---
title: "ജാനകിക്കാട് കൂട്ടബലാല്‍സംഗം;  ബന്ധുവീട്ടില്‍ വെച്ചു പീഡനം"
english_title: "Janakikkad gang-rape; Torture placed in a relative's home"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7481/janakikkad-gang-rape-torture-placed-in-a-relatives-home"
published_at: "2021-10-27T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61791a2689685_gang rape .jpg"
keywords: []
---

# ജാനകിക്കാട് കൂട്ടബലാല്‍സംഗം;  ബന്ധുവീട്ടില്‍ വെച്ചു പീഡനം

> **Lead Summary:** വടകര : തൊട്ടില്‍പ്പാലം ജാനകിക്കാട് വച്ച് കൂട്ടബലാല്‍സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി കൂടുതല്‍ ഇടങ്ങളില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം. വീടിനടുത്തുള്ള ബന്ധുവീട്ടില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന മൊഴിയെ തുടര്‍ന്ന് പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

## Article Content

വടകര : തൊട്ടില്‍പ്പാലം ജാനകിക്കാട് വച്ച് കൂട്ടബലാല്‍സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി കൂടുതല്‍ ഇടങ്ങളില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം. വീടിനടുത്തുള്ള ബന്ധുവീട്ടില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന മൊഴിയെ തുടര്‍ന്ന് പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കൂടുതല്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. വീടിനടുത്തുള്ള ബന്ധുവീട്ടില്‍ വച്ച് രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന മൊഴിയെ തുടര്‍ന്നാണ് പെരുവണ്ണാമൂഴി പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം മൂന്നായി.

പുതിയ കേസിലെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. ഈ മാസം മൂന്നിന് ജാനകിക്കാട് വച്ചാണ് ദളിത് പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഘട്ടത്തിലാണ് താന്‍ കൂടുതല്‍ തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഈ മാസം 16ന് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനപ്രദേശത്തു വച്ച് പീഢിപ്പിക്കപ്പെട്ടു എന്നായിരുന്നു രണ്ടാമത്തെ കേസ്.

ആദ്യ കേസിലെ ഒരു പ്രതിയായ രാഹുല്‍ എന്നയാളും തൊട്ടില്‍പ്പാലം സ്വദേശിയായ മെര്‍വിന്‍ എന്നയാളുമായിരുന്നു രണ്ടാമത്തെ കേസിലെ പ്രതികള്‍. രണ്ട് കേസിലുമായി പ്രതികളായ നാല് പേരും റിമാന്റിലാണ്. പോക്‌സോ, ദളിതര്‍ക്കെതിരായ അതിക്രമം തടയല്‍, പീഡനം എന്നീ വകുപ്പുകളാണ് മൂന്നാമത്തേ കേസിലും ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് പെണ്‍കുട്ടിയെന്നും, കൂടുതല്‍ മൊഴി എടുക്കേണ്ടതുണ്ടെന്നും റൂറല്‍ ജില്ല പൊലീസ് മേധാവി അറിയിച്ചു.

അതേസമയം മറ്റ് രണ്ട് കേസുകളില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7481/janakikkad-gang-rape-torture-placed-in-a-relatives-home)