---
title: "പാക്കനാർപുരത്തേക്ക്; യുവജന-വിദ്യാർഥിയാത്ര ഇന്ന് രാവിലെ വടകരയിൽ നിന്ന് പ്രയാണം തുടങ്ങും "
english_title: "To Pakkanarpuram; The youth-student journey will start from Vadakara this morning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/749/to-pakkanarpuram-the-youth-student-journey-will-start-from-vadakara-this-morning"
published_at: "2021-10-02T08:30:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157cb5966bd2_ksu.jpg"
keywords: []
---

# പാക്കനാർപുരത്തേക്ക്; യുവജന-വിദ്യാർഥിയാത്ര ഇന്ന് രാവിലെ വടകരയിൽ നിന്ന് പ്രയാണം തുടങ്ങും 

> **Lead Summary:** **വടകര: ** കെ.പി.സി.സി. പാക്കനാർപുരത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള യുവജന-വിദ്യാർഥിയാത്ര പ്രയാണം ഇന്ന് രാവിലെ വടകരയിൽ നിന്നാരംഭിക്കും . ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വടകരയിൽനിന്ന് തുടങ്ങി വൈകീട്ട് പാക്കനാർപുരത്ത് എത്തും.

## Article Content

**വടകര: ** കെ.പി.സി.സി. പാക്കനാർപുരത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള യുവജന-വിദ്യാർഥിയാത്ര പ്രയാണം ഇന്ന് രാവിലെ വടകരയിൽ നിന്നാരംഭിക്കും . ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വടകരയിൽനിന്ന് തുടങ്ങി വൈകീട്ട് പാക്കനാർപുരത്ത് എത്തും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു എന്നതിലേക്കാളുപരി കിട്ടിയ സ്വാതന്ത്ര്യം നിലനിർത്തി എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വലിയ സംഭാവനയെന്ന് വി.ടി. ബൽറാം പറഞ്ഞു.ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം നേടിയതിനുശേഷം പലരും പറഞ്ഞത് ഇന്ത്യ പെട്ടെന്ന് തകരുമെന്നാണ്. ഓരോ പ്രധാനമന്ത്രിയും മരിച്ചശേഷവും രാജ്യത്ത് വിളനാശം വന്നപ്പോഴും ഇതുതന്നെ ആവർത്തിച്ചു. പക്ഷേ, രാജ്യത്തിന് സുശക്തമായ അടിത്തറയാണ് കോൺഗ്രസ് ഒരുക്കിയത്. ആ അടിത്തറ ഒരു മോദി വിചാരിച്ചാലൊന്നും തകരില്ല.

പക്ഷേ ജാഗ്രത പുലർത്തേണ്ട സമയമാണിത്. കോൺഗ്രസ് തിരിച്ചുവരേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ബൽറാം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ഐ. മൂസ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. നിജേഷ് അരവിന്ദ് ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തി. വി.പി. ദുൽഖിഫിൽ, ധനീഷ് ലാൽ, പി.കെ. രാഗേഷ്, വി.ടി. നിഹാൽ, ബവിത്ത് മലോൽ, സുബിൻ മടപ്പള്ളി എന്നിവർ പതാക ഏറ്റുവാങ്ങി. കോട്ടയിൽ രാധാകൃഷ്ണൻ, രാധാകൃഷ്ണൻ കാവിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/749/to-pakkanarpuram-the-youth-student-journey-will-start-from-vadakara-this-morning)