---
title: "കൂട്ടബലാല്‍സംഗം ; അന്വേഷണം കൂടുതല്‍ പേരിലേക്ക്"
english_title: "Gang rape; Inquiry into more names"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7726/gang-rape-inquiry-into-more-names"
published_at: "2021-10-28T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617aaf01986f9_rape .jpg"
keywords: []
---

# കൂട്ടബലാല്‍സംഗം ; അന്വേഷണം കൂടുതല്‍ പേരിലേക്ക്

> **Lead Summary:** **വടകര:** ജാനകിക്കാട്ടില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ കായക്കൊടിയിലെ പതിനേഴുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. അടുത്ത ബന്ധു ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ വീണ്ടും പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് പെരുവണ്ണാമൂഴി പൊലീസ് അന്വേഷണമാരംഭിച്ചു.

## Article Content

**വടകര:** ജാനകിക്കാട്ടില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ കായക്കൊടിയിലെ പതിനേഴുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. അടുത്ത ബന്ധു ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ വീണ്ടും പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് പെരുവണ്ണാമൂഴി പൊലീസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ വര്‍ഷം ചെമ്പനോടയിലെ ഇല്ലിക്കല്‍ ഹൗസിങ് കോളനിക്കടുത്ത വീട്ടില്‍ ബന്ധുവും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കുട്ടി ചൊവ്വാഴ്ച പെരുവണ്ണാമൂഴി പൊലീസില്‍ മൊഴി നല്‍കിയത്. പത്താംതരത്തില്‍ പഠിക്കുമ്പോഴാണ് പീഡനത്തിനിരയായത്. ചെമ്പനോടയിലുള്ള അമ്മവീട്ടിലേക്ക് പോകുന്ന വഴിയില്‍ ബന്ധുവും സുഹൃത്തും ബലമായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

കുട്ടിയുടെ മൊഴിയനുസരിച്ച് രജിസ്റ്റര്‍ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. കഴിഞ്ഞ മൂന്നിനായിരുന്നു ആദ്യ കേസിനാസ്പദമായ കൂട്ടബലാത്സംഗം. ഇതില്‍ പ്രതികളായ മരുതോങ്കര അടുക്കത്ത് പാറച്ചാലില്‍ ഷിബു (24), മൊയിലോത്തറ തെക്കെ പറമ്പത്ത് സായൂജ് (24), മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ (22), ആക്കല്‍ പാലോളി അക്ഷയ് (22) എന്നിവരെ നാദാപുരം എ എസ് പി നിതിന്‍ രാജ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി പൊലീസാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടിയെ കഴിഞ്ഞ 16ന് ചെമ്പനോട പെരുവണ്ണാമൂഴി റോഡില്‍ പന്നിക്കോട്ടൂര്‍ വനത്തിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കുറ്റ്യാടി മാവിലപ്പാടിയിലെ ഗുരിക്കല്‍ പറമ്പത്ത് മെര്‍വിനെ (22) പേരാമ്പ്ര ഡി വൈ എസ് പി ജയന്‍ ഡൊമിനിക്ക് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ രാഹുലും പ്രതിയാണ്. സംഭവത്തില്‍ ഇതിനകം അഞ്ചു യുവാക്കള്‍ റിമാന്‍ഡിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7726/gang-rape-inquiry-into-more-names)