---
title: "കണ്ണീരൊപ്പാൻ കൈകോർക്കാം; ബ്രദേഴ്സ് വള്ളിക്കാട് ജനകീയ സദസ്സ് ശ്രദ്ധേയമായി"
english_title: "Let's hold hands to cry; Brothers Vallikad impressed the popular audience"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77479/lets-hold-hands-to-cry-brothers-vallikad-impressed-the-popular-audience"
published_at: "2022-10-29T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d5ae9a2873_brothers.jpg"
keywords: []
---

# കണ്ണീരൊപ്പാൻ കൈകോർക്കാം; ബ്രദേഴ്സ് വള്ളിക്കാട് ജനകീയ സദസ്സ് ശ്രദ്ധേയമായി

> **Lead Summary:** **വള്ളിക്കാട്: **കണ്ണീരൊപ്പാൻ കൈകോർക്കാൻ, അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്നീ ആപ്തവാക്യത്തിൽ ബ്രദേഴ്സ് വള്ളിക്കാട് നടത്തിയ ജനകീയ സദസ്സ് ശ്രദ്ധേയമായി. ഇന്ന് വൈകിട്ട് 6:00 മണിക്ക് വള്ളിക്കാട് ടൗണിൽ വെച്ചായിരുന്നു മയക്കുമരുന്നിനെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചത്.

## Article Content

**വള്ളിക്കാട്: **കണ്ണീരൊപ്പാൻ കൈകോർക്കാൻ, അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്നീ ആപ്തവാക്യത്തിൽ ബ്രദേഴ്സ് വള്ളിക്കാട് നടത്തിയ ജനകീയ സദസ്സ് ശ്രദ്ധേയമായി. ഇന്ന് വൈകിട്ട് 6:00 മണിക്ക് വള്ളിക്കാട് ടൗണിൽ വെച്ചായിരുന്നു മയക്കുമരുന്നിനെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചത്.

ബ്രദേഴ്സ് വള്ളിക്കാട് എന്ന പേര് അന്വർത്ഥമാക്കും വിധം സമൂഹത്തിലെ നാനാ തുറകളിലും പെട്ട ജനങ്ങളുടെ സാന്നിധ്യം സാഹോദര്യത്തിന്റെ കൂടി പ്രതീകമായി. വള്ളിക്കാട് വാർഡ് മെമ്പർ മനീഷ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വ ഹിച്ചു. ബ്രദേഴ്സ് വള്ളിക്കാടെന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ അജിത് കുമാർ വി പി അധ്യക്ഷത വഹിച്ചു.

ജനകീയ സദസ്സിന്റെ മുഖ്യ ആകർഷണമായ സമൂഹത്തെ കാർന്നു തിന്നുന്ന മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണം എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ കെ .എ ജയരാജ് നിർവ്വഹിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ സ്പർശിക്കുവാൻ കഴിഞ്ഞ പ്രഭാഷണം വളരെ ശ്രദ്ധേയമായി.

ഉദാഹരണങ്ങളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ അദ്ദേഹം സദസ്സിനെ കീഴ്പെടുത്തി. കുട്ടികൾ വഴിതെറ്റി പോകാനുള്ള പ്രധാനപ്പെട്ട കാരണം മാതാപിതാക്കൾ തന്നെയാണ്, വില്യാപ്പള്ളി യിലെ 23 വയസ്സുകാരി വസ്ത്രം വാങ്ങാൻ എന്ന് പറഞ്ഞുകൊണ്ട് 2500 രൂപ വീട്ടിൽ നിന്ന് വാങ്ങിച്ച് നേരെ പോയത് മിനി ഗോവയിലേക്കാണ്(കൊളാവിപ്പാലം). അവിടെ തന്റെ ആണ് സുഹൃത്തുക്കളുമായി ചേർന്ന് മദ്യവും എംഡിഎംഎയും കഴിച്ച് ലെക്ക്കെട്ട അവസ്ഥയിൽ മഫ്ത്തിയിൽആയിരുന്ന തനിക്ക് കാണുവാൻ സാധിച്ചു.

ക്ലാസിൽ എല്ലാ കുട്ടികളോടും ഭാവിയിൽ നിങ്ങൾക്ക് ആരാകണം എന്നാണ് ആഗ്രഹം എന്ന് ഒരു പേപ്പറിൽ എഴുതുവാൻ ടീച്ചർ പറഞ്ഞു. അതിൽ തന്റെ മകനും ഉണ്ടായിരുന്നു കുറച്ചുനേരം കഴിഞ്ഞ് എല്ലാവരുടെയും പേപ്പർ വാങ്ങിയ സമയത്ത് സ്വന്തം മകന്റെ പേപ്പർ ജിജ്ഞാസയോടെ നോക്കിയപ്പോൾ അമ്മയായ ടീച്ചർ പൊട്ടി കരയുകയാണ് ഉണ്ടായത്. തന്റെ മകന് ഭാവിയിൽ ഒരു മൊബൈൽ ആയാൽ മതി എന്നാണ് അതിൽ എഴുതിയത്. അത്രത്തോളം ഇന്നത്തെ സമൂഹം മൊബൈലിനെ സ്നേഹിച്ചും കുട്ടികൾക്ക് സ്നേഹം നൽകാതെയും അധപ്പതിച്ചു എന്ന് ഉദാഹരണ സഹിതം അദ്ദേഹം പറഞ്ഞു.

താനൊരു സ്കൂളിൽ ബോധവൽക്കരണ ക്ലാസിനു വേണ്ടി പോയ സമയത്ത് ഒരു കുട്ടി ജനാലയിലൂടെ എന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. ആദ്യം എനിക്കൊരു പന്തികേട് തോന്നിയെങ്കിലും പിന്നീട് ആ കുട്ടി എന്നെ വിളിച്ചു ചോദിച്ചു. എല്ലാവരും പിടിഎ മീറ്റിങ്ങിന് വരുന്നുണ്ട് .പക്ഷേ എൻ്റെ അച്ഛനും അമ്മയും മാത്രം വരുന്നില്ല, അന്വേഷിച്ചപ്പോൾ മനസ്സിലായത് വീട്ടിൽ എല്ലാ ദിവസവും സംഘർഷം ആണെന്നാണ്.

കോഴിക്കോടും സംസ്ഥാനത്ത് അകത്തും പുറത്തുമുള്ള ഡിറ്റംഗ്ഷൻ സെന്റർ അടക്കമുള്ള സ്ഥലങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞാൽ മനസ്സിലാവുക ഏറ്റവും വലിയ പ്രതി മാതാപിതാക്കൾ തന്നെയാണ്. അത്രത്തോളം കുട്ടികളെയാണ് അവിടെ ലഹരിവിമുക്തിക്ക് വേണ്ടി പാർപ്പിച്ചിരിക്കുന്നത് എന്നുള്ളതാണ്. അതുകൊണ്ട് കുട്ടികൾക്ക് സ്നേഹം അതാത് സമയങ്ങളിൽ നൽകുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

സ്നേഹിക്കേണ്ടിടത്ത് സ്നേഹിച്ചും കോപിക്കേണ്ട സമയത്ത് കോപിച്ചും കുട്ടികളെ വളർത്താൻ ശ്രമിച്ചില്ലെങ്കിൽ അതിവിദൂരമായ പ്രത്യാഘാതമാണ് ഭാവിയിൽ വരാൻ വേണ്ടി പോകുന്നത്. തൊഴിലുറപ്പിന് വേണ്ടി അധ്വാനിച്ച് പണമുണ്ടാക്കി സ്വന്തം മകനെ പഠിച്ചു വലുതാക്കിയ അമ്മയോട് മകൻ പറയുന്നു അമ്മേ ഇനി പിടിഎ മീറ്റിങ്ങിന് അമ്മ വരണ്ട എന്ന്. നാളെ ഇതേ മകൻ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യും.

അതുകൊണ്ട് ജീവിതത്തിലെ കഷ്ടപ്പാടുകൾ വിദ്യാർത്ഥികൾ മനസ്സിലാക്കുക തന്നെ വേണം, അത് അവരെ ബോധ്യപ്പെടുത്തുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒരുകാലത്ത് കൂട്ടുകുടുംബ വ്യവസ്ഥയായിരുന്നു പക്ഷേ ഇന്ന് അണു കുടുംബമാണ്. ഇന്ന് കോളിറ്റി ഹവർ എന്ന് പറയുന്ന മണിക്കൂറുകൾ ഇല്ല. കുടുംബങ്ങൾ തമ്മിൽ പരസ്പരം മിണ്ടുന്നില്ല. എല്ലാം മൊബൈൽ കൂടി മാത്രം. അച്ഛനാര് അമ്മയാര് സഹോദരിയാര് എന്ന് മനസ്സിലാക്കാൻ വേണ്ടി ഇന്നത്തെ പിള്ളേർക്ക് തിരിച്ചറിയാൻ സാധിക്കാത്തത് ബോധവൽക്കരണത്തിന്റെ അഭാവം തന്നെയാണ്.

ബോധവൽക്കരണം തുടർന്നു കൊണ്ടേയിരിക്കണം. മയക്കുമരുന്നോ മദ്യമോ അല്ല ലഹരി മറിച്ച് വായനയും, മാതാപിതാക്കളെ തിരിച്ചറിയലും ആണ് ലഹരി എന്ന അടിവര പുതു തലമുറ മനസ്സിലാക്കണം. തന്നെ ക്ഷണിച്ചതിൽ വള്ളിക്കാട് ബ്രദേഴ്സിനോട് അങ്ങേയറ്റത്തെ കൃതജ്ഞത രേഖപ്പെടുത്തിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ബ്രദേഴ്സ് വള്ളിക്കാട് സീനിയർ അംഗം ശശി വി. പി. ഉദ്ബോധന പ്രഭാഷണം നടത്തി. ഷൈജു വി.പി സ്വാഗതവും ബിജു സി.പി നന്ദിയും പറഞ്ഞു. ബോധവൽക്കരണ ക്ലാസ് ശ്രവിക്കുവാൻ വേണ്ടി വിദ്യാർഥികൾ കുരുന്നുകൾ രക്ഷിതാക്കൾ നാട്ടുകാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77479/lets-hold-hands-to-cry-brothers-vallikad-impressed-the-popular-audience)