---
title: "പാമ്പിന് പരാതിയുണ്ടോ? വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്രവിഷപാമ്പ് ഇറങ്ങി "
english_title: "Does the snake have a complaint? Venomous snake landed in Vadakara police station premises"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75426/does-the-snake-have-a-complaint-venomous-snake-landed-in-vadakara-police-station-premises"
published_at: "2022-10-20T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350d3b33a5fd_snake.jpg"
keywords: []
---

# പാമ്പിന് പരാതിയുണ്ടോ? വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്രവിഷപാമ്പ് ഇറങ്ങി 

> **Lead Summary:** **വടകര : **കസ്റ്റഡി മരണത്തിലൂടെ പൊലീസുകാർക്ക് കൂട്ടസ്ഥലമാറ്റമുണ്ടായ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്രവിഷപ്പാമ്പ് ഇറങ്ങി . ഒരൽപ്പം പേടിയോടെയാണെങ്കിലും പൊലീസുകാർ പാമ്പിനെ ഏറെ പണിപ്പെട്ട് കസ്റ്റഡിയിലെടുത്ത് പ്ലാസ്റ്റിക്ക് ചാക്കിലാക്കി ബക്കറ്റിലടച്ചു പിന്നീട് വനം വകുപ്പിന് കൈമാറി.

## Article Content

**വടകര : **കസ്റ്റഡി മരണത്തിലൂടെ പൊലീസുകാർക്ക് കൂട്ടസ്ഥലമാറ്റമുണ്ടായ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്രവിഷപ്പാമ്പ് ഇറങ്ങി . ഒരൽപ്പം പേടിയോടെയാണെങ്കിലും പൊലീസുകാർ പാമ്പിനെ ഏറെ പണിപ്പെട്ട് കസ്റ്റഡിയിലെടുത്ത് പ്ലാസ്റ്റിക്ക് ചാക്കിലാക്കി ബക്കറ്റിലടച്ചു പിന്നീട് വനം വകുപ്പിന് കൈമാറി.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. നാട്ടുകാർ പാമ്പിനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതാണെന്നും അവർ പോയ ശേഷം പാമ്പ് സ്റ്റേഷൻ വളപ്പിലേക്ക് ഇറങ്ങിയതാണെന്നാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് നൽകുന്ന വിശദീകരണം.

സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്കിടയിലേക്ക് ഇഴഞ്ഞ് നീങ്ങാൻ ശ്രമിച്ച പാമ്പിനെ സിവിൽ പൊലീസ് ഓഫീസർമാർ ജാഗ്രതയോടെ പിടികൂടി. പെരുമ്പാമ്പാണെന്നാണ് പൊലീസുകാർ കരുതിയത്.

എന്നാൽ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തിയപ്പോൾ ഉഗ്രവിഷയുള്ള അണലി വർഗത്തിൽപ്പെട്ടതാണെന്ന് മനസ്സിലായതായും വടകര പൊലീസ് പറഞ്ഞു. ഇതേ പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കല്ലേരി സ്വദേശി സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.

ഇതേ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റി. ഇതിനിടെ മേൽ ഉദ്യോഗസ്ഥൻ്റെ മനസീക പീഡനം വാട്സ് ആപ്പിൽ ശബ്ദ സന്ദേശമായി ഇട്ട് സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവും ഇവിടെ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75426/does-the-snake-have-a-complaint-venomous-snake-landed-in-vadakara-police-station-premises)