---
title: "ചോരാത ജാഗ്രത; വള്ളിക്കാട് ഭാഗത്തെ കുടിവെള്ള ചോർച്ച അധികൃതർ ഉണരുന്നു"
english_title: "Blood caution; Officials wake up to drinking water leakage in Vallikad area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78692/blood-caution-officials-wake-up-to-drinking-water-leakage-in-vallikad-area"
published_at: "2022-11-05T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636631f50903f_vellakkad_water.jpg"
keywords: []
---

# ചോരാത ജാഗ്രത; വള്ളിക്കാട് ഭാഗത്തെ കുടിവെള്ള ചോർച്ച അധികൃതർ ഉണരുന്നു

> **Lead Summary:** **വടകര: **വള്ളിക്കാട് ഭാഗത്ത് വെള്ളം പാഴാവുന്ന പ്രശ്നം ഉടനെ പരിഹരിക്കുമെന്ന് വടകര റീജണൽ ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ ബീന.സി വ്യക്തമാക്കി. വള്ളിക്കാട് ടൗണിലും നാദാപുരം റോഡ് ബസ് സ്റ്റോപ്പിന് സമീപവുമാണ് ശുദ്ധജലം പാഴാവുന്നത്. ദിനംപ്രതി ആയിരകണക്കിന്ന് ലിറ്റർ വെള്ളമാണ് നാദാപുരം റോഡ് ബസ്റ്റോപ്പിന് സമീപത്തെ പൈപ്പിൽ നിന്നും പ്രഷർ മൂലം ഒഴുകി പോകുന്നത്.

## Article Content

**വടകര: **വള്ളിക്കാട് ഭാഗത്ത് വെള്ളം പാഴാവുന്ന പ്രശ്നം ഉടനെ പരിഹരിക്കുമെന്ന് വടകര റീജണൽ ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ ബീന.സി വ്യക്തമാക്കി. വള്ളിക്കാട് ടൗണിലും നാദാപുരം റോഡ് ബസ് സ്റ്റോപ്പിന് സമീപവുമാണ് ശുദ്ധജലം പാഴാവുന്നത്. ദിനംപ്രതി ആയിരകണക്കിന്ന് ലിറ്റർ വെള്ളമാണ് നാദാപുരം റോഡ് ബസ്റ്റോപ്പിന് സമീപത്തെ പൈപ്പിൽ നിന്നും പ്രഷർ മൂലം ഒഴുകി പോകുന്നത്.

ഇവിടെ പൈപ്പിന്റെ വാൽവ് തകരാറിലായി എന്നതാണ് നാട്ടുകാർ പറയുന്നത്. നാദാപുരം റോഡിൽ നിന്നും വെള്ളിക്കുളങ്ങരയിലേക്ക് പോകുന്ന റോഡിന്റെ ഒരു വശം മുഴുവൻ വെള്ളക്കെട്ടുകളാൽ നിറഞ്ഞിരിക്കുകയാണ്. സമീപത്തെ കടയിലെ ജീവനക്കാരും മറ്റും ബക്കറ്റിലാണ് വെള്ളം ശേഖരിച്ച് കൊണ്ടുപോകുന്നത്. അവർ പറയുന്നത് വെള്ളം പ്രഷർ ചെയ്യുന്ന സമയത്ത് ശക്തമായി വെള്ളം വരാറുണ്ട്, ഇത് ചില ദിവസങ്ങളിൽ മണിക്കൂറുകളോളം നീണ്ടു നിൽക്കും.

പഴയ വാൽവ് പൈപ്പ് മാറ്റി പുതിയ വാൾവും, അനുബന്ധ ഉപകരണവും സ്ഥാപിച്ചു കഴിഞ്ഞാൽ പരിഹരിക്കാലുന്നതേയുള്ളൂ എന്ന് സമീപത്തെ കടയിലെ ജീവനക്കാരനായ രാജേഷ് പറഞ്ഞു. വടകര നാദാപുരം സംസ്ഥാനപാത യായ മെയിൻ റോഡായിട്ട് പോലും ഈയൊരു വെള്ളം ലീക്കാകുന്നത് അടിയന്തരമായി പരിഹരിക്കുവാനുള്ള ഒരു ശ്രമവും ജല അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ഫുട്പാത്തിൽ പോലും വെള്ളം കയറുന്ന അവസ്ഥയുണ്ട്, മടപ്പള്ളി ഹൈസ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും, കാൽനടയാത്രക്കാരും കാൽ വഴുതിയാൽ ഒരുപക്ഷേ സംസ്ഥാനപാതയിലോ, അല്ലെങ്കിൽ സമീപത്തെ തോട്ടിലേക്കോ മറിഞ്ഞു വീഴുവാനുമുള്ള സാധ്യതയുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പെട്ടെന്ന് തകരാറിലാകുന്നത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ലീക്കാകുന്നത് പരിഹരിക്കുന്നതിലെ കാലതാമസമാണ്.

വടകര- നാദാപുരം റോഡ് വീതി കൂട്ടി ടാർ ചെയ്ത് വർഷങ്ങളെ ആയിട്ടുള്ളൂ. സംസ്ഥാന പാതയുടെ ചില സ്ഥലങ്ങളിൽ ജല അതോറിറ്റിയുടെ വെള്ളം പൊട്ടി ലീക്കയത് കാരണം റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വള്ളിക്കാട് ബാലവാടിക്ക് സമീപം സിപിഐഎം പാർട്ടി ഓഫീസിന് സമീപം റോഡ് ഒരുഭാഗത്ത് നേരിയ രീതിയിൽ താഴ്ന്നതായി കാണാം. ഇതൊക്കെ വെള്ളം പമ്പ് ചെയ്യുമ്പോൾ അമിതമായ പ്രഷർ മൂലമുളള പ്രതിഫലനമാണ്.

ജല അതോറിറ്റി മുൻകൈയെടുത്ത് ഈയൊരു പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയാൽ മാസങ്ങളായി തുടർന്നു വരുന്ന അടിസ്ഥാന പ്രശ്നത്തിലാണ് അറുതിയുണ്ടാവുക.ജല അതോറിറ്റി വടകര റീജിയണൽ ഓഫീസിന്റെ അധീനതയിൽ പെട്ടതാണ് വള്ളിക്കാട് വെള്ളികുളങ്ങര പ്രദേശം.

പൊട്ടിയ പൈപ്പും, വാൾവും മാറ്റി, പുതിയ പുനസ്ഥാപിച്ചാൽ അത് വടകര ജല അതോറിറ്റി വിഭാഗം നാട്ടുകാരോടും പൊതുജനങ്ങളോടും ചെയ്യുന്ന വലിയൊരു കടപ്പാടായിരിക്കും. വള്ളിക്കാട് ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ പൈപ്പ് പൊട്ടുന്നത് മുതൽ, നാദാപുരം റോഡിലെ പ്രഷർ വാൾവ് ലീക്കാകുന്നതും, പരിഹരിച്ചാൽ വെള്ളികുളങ്ങര വരെയുള്ള പ്രദേശങ്ങളിലെ മുഴുവൻ പാതയോരങ്ങളിൽ കച്ചവടം നടത്തുന്നവർക്കും മറ്റു തൊഴിലിൽ ഏർപ്പെടുന്നവർക്കും വളരെ ഉപകാരമായിരിക്കും.

18 ഓളം ഓട്ടോറിക്ഷകൾ ഉള്ള വലിയ സ്റ്റാൻഡ് ആണ് വള്ളിക്കാട് ഓട്ടോറിക്ഷ സ്റ്റാൻഡ്. വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് വള്ളിക്കാട് ഓട്ടോറിക്ഷ സ്റ്റാൻഡിൽ താഴെ കൂടി പോകുന്ന പൈപ്പ് പൊട്ടുന്നത് പതിവാണ്. വെള്ളം വരുന്ന സമയത്തുണ്ടാകുന്ന സമ്മർദ്ദം മൂലമാണ് വെള്ളം മുകളിലേക്ക് വരുന്നതെന്നായിരുന്നു ഇതുവരെയുള്ള അധികൃതരുടെ വിശദീകരണം. തന്മൂലം വളരെ ദുരിതത്തിലാണ് ഇപ്പോഴും ഓട്ടോറിക്ഷ ഡ്രൈവർമാർ. വള്ളിക്കാടിലെ ഓട്ടോറിക്ഷ തൊഴിലാളികൾ മുൻകൈയെടുത്ത് നിർമ്മിച്ചതാണ് കോൺക്രീറ്റ് പാകിയ പുതിയ ഓട്ടോറിക്ഷ സ്റ്റാൻഡ്.

സംസ്ഥാന പാത വീതി കൂട്ടിയത് കാരണം ഓട്ടോ സ്റ്റാൻഡിന്റെ ചില ഭാഗങ്ങൾ അവർക്ക് നഷ്ടപ്പെട്ടു. അത്തരത്തിൽ നിർമ്മിച്ചതാണ് പുതിയ ഓട്ടോ സ്റ്റാൻഡ്. ഇപ്പോൾ വെള്ളത്തിന്റെ അതി സമ്മർദ്ദം മൂലം കോൺക്രീറ്റ് പാളികകൾ തന്നെ പുറത്തേക്ക് വരുന്ന അവസ്ഥയാണുള്ളത്. ഓട്ടോ യാത്രക്കാരെയും, സമീപത്തെ ആരാധനാലയത്തിൽ വരുന്ന വിശ്വാസികളെയും പ്രതികൂലമായി ബാധിക്കുന്നു. വാർഡ് ജനപ്രതിനിധികളോട് ഈ വിവരം ധരിപ്പിച്ചുവെങ്കിലും പ്രശ്നപരിഹാരം പൂർണമായ രീതിയിൽ നടപ്പിലായിട്ടില്ല. ഓട്ടോ സ്റ്റാൻഡിന്റെ പിൻവശത്ത്, അനാധി കടയ്ക്ക് മുന്നിലായിരുന്നു ആദ്യം വെള്ളം പൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്, ഇത് നിരന്തര പരാതിയുടെ ശ്രമഫലമായി ജല അതോറിറ്റിയുടെ ജീവനക്കാർ പരിഹരിച്ചു, പക്ഷേ, വള്ളിക്കാട് പള്ളിയുടെ മുന്നിലായിട്ടാണ് പുതുതായി വെള്ളം വരുന്നത്.

ഒരു സ്ഥലത്ത് പരിഹരിച്ചാൽ മറ്റൊരു സ്ഥലത്ത് വീണ്ടും വെള്ളം വരുന്ന ദുരവസ്ഥ.പാവം ഓട്ടോറിക്ഷ തൊഴിലാളികൾ എന്ത് ചെയ്യാം? എന്ന് നിലവിളിയിലാണ്. ഈ പ്രശ്നം പരിഹരിക്കുവാൻ വേണ്ടി വള്ളിക്കാട് ഓട്ടോറിക്ഷ തൊഴിലാളികളെ പ്രതിനിധീകരിച്ച് രതീഷ് വള്ളിക്കാടും, സലിം വള്ളിക്കാടും ആണ് നേതൃത്വം നൽകിയത്.

വെള്ളം ഭൂമിക്കടിയിൽ നിന്നും പൊട്ടി മുകളിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുത്തി, അത് ജല അതോറിറ്റി വകുപ്പ് അധികൃതർ പരിഹരിച്ചു. പക്ഷേ ഇപ്പോൾ വീണ്ടും ഇതേ പ്രശ്നം മറ്റൊരു സ്ഥലത്ത് ആവർത്തിക്കുകയാണ്. എന്തുകൊണ്ടാണ് വെള്ളം വരുന്ന സമയത്ത് വള്ളിക്കാട്ടിൽ മാത്രം ഈയൊരു പ്രശ്നം ഉള്ളത്. വടകര താലൂക്കിൽ തന്നെ എല്ലാ പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ളം വരുന്നുണ്ട്.

ഗുളികപ്പുഴയിൽ നിന്നാണ് വെള്ളം വരുന്നത്. നിരവധി സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. വെള്ളം പ്രഷർ ചെയ്യുന്ന സമയത്ത് എന്തുകൊണ്ടാണ് വള്ളിക്കാടിൽ മാത്രം വെള്ളം പുറത്തേക്ക് വരുന്നത്, ഇതിൽ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റി എന്നാണ് ഇവർ ആരോപിക്കുന്നത്.

ഏതായാലും ഓട്ടോ തൊഴിലാളികളുടെ ആശങ്ക ഉടനെ പരിഹരിക്കും എന്ന് വടകര റീജണൽ ജല അതോറിറ്റി ഉറപ്പ് നൽകി, അതുകൊണ്ടുതന്നെ വള്ളിക്കാട്ടിലും നാദാപുരം റോഡിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വെള്ളം ലീക്കാകുന്നത് പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് രതീഷിനെയും സലീമിനെയും പോലോത്ത ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78692/blood-caution-officials-wake-up-to-drinking-water-leakage-in-vallikad-area)