---
title: "പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ ഫലപ്രദമാക്കണം; കെ.കെ രമ എം.എൽ.എ"
english_title: "Interventions in the primary education sector should be made effective; KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75959/interventions-in-the-primary-education-sector-should-be-made-effective-kk-rama-mla"
published_at: "2022-10-22T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353ef45911f6_rama.jpg"
keywords: []
---

# പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ ഫലപ്രദമാക്കണം; കെ.കെ രമ എം.എൽ.എ

> **Lead Summary:** **വടകര: **പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ ശക്തമാക്കണമെന്നും അതിലൂടെ സമൂഹത്തിലുണ്ടാകുന്ന വിവിധ വിഷയങ്ങളിൽ മുൻകൂർ ഇടപെടലുകൾക്ക് സാധ്യമാകുമെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു.

## Article Content

**വടകര: **പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ ശക്തമാക്കണമെന്നും അതിലൂടെ സമൂഹത്തിലുണ്ടാകുന്ന വിവിധ വിഷയങ്ങളിൽ മുൻകൂർ ഇടപെടലുകൾക്ക് സാധ്യമാകുമെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു.

എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തിൽ ഒഞ്ചിയം പഞ്ചായത്തിലെ സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്രൈമറി ക്ലാസുകളിൽനിന്നുതന്നെ വിദ്യാർഥികളിൽ സമൂഹ്യ നന്മകളെകുറിച്ച് അവബോധം വളർത്തണം.

ഇന്നത്തെ സാഹചര്യത്തിൽ ലഹരി മാഫിയ അടക്കം ലക്ഷ്യമിടുന്നത് പ്രൈമറിതലം മുതലുള്ള കുട്ടികളെയാണ്. തങ്ങളെ കുരുക്കാനെത്തുന്ന ഇത്തരം ശക്തികളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള കരുത്ത് കുട്ടികൾക്ക് പകരാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയണം.

ഇത്തരം അവബോധമുണ്ടാക്കാൻ വൈബിന്റെയും ഒഞ്ചിയം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നവംബർ 19ന് ഒഞ്ചിയം പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലെയും ഒന്നാംക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ശില്പശാല നടത്താനും തീരുമാനമായി.

വൈബ് ജനറൽ കൺവീനർ ഡോ.ശശികുമാർ പുറമേരി പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, വൈബ് കോഡിനേറ്റർ എം.എൻ.പ്രമോദ്, രതീശൻമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75959/interventions-in-the-primary-education-sector-should-be-made-effective-kk-rama-mla)