തിൽനിന്ന് ഡോ. എം. കെ. ജയരാജും.

## Article Content

** വടകര:** ബുദ്ധിപരവും വികസനപരവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് സുസ്ഥിരതൊഴിൽ ലഭ്യമാക്കാൻ ഈ രംഗത്തെ വിവിധ ഇടപെടലുകൾ പഠിച്ചു നയം ആവിഷ്ക്കരിക്കാൻ കേന്ദ്രസർക്കാർ ദേശീയതലത്തിൽ നിയോഗിച്ച അഞ്ചു വിദഗ്ദ്ധരിൽ കേരളത്തിൽനിന്ന് ഡോ. എം. കെ. ജയരാജും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് (NIRDPR) നാഷണൽ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഇന്റലക്‌ച്വൽ ഡിസബിലിറ്റീസുമായി (NIEPID) ചേർന്നു നടത്താനുദ്ദേശിക്കുന്ന പദ്ധതിക്കുവേണ്ടി ആണിത്.

ഈ പാനലിൽ തെക്കേയിൻഡ്യയിൽനിന്നുള്ള ഏകവിദഗ്ദ്ധനാണ് ഇദ്ദേഹം. ഈ വിഭാഗക്കാർക്ക് സുസ്ഥിരതൊഴിൽ ഉറപ്പാക്കാനുള്ള പദ്ധതിക്ക് അനുയോഗ്യമായ പരിശീലനസമ്പ്രദായം വികസിപ്പിക്കുകയാണു ലക്ഷ്യം. ഇതിൻ്റെ ഫലപ്രദമായ നിർവ്വഹണത്തിനുള്ള മാർഗ്ഗരേഖയും സഹകരണാത്മക കർമ്മപദ്ധതിയും തയ്യാറാക്കാനുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായാണ് വിദഗ്ദ്ധപാനൽ തയ്യാറാക്കിയത്.

ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു സാധാരണജീവിതം നയിക്കാൻ സഹായിക്കുമാറ് തൊഴിൽ ലഭ്യമാക്കുന്ന മികച്ച മാതൃക ആവിഷ്ക്കരിച്ച ആഗോളവിദഗ്ദ്ധനാണ് ഡോ. ജയരാജ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യുഎൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഇത്തരത്തിൽ നൂറിലേറെപ്പേർക്ക് വിവിധ സംരംഭകരുടെ സഹായത്തോടെ തൊഴിൽ നല്കിക്കഴിഞ്ഞു.

ഇവരുടെ പ്രവർത്തനം തൃപ്തികരമാണെന്നു നിരന്തരവിലയിരുത്തലിലൂടെ ഉറപ്പാക്കുന്നുമുണ്ട്. മുൻമാതൃകകൾ ഇല്ലാതിരിക്കെ ഇതിന് അവലംബിച്ച പരിശീലനസമ്പ്രദായം ലോകശ്രദ്ധ നേടിയിരുന്നു. യുഎൽ ഫൗണ്ടേഷൻ്റെ ഡിറക്റ്ററാണ് ഡോ. ജയരാജ്.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ പ്രശ്നങ്ങൾ പഠിക്കാൻ 2013-ൽ സംസ്ഥാനസർക്കാർ ഏകാംഗക്കമ്മിഷൻ ആയി നിയമിച്ചത് ഇദ്ദേഹത്തെയാണ്. ഈ രംഗത്ത് മൂന്നു പതിറ്റാണ്ടിൽ ഏറെയായി പ്രവർത്തിക്കുന്ന ജയരാജ് തനതായ പല മാതൃകകളും ആവിഷ്ക്കരിച്ചിട്ടുണ്ട്.

വിവിധതരം ബൗദ്ധികവെല്ലുവിളികൾ നേരിടുന്നവർക്കു യോജിച്ച അധ്യാപനസോഫ്റ്റ്വെയർ വികസിപ്പിക്കാൻ നേതൃത്വം നല്കി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റലി ചാലഞ്ജ്ഡിൻ്റെ ഡിറക്റ്ററായും കേന്ദ്ര മനുഷ്യവിഭവമന്ത്രാലയത്തിൻ്റെ ജനശിക്ഷാസംസ്ഥാൻ കോർഡിനേറ്ററായും പ്രവർത്തിച്ചു. നിലവിൽ കേന്ദ്ര സാമൂഹികനീതിവകുപ്പിൻ്റെ പുനരധിവാസകൗൺസിലിൻ്റെയും മേഖലാ ഏകോപനസമിതിയുടെയും കമ്മിറ്റികളിൽ അംഗമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74683/ul-foundation-chairman-dr-m-k-jayaraj-on-the-national-expert-committee)