---
title: "ലോകകപ്പിന് നാളുകൾ മാത്രം; വൻ ആവേശത്തിൽ കടത്തനാട് "
english_title: "The World Cup is just days away; Kadthanad in great excitement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80078/the-world-cup-is-just-days-away-kadthanad-in-great-excitement"
published_at: "2022-11-13T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370f30e1d299_sports.jpg"
keywords: []
---

# ലോകകപ്പിന് നാളുകൾ മാത്രം; വൻ ആവേശത്തിൽ കടത്തനാട് 

> **Lead Summary:** **വടകര: **ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വൻ ആവേശത്തിലാണ് കടത്തനാട്. വടകരയിലെ പ്രധാന റോഡുകളിലെല്ലാം വിവിധ രാജ്യങ്ങളുടെ വർണ്ണാഭമായ കൊടി തോരണങ്ങൾ കൊണ്ടും, കട്ടോട്ടുകൾക്കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്.

## Article Content

**വടകര: **ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വൻ ആവേശത്തിലാണ് കടത്തനാട്. വടകരയിലെ പ്രധാന റോഡുകളിലെല്ലാം വിവിധ രാജ്യങ്ങളുടെ വർണ്ണാഭമായ കൊടി തോരണങ്ങൾ കൊണ്ടും, കട്ടോട്ടുകൾക്കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്.

കളരിപ്പയറ്റിന്റെ ഈറ്റില്ലമായ കടത്തനാട്ടിൽ നിന്നും കാൽപന്തുകളിയുടെ ഉന്മാദത്തിലേക്ക് മുഴുകിയിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. ഫുട്ബോൾ ലോകകപ്പിൽ എല്ലായിപ്പോഴും ബ്രസീലിനും അർജന്റീനക്കുമാണ് കൂടുതൽ ആരാധകർ.

അത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന രീതിയിലാണ് ഓരോ ചെറു പട്ടണങ്ങളിലെ ഫ്ലക്സുകളും,കൊടികളും കട്ടൊട്ടുകളും സൂചിപ്പിക്കുന്നത്. എന്നാൽ പതിവ് ലോകകപ്പുകൾക്ക് വിപരീതമായി ഇത്തവണ പോർച്ചുഗലിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. ലയണൽ മെസ്സി, നെയ്മർ ജൂനിയർ ഇവരെപോലെ ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകരും വടകര താലൂക്കിൽ ഒത്തിരിയുണ്ട്.

ബ്രസീലിനും അർജന്റീനക്കും കടുത്ത വെല്ലുവിളിയായിട്ടാണ് ഇത്തവണ പോർച്ചുഗൽ ലോകകപ്പിന് വരുന്നതും അത് കടത്തനാട്ടിലെ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നതും. എതിർ ടീമിന്റെ ദൗർബല്യം പറഞ്ഞും തൻ്റെ ടീമിന്റെ സവിശേഷതകൾ അറിയിച്ചുമാണ് ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 2002ൽ ഏഷ്യയിൽ ലോകകപ്പ് നടന്ന സമയത്തായിരുന്നു ബ്രസീൽ ചാമ്പ്യന്മാരായത്.

ഇത്തവണ ഏഷ്യയിൽ നടക്കുന്ന ലോകകപ്പ് ആയതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സാധ്യത ബ്രസീലിന് ആണെന്ന് ആരാധകർ വിശ്വസിക്കുന്നു. മാത്രവുമല്ല ലോകോത്തര താരമായ നെയ്മർ ജൂനിയർ ഇത്തവണ ലോകകപ്പ് നേടുമെന്നും പ്രതീക്ഷിക്കുന്നു.

ഒരു പക്ഷേ മെസ്സിയുടെ അവസാന ലോകകപ്പ് ആകാമെന്നിരിക്കെ ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത അർജന്റീനക്കാണെന്നും ഇത്തവണ ഞങ്ങൾ കപ്പും കൊണ്ടേ പോകൂ എന്ന ഉറച്ച തീരുമാനത്തിലാണ് മെസ്സി ആരാധകർ. ഒരു യൂറോപ്യൻ രാജ്യത്തിന് കടത്തനാട്ടിൽ വലിയ സ്വീകരണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് പോർച്ചുഗൽ മാത്രമാണ്.

പറങ്കികളുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാരബന്ധമോ സാംസ്കാരിക ഭാഷ വിനിമയമോ ആകാം ഇതിന് കാരണം. ഏതായാലും ലോകകപ്പ് ഏത് ടീം കൊണ്ടുപോയാലും അത് ഫുട്ബോളിന് ഉള്ള വിജയമാണ്. വടകരക്ക് വേണ്ടത് രാസലഹരി അല്ല മറിച്ച് ഫുട്ബോൾ ലഹരി ആണെന്ന സന്ദേശമാണ് ഫുട്ബോൾ ആരാധകർ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80078/the-world-cup-is-just-days-away-kadthanad-in-great-excitement)