---
title: "ജലപാതയ്ക്ക് ബലക്ഷയം; അധികൃതർക്ക് നിസ്സംഗത തന്നെ "
english_title: "Damage to waterways; The authorities are indifferent"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75139/damage-to-waterways-the-authorities-are-indifferent"
published_at: "2022-10-18T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e809e98e45_jalapatha.jpg"
keywords: []
---

# ജലപാതയ്ക്ക് ബലക്ഷയം; അധികൃതർക്ക് നിസ്സംഗത തന്നെ 

> **Lead Summary:** **വള്ളിക്കാട്: **പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുറ്റ്യാടി ജലസേന പദ്ധതി അവതാളത്തിൽ. ആർക്കും പ്രയോജനമില്ലാതായ കനാലുകൾ നോക്കുകുത്തിയായി. 1975- 80 കാലഘട്ടത്തിൽ നിർമ്മിച്ച വൈക്കിലിശ്ശേരി- വെള്ളികുളങ്ങര അപ്പർക്കനാൽ ഭാഗത്താണ് തൂണുകൾക്കും കോൺക്രീറ്റുകൾക്കും വിള്ളൽ ഉണ്ടായിട്ടുള്ളത്.

## Article Content

**വള്ളിക്കാട്: **പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുറ്റ്യാടി ജലസേന പദ്ധതി അവതാളത്തിൽ. ആർക്കും പ്രയോജനമില്ലാതായ കനാലുകൾ നോക്കുകുത്തിയായി. 1975- 80 കാലഘട്ടത്തിൽ നിർമ്മിച്ച വൈക്കിലിശ്ശേരി- വെള്ളികുളങ്ങര അപ്പർക്കനാൽ ഭാഗത്താണ് തൂണുകൾക്കും കോൺക്രീറ്റുകൾക്കും വിള്ളൽ ഉണ്ടായിട്ടുള്ളത്.

പല ഭാഗത്തും ബലക്ഷയവും കമ്പികളും കോൺക്രീറ്റുകളും ഒക്കെ പുറത്തു കാണുന്ന അവസ്ഥയും ഉണ്ട്. ഇത്തരത്തിൽ വളരെ ജീർണ്ണിച്ച അവസ്ഥയായതുകൊണ്ട് തന്നെ വർഷങ്ങളായി കനാലിലൂടെ ജലസേചനം മുടങ്ങിയ അവസ്ഥയാണ്. ജല വിഭവ വകുപ്പിന്റെ അധീനതയിലുള്ള ഈ ഒരു കനാൽ അറ്റകുറ്റപ്പണി നടത്തുവാനോ കോൺക്രീറ്റ് ബലപ്പെടുത്തുവാനോ വർഷങ്ങളായി ചെയ്യാത്തത് നാട്ടുകാരിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.

സർക്കാറുകൾ മാറിമാറി വരുന്നുണ്ടെങ്കിലും കാലത്തിനനുസൃതമായ അറ്റകുറ്റപ്പണി നടത്താത്തതാണ് കുറ്റ്യാടി ജലസേചന പദ്ധതി അവതാളത്തിൽ ആകുവാൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു. വേനൽക്കാലത്ത് ഒഞ്ചിയം ചോറോട് അഴിയൂർ പഞ്ചായത്തുകൾക്ക് വലിയൊരു ആശ്രയമായിരുന്നു ഈ ഒരു കനാൽ.

ജലസ്രോതസ്സോ കിണറുകളോ ഇല്ലാത്തവർക്ക് വർഷത്തിലൊരിക്കൽ രണ്ടുമാസം കനാലിൽ വെള്ളം വരുന്നത് ഒരു ഉത്സവമായിരുന്നു. കുട്ടികളും വിദ്യാർത്ഥികളും ആവേശത്തോടെ കനാലിൽ കുളിക്കുന്നതും നീന്തൽ പഠിക്കുന്നതും പതിവുള്ള കാഴ്ചയായിരുന്നു. അത്രയ്ക്ക് ഗതകാല സ്മരണയും പഴമക്കാർക്കുള്ള ഒരു അനുഭൂതിയുമായിരുന്നു ഈ ഒരു ജലസേചന മാർഗം.

ഇപ്പോൾ കുറ്റ്യാടി ജലസേചന കനാൽ കേവലം പുറമേരിയിൽ മാത്രമേ ഉള്ളൂ അതിനു ശേഷം ഇങ്ങോട്ട് വിടുന്നില്ല. ചോർച്ചയാണ് പ്രധാനകാരണം. ചോർച്ച ഞങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കും അറ്റകുറ്റപ്പണി നടത്തുന്നു എന്നു പറയുന്നതല്ലാതെ കാര്യക്ഷമമായി ജലവകുവകുപ്പ് ഇടപെടുന്നില്ല എന്നത് ആക്ഷേപം തന്നെയാണ്.

വേനൽക്കാലത്ത് പല കിണറുകളും വറ്റി വരളുമ്പോൾ കനാലിലൂടെ വെള്ളമൊഴുകുന്നത് ഒരു പരിഹാരമായിരുന്നു. വർഷാവർഷവും ഉഷ്ണം വർദ്ധിക്കുന്ന ഈ ഒരു സാഹചര്യത്തിൽ ജലസേചനം ഇല്ലാത്തത്, മനുഷ്യരെപ്പോലെ ജീവജാലങ്ങളെയും ബാധിച്ചിരിക്കുകയാണ്. അടുത്ത വേനലിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അധികൃതർ ഇക്കാര്യത്തിലുള്ള നിസ്സംഗത വെടിഞ്ഞ് കുറ്റ്യാടിജലസേചന പദ്ധതി പൂർണ്ണ തോതിൽ ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75139/damage-to-waterways-the-authorities-are-indifferent)