---
title: "ഹൈവേ വികസനം ചോറോട് ടൗൺ പൂർണമായി ഇല്ലാതാകുമോ? "
english_title: "Will the highway development wipe out Chorode Town completely?"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74891/will-the-highway-development-wipe-out-chorode-town-completely"
published_at: "2022-10-17T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d0189d8ce8_CHOROD_TOWN.jpg"
keywords: []
---

# ഹൈവേ വികസനം ചോറോട് ടൗൺ പൂർണമായി ഇല്ലാതാകുമോ? 

> **Lead Summary:** **ചോറോട്:** പതിറ്റാണ്ടുകളുടെ വ്യാപാര അനുഭവം അവകാശപ്പെടാവുന്ന ഒരു ടൗൺ ആയിരുന്നു ചോറോട്. കേരളപ്പിറവി മുതൽ തന്നെ ചോറോട് ഗേറ്റ് പ്രസിദ്ധമായിരുന്നു. നിരവധി കച്ചവട കേന്ദ്രങ്ങളും വ്യവസായങ്ങളും നടന്ന ഒരു പ്രദേശം കൂടിയായിരുന്നു ചോറോട് പുഞ്ചിരിമിൽ ഉൾപ്പെടെയുള്ളവ.

## Article Content

**ചോറോട്:** പതിറ്റാണ്ടുകളുടെ വ്യാപാര അനുഭവം അവകാശപ്പെടാവുന്ന ഒരു ടൗൺ ആയിരുന്നു ചോറോട്. കേരളപ്പിറവി മുതൽ തന്നെ ചോറോട് ഗേറ്റ് പ്രസിദ്ധമായിരുന്നു. നിരവധി കച്ചവട കേന്ദ്രങ്ങളും വ്യവസായങ്ങളും നടന്ന ഒരു പ്രദേശം കൂടിയായിരുന്നു ചോറോട് പുഞ്ചിരിമിൽ ഉൾപ്പെടെയുള്ളവ.

പ്രസിദ്ധമായ ചോറോട് ഗേറ്റിന് അനുപാതികമായി ചോറോട് മേൽപ്പാലം വരികയും ഹൈവേ ഉയർന്നു വരികയും ചെയ്തതോടെയാണ് ടൗണിന്റെ ഗതകാല സ്മരണകൾക്ക് കോട്ടം സംഭവിച്ചത്. ഇപ്പോൾ എൻഎച്ച് 66 ആറുവരി പാതയുടെ വികസനം ത്വരിതഗതിയിൽ നടന്നു വരികയാണ്.

നിലവിലുള്ള രണ്ടു വരിപാതയ്ക്ക് സമാന്തരമായി ആറുവരിപ്പാത മുഴുവനായി വരും, അതു ഇപ്പോൾ അവശേഷിക്കുന്ന ചോറോട് ടൗണിന്റെ വലിയൊരു ഭാഗവും കവർന്നെടുക്കും. ഇപ്പോൾ പഴയ നാഷണൽ ഹൈവേയുടെ ഓരത്ത് മണ്ണിട്ട് ഉയർത്തുന്ന ജോലി നടന്നു വരികയാണ്, റോഡ് ഉയർന്നു വരികയും ഗതാഗതം ആരംഭിക്കുകയും ചെയ്തു കഴിഞ്ഞാൽ ചോറോട് ടൗൺ താഴ്‌വര പോലെയാകും, ഇത് പഴയ ടൗണിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളം കയറുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇക്കാര്യത്തിൽ ടൗണിൽ വ്യാപാരം നടത്തുന്ന പല കച്ചവടക്കാരും ആശങ്ക അറിയിച്ചിട്ടുണ്ട്. ഇത് നാഷണൽ ഹൈവേയുടെ ഓരത്ത് കച്ചവടം ചെയ്തിരുന്ന നിരവധി പേരുടെ വ്യാപാരം ഇല്ലാതാക്കും. നഷ്ടപരിഹാരത്തുക ഒരു പോംവഴിയാണെന്ന് പറയാമെങ്കിലും ജീവിതോപാതി നഷ്ടപ്പെട്ടാൽ അത് തിരിച്ചു പിടിക്കുവാൻ അല്പം പ്രയാസമാണ്, എന്നാണ് ഇവിടുത്തെ വ്യാപാരികൾ വ്യക്തമാക്കിയത്.

ചെറുകിട വ്യാപാര മേഖല മുഴുവനായിട്ടും തകർച്ചയിലേക്ക് പോകുന്ന രംഗമാണ് ഇപ്പോൾ കാണുന്നതെന്ന് ടൗണിലെ പച്ചക്കറി വ്യാപാരി രാജൻ അഭിപ്രായപ്പെട്ടു. കച്ചവടക്കാർക്കിത് അതിജീവനത്തിന്റെ കാലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതായാലും പുതിയ ഹൈവേ വികസനത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചോറോട് ടൗണിലെ നാട്ടുകാരും വ്യാപാരികളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74891/will-the-highway-development-wipe-out-chorode-town-completely)