---
title: "നഗരസഭ ഇൻഡോർ സ്റ്റേഡിയം; അവസാന വട്ട മിനുക്ക് പണിയിലേക്ക്"
english_title: "Municipal Indoor Stadium; On to the final polish."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79052/municipal-indoor-stadium-on-to-the-final-polish"
published_at: "2022-11-07T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63691582a1ecc_stadium.jpg"
keywords: []
---

# നഗരസഭ ഇൻഡോർ സ്റ്റേഡിയം; അവസാന വട്ട മിനുക്ക് പണിയിലേക്ക്

> **Lead Summary:** **വടകര: **വടകര നഗരസഭ ഇൻഡോർ സ്റ്റേഡിയം അവസാനവട്ട മിനുക്ക് പണിയിലേക്ക് കടക്കുകയാണ്. വടകരയിലെ കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഉത്സവത്തിന്റെ നാളുകളാണ് ഇനി വരാൻ പോകുന്നത്. രാപ്പകൽഭേദമന്യേ കായിക മത്സരങ്ങൾ ആസ്വദിക്കുവാനും പങ്കെടുക്കുവാനുള്ള അവസരമാണ് വടകരക്കാർക്ക് കൈവന്നിരിക്കുന്നത്.

## Article Content

**വടകര: **വടകര നഗരസഭ ഇൻഡോർ സ്റ്റേഡിയം അവസാനവട്ട മിനുക്ക് പണിയിലേക്ക് കടക്കുകയാണ്. വടകരയിലെ കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഉത്സവത്തിന്റെ നാളുകളാണ് ഇനി വരാൻ പോകുന്നത്. രാപ്പകൽഭേദമന്യേ കായിക മത്സരങ്ങൾ ആസ്വദിക്കുവാനും പങ്കെടുക്കുവാനുള്ള അവസരമാണ് വടകരക്കാർക്ക് കൈവന്നിരിക്കുന്നത്.

കഴിഞ്ഞവർഷമാണ് സ്റ്റേഡിയം നിർമ്മാണ പ്രവർത്തി ആരംഭിച്ചത്. വൃത്താകൃതിയിലുള്ള സ്റ്റേഡിയത്തിന്റെ പാശ്ചാത്തല സൗകര്യവൽക്കരണത്തിന്റെ അവസാനവട്ട പണിയിലാണ് തൊഴിലാളികൾ. ഇന്റർലോക്ക് പാകിയും, മികച്ച ആധുനിക ഡ്രൈനേജ് സ്ഥാപിക്കൽ പ്രവർത്തിയും ഏതാണ്ട് കഴിഞ്ഞു.

പുല്ലു പിടിപ്പിക്കുന്ന ജോലിയിലേക്ക് മുഴുകിയിരിക്കുകയാണ് തൊഴിലാളികൾ. ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. സി കെ നാണു വടകര എംഎൽഎ ആയ 2011-16 കാലഘട്ടത്തിൽ ആയിരുന്നു സ്റ്റേഡിയത്തിന് നിർമ്മാണാനുമതി ലഭിച്ചത്.

കായിക മേഖലയെ നെഞ്ചേറ്റുന്ന ഒരു വോളിബോൾ താരം കൂടിയാണ് നാണുവേട്ടൻ. വടകരയിൽ മികച്ച ഒരു സ്റ്റേഡിയം സ്ഥാപിക്കുക എന്നത് അദ്ദേഹത്തിൻറെ ഒരു ലക്ഷ്യമായിരുന്നു. ആ ഒരു ലക്ഷ്യം കൂടിയാണ് ഏതാനും ആഴ്ചകൾക്കുള്ളിൽ ഉദ്ഘാടനത്തോടെ സാക്ഷാത്കരിക്കാൻ വേണ്ടി പോകുന്നത്.

നിരവധി സവിശേഷതകൾ കൂടി ഉൾക്കൊള്ളുന്നതാണ് പുതിയ ഇൻഡോർ സ്റ്റേഡിയം. ആധുനിക രീതിയിൽ നിർമ്മിച്ച കുടിവെള്ള ടാങ്കും പൈപ്പ് ജല വിതരണവും എടുത്തു പറയേണ്ടതാണ്. സ്റ്റേഡിയത്തിനോട് ചേർന്ന് തന്നെയാണ് നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് വേണ്ടി കാത്തുനിൽക്കുന്ന വടകര മാളും.

ഭാവിയിലെ വടകരയുടെ വികസനത്തിന് നാഴികക്കല്ലാവുന്ന ഈ രണ്ടു മെഗാ പ്രൊജക്ടുകളും വടകര നാരായണ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. വിശാലമായ ഇൻഡോർ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾ, ബാഡ്മിന്റൺ കോർട്ട് കൂടാതെ 5000 ത്തോളം പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഗ്യാലറി എന്നിവ ഇൻഡോർ സ്റ്റേഡിയത്തിന്റെ സവിശേഷതയാണ്.

രാപ്പകൽ ഭേദമന്യേ അധ്വാനിച്ച് അവസാന വട്ട മിനുക്ക് പണിയിൽ ഏർപ്പെട്ടിരിക്കുകയാണ് തൊഴിലാളികൾ. നഗരസഭയുടെ ഉദ്ഘാടന തീയതി പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് വടകരയിലെ കായികപ്രേമികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79052/municipal-indoor-stadium-on-to-the-final-polish)