---
title: "റൗഫ് ഇക്കയ്ക്കും പറയാനുണ്ട്; നഗരസൗന്ദര്യവൽക്കരണ ചെടിച്ചട്ടികൾ പൊട്ടുന്നത് പതിവാകുന്നു "
english_title: "Rauf Ika also has to say; Cracking of plant pots is common"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78352/rauf-ika-also-has-to-say-cracking-of-plant-pots-is-common"
published_at: "2022-11-03T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363c2371e70b_rouf_ikka.jpg"
keywords: []
---

# റൗഫ് ഇക്കയ്ക്കും പറയാനുണ്ട്; നഗരസൗന്ദര്യവൽക്കരണ ചെടിച്ചട്ടികൾ പൊട്ടുന്നത് പതിവാകുന്നു 

> **Lead Summary:** ** വടകര: **നഗരത്തിൽ ലിങ്ക് റോഡിന് സമീപം തെരുവു കച്ചവടം നടത്തുന്ന സി.കെ. റഊഫ് എന്ന 60 വയസ്സുകാരന് ചില കാര്യങ്ങൾ പറയുവാനുണ്ട്. വടകര നഗരസഭയുടെ സൗന്ദര്യവൽക്കരണ ഭാഗമായി നഗരസഭയുടെ പാതയോരങ്ങളിൽ കച്ചവടക്കാരുടെ സംരക്ഷണത്തോടുകൂടി ചെടിച്ചട്ടി സ്ഥാപിച്ചു.

## Article Content

** വടകര: **നഗരത്തിൽ ലിങ്ക് റോഡിന് സമീപം തെരുവു കച്ചവടം നടത്തുന്ന സി.കെ. റഊഫ് എന്ന 60 വയസ്സുകാരന് ചില കാര്യങ്ങൾ പറയുവാനുണ്ട്. വടകര നഗരസഭയുടെ സൗന്ദര്യവൽക്കരണ ഭാഗമായി നഗരസഭയുടെ പാതയോരങ്ങളിൽ കച്ചവടക്കാരുടെ സംരക്ഷണത്തോടുകൂടി ചെടിച്ചട്ടി സ്ഥാപിച്ചു.

പഴയ ബസ് സ്റ്റാൻഡ് മുതൽ നഗരത്തിന്റെ ഹൃദയഭാഗങ്ങളിലെല്ലാം ഇവ നമുക്ക് കാണാം. പക്ഷേ ഈ അടുത്തകാലത്തായി ചെടിച്ചട്ടികൾ വ്യാപകമായി പൊട്ടുന്ന കാഴ്ചയും കണ്ടുവരുന്നു. പല കാരണങ്ങളാണ് പലരും അഭിപ്രായപ്പെടുന്നത്. നഗരസഭ അധികൃതർ പറയുന്നത് കടുത്ത സൂര്യതാപം ഏറ്റതിനാൽ ചട്ടി വിണ്ട് കീറുകയും അങ്ങനെ പൊട്ടുകയും ചെയ്യുന്നത് എന്നാണ്.

ചെടിച്ചട്ടി വെച്ച നാൾ മുതൽ തന്നെ അതിനെ സംരക്ഷിച്ച് പോകുകയും വെള്ളം നനച്ചു കൊടുക്കുകയും ചെയ്യുന്ന വഴിയോര കച്ചവടക്കാരൻ ആയ റൗഫിന് പറയുവാനുള്ളത് മറ്റൊന്നാണ്. ചെടിച്ചട്ടി വെച്ചത് നല്ല കാര്യമാണെങ്കിലും അത് വെച്ച രീതി തെറ്റായിപ്പോയി. അഞ്ചു മുതൽ 8 ഇഞ്ച് വരെ പുറത്തേക്കാണ് ഇപ്പോൾ ചെടിച്ചട്ടിയുടെ സംരക്ഷണ കവചവും ചട്ടിയും നിൽക്കുന്നത്. കൂടുതൽ വീതി ഇല്ലാത്ത റോഡ് ആയതുകൊണ്ടും നിരവധി വാഹനങ്ങൾ വന്നാൽ ട്രാഫിക് ബ്ലോക്ക് ആകുന്നതും ഇവിടെ പതിവാണ്.

മാത്രവുമല്ല ലിങ്ക് റോഡ് കവാടത്തിലാണ് കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റാൻഡും സ്ഥിതി ചെയ്യുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നത് മൂലം മനപൂർവ്വം അല്ലാതെ തട്ടി പോകുന്നതരത്തിലാണ് പല ചട്ടികളും. അത്തരത്തിൽ പൊട്ടുന്നതാണ് ഈ കാണുന്ന ചട്ടികളും മുഴുവനും, എന്നതാണ് വാസ്തവം . സൂര്യതാപം ഏറ്റോ അല്ലെങ്കിൽ ഏതെങ്കിലും സാമൂഹ്യവിരുദ്ധർ ചട്ടി പൊട്ടിക്കുന്നതോ അല്ല.

ഇത്തരത്തിലുള്ള ആരോപണം തീർച്ചയായും തെറ്റാണ്. തൊട്ടടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ മൊബൈൽ സിറ്റി ജീവനക്കാരനും ഇതേ അഭിപ്രായമാണ് പറഞ്ഞത്. നഗരസഭയ്ക്ക് ആദ്യമേ ചെടിച്ചട്ടിക്ക് പകരം ഫൈബർ ചട്ടി സ്ഥാപിച്ചാൽ മതിയായിരുന്നു. ഇത്രയും പുറത്തേക്ക് സ്ഥാപിച്ചത് കൊണ്ടാണ് വാഹനങ്ങൾ കടന്നുപോകുമ്പോൾ അറിയാതെ ചട്ടി തട്ടുന്നതും പിന്നെ പൊട്ടുന്നതും. ചട്ടി തട്ടിയാൽ തന്നെ വാഹനങ്ങളിലെ ഡ്രൈവർമാർ ഇത് അറിയുന്നുമില്ല.

വഴിയോര കച്ചവടം നടത്തുന്ന സൈദ് എന്ന വൃദ്ധനും പറയുവാനുള്ളത് ഇത് തന്നെയാണ്. സ്ക്രൂ ചെയ്ത് സ്ഥാപിച്ച ചട്ടിയുടെ കവചങ്ങൾ മാറ്റി അത് കുറച്ചുകൂടി പിന്നിലേക്ക് മാറ്റി സ്ഥാപിച്ചു കഴിഞ്ഞാൽ ഇതിനൊരു പരിഹാരമാകുമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

ഏതായാലും നഗരസഭയുടെ സൗന്ദര്യവൽക്കരണത്തിന് വെള്ളവും വളവും നൽകി സംരക്ഷിക്കുന്ന റൗഫ് ഇക്കയെ പോലോത്ത തെരുവ് കച്ചവടക്കാർ ഉത്തമ പൗര ബോധത്തിന്റെ ഉദാഹരണങ്ങൾ തന്നെ. ഇത്തരത്തിലുള്ളവരുടെ അഭിപ്രായവും നഗരസഭ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് വഴിയോരക്കച്ചവടക്കാരും, ലിങ്ക് റോഡ് ഷോപ്പിംഗ് കോംപ്ലക്സ് വ്യാപാരികളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78352/rauf-ika-also-has-to-say-cracking-of-plant-pots-is-common)