---
title: "ഇവരും വിദ്യാർത്ഥികളാണ്; പഠിക്കുവാൻ അവർക്കും അവസരം വേണം"
english_title: "These are also students; They also need an opportunity to learn"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/81636/these-are-also-students-they-also-need-an-opportunity-to-learn"
published_at: "2022-11-23T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637dd1025ef65_STUDENT.jpg"
keywords: []
---

# ഇവരും വിദ്യാർത്ഥികളാണ്; പഠിക്കുവാൻ അവർക്കും അവസരം വേണം

> **Lead Summary:** **വടകര:** ഇവരും കുട്ടികളാണ് പഠിക്കുവാൻ അവർക്കും തുല്യ അവസരം വേണം. വടകര താലൂക്കിലും കേരളത്തിലുമായി ഏകദേശം 30 ലക്ഷത്തോളം അതിഥി തൊഴിലാളികൾ വസിക്കുന്നു എന്നാണ് കണക്ക്. ഇതിൽ പതിനായിരക്കണക്കിന് കുടുംബങ്ങളും ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്.

## Article Content

**വടകര:** ഇവരും കുട്ടികളാണ് പഠിക്കുവാൻ അവർക്കും തുല്യ അവസരം വേണം. വടകര താലൂക്കിലും കേരളത്തിലുമായി ഏകദേശം 30 ലക്ഷത്തോളം അതിഥി തൊഴിലാളികൾ വസിക്കുന്നു എന്നാണ് കണക്ക്. ഇതിൽ പതിനായിരക്കണക്കിന് കുടുംബങ്ങളും ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്.

പക്ഷേ, വളരെ പരിതാപകരമാണ് അവരുടെ മക്കളുടെ സ്ഥിതി. തുച്ഛമായ ശതമാനം വിദ്യാർത്ഥികൾ മാത്രമേ ഇവിടെ സ്കൂളുകളിൽ പഠിക്കുന്നുള്ളൂ. പലരും സർക്കാർ സ്കൂളുകളിലാണ് പഠിക്കുന്നത്. പക്ഷേ അന്യ നാടുകളിൽ നിന്ന് വരുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുവാൻ വേണ്ടത്ര ഗൗരവം സ്കൂൾ അധികൃതരോ, പി.ടി.എയോ എടുക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.

അതിഥി തൊഴിലാളി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പല കോർട്ടേഴ്സുകളും, വാടക മുറികളും, നമ്മുടെ നാട്ടിൽ നിരവധി പ്രദേശങ്ങളിലായിട്ടുണ്ട്. അവിടെയൊക്കെ പോയി സർവ്വെ നടത്തുകയും എത്ര വിദ്യാർത്ഥികളാണ് പഠിക്കാതെ വീട്ടിൽ തന്നെ ഇരിക്കുന്നതെന്ന് അന്വേഷിക്കാൻ പോലും ഇവിടുത്തെ അധികൃതർ തയ്യാറാകുന്നില്ല.

പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ മലയാളി വിദ്യാർത്ഥികൾ ക്ലാസിൽ കുറഞ്ഞാൽ മാത്രം അന്യസംസ്ഥാന വിദ്യാർത്ഥികളെ ആശ്രയിക്കാം, എന്ന ഒരു അലിഖിത നിയമ പശ്ചാത്തലത്തിലാണ് പല സ്കൂളുകളും പ്രവർത്തിക്കുന്നത്. ഇത് മറുനാടൻ വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരതയാണ്.

ഒരു ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളിലെങ്കിലും അതാത് പഞ്ചായത്തിലെ മുഴുവൻ മറുനാടൻ വിദ്യാർത്ഥികളെയും പഠിപ്പിക്കുവാനുള്ള അവസരം പഞ്ചായത്ത് ഒരുക്കണം. ഏതു ഭാഷയിൽ ആണോ അവർക്ക് കാര്യങ്ങൾ മനസ്സിലാവുക, എങ്കിൽ അവരെ എല്ലാവരെയും ആ ഭാഷ അധ്യാപകനെ കൊണ്ട് വിവരങ്ങൾ വിശദീകരിച്ച് മനസ്സിലാക്കി കൊടുക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണം.

അല്ലെങ്കിൽ, അതിഥി വിദ്യാർഥികൾക്കായി പ്രത്യേകമായ ഒരു ക്ലാസ് റൂം ഡിവിഷനെങ്കിലും പഞ്ചായത്തിലെ ഏതെങ്കിലും ഒരു സ്കൂളുകളിൽ ആരംഭിക്കുക. ഇത്തരത്തിൽ പല രീതിയിലും ഈ ഒരു പ്രശ്നത്തെ പരിഹരിക്കുവാൻ സാധിക്കുന്നതാണ്. പക്ഷേ ഇക്കാര്യത്തിൽ നമ്മൾ അസഹിഷ്ണുത കാണിക്കുന്നുണ്ടോ എന്ന ഒരു സംശയം അന്യസംസ്ഥാന രക്ഷിതാക്കൾക്കിടയിലുണ്ട്. ആഗോളവൽക്കരണത്തിന്റെ ഭാഗമായി പല നാടുകളിലേക്കും കുടിയേറ്റം ആരംഭിച്ചവരാണ് നമ്മൾ മലയാളികൾ.

അന്യസംസ്ഥാനത്തേക്കും നിരവധി രാജ്യങ്ങളിലേക്കും ദിനംപ്രതി നമ്മുടെ കേരള വിദ്യാർത്ഥികൾ ഒഴുകുന്നു.. അതേ ആഗോളവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ബംഗാളിൽ നിന്നും, ഒഡീഷയിൽ നിന്നും, ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും, ഉൾപ്പെടെ പല നാടുകളിൽ നിന്നുമായി നമ്മുടെ നാട്ടിലേക്ക് ജനങ്ങൾ കൂട്ടം കൂട്ടമായി വരുന്നത്. അതുകൊണ്ടുതന്നെ ഇതൊരു കൊടുക്കൽ വാങ്ങൽ പ്രക്രിയയാണ്. ഇവിടെ ആരും സ്ഥിരമല്ല. ആർക്കും എങ്ങോട്ടും പോകാം എന്ന ഒരു അവസ്ഥയിലേക്കാണ് ലോകം മാറിയിരിക്കുന്നത്.

കഴിഞ്ഞ 12 വർഷത്തിനിടെ 25 ശതമാനത്തിന്റെ വർദ്ധനവാണ് അതിഥികളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ആദ്യകാലങ്ങളിൽ കേവലം കൂലി തൊഴിലാളികളായി മാത്രമാണ് അവർ വന്നതെങ്കിൽ ഇപ്പോൾ പല സ്ഥാപനങ്ങളും നടത്തുന്നതോ, അല്ലെങ്കിൽ മുതലാളിമാരോ ആണ്. അതിഥി തൊഴിലാളി കുടുംബങ്ങളുടെ ജീവിതത്തിലും ആശാവഹമായ മാറ്റങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്.അത്തരത്തിൽ ഇന്നത്തെ വർത്തമാന സാഹചര്യത്തിൽ മറുനാടൻ മനുഷ്യരെ അവഗണിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേരളം മുന്നോട്ടു പോയിരിക്കുകയാണ്.

അതുകൊണ്ട് പുതിയ പാഠ്യപദ്ധതി പരിഷ്കരണ ചർച്ച തുടർന്നുകൊണ്ടിരിക്കെ അതിഥി വിദ്യാർഥികളെ എങ്ങനെ പുനരധിവസിപ്പിക്കാം, അവർക്ക് എങ്ങനെ മികച്ച വിദ്യാഭ്യാസം നൽകാം അവരുടെ ഭാഷയിൽ. ഇതേക്കുറിച്ച് ഗൗരവപരമായ ചർച്ച സമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ടതുണ്ട്. നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്നതുപോലെ വിദ്യാഭ്യാസത്തിനുള്ള അവകാശം അത് ഓരോ ഇന്ത്യൻ പൗരനുമാണ്.

ഇന്ത്യയിലെ ഏതുഭാഗത്തായാലും അത് ഉറപ്പുവരുത്തേണ്ടത് അധികൃതരുടെയും, നിയമപാലകരുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ട് അതിഥി തൊഴിലാളി മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അതീവ ശ്രദ്ധ അധികൃതർ ചെലുത്തണമെന്ന് ആവശ്യത്തിലാണ് നാട്ടുകാരും, അതിഥി വിദ്യാർത്ഥികളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/81636/these-are-also-students-they-also-need-an-opportunity-to-learn)