---
title: "വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത കുഞ്ഞിപ്പള്ളി  വഖഫ് ഭൂമി ഏറ്റെടുക്കരുതെന്ന്  ഹൈക്കോടതി വിധി"
english_title: "High court rules not to acquire Kunjipally Waqf land not included in notification"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8232/high-court-rules-not-to-acquire-kunjipally-waqf-land-not-included-in-notification"
published_at: "2021-10-31T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ec4b9abd3e_vaqaf land in azhiyoor .jpg"
keywords: []
---

# വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത കുഞ്ഞിപ്പള്ളി  വഖഫ് ഭൂമി ഏറ്റെടുക്കരുതെന്ന്  ഹൈക്കോടതി വിധി

> **Lead Summary:** വടകര: ദേശീയപാത വികസനത്തിന് വേണ്ടി പുറപ്പെടുവിച്ച 3A വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത ചോമ്പാല കുഞ്ഞിപ്പള്ളി വഖഫ് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി.

## Article Content

വടകര: ദേശീയപാത വികസനത്തിന് വേണ്ടി പുറപ്പെടുവിച്ച 3A വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത ചോമ്പാല കുഞ്ഞിപ്പള്ളി വഖഫ് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി.

ഡിപി ആറിലും ഓണര്‍ഷിപ്പ് സ്റ്റാറ്റസിലും ഉള്‍പ്പെടാത്ത അഴിയൂര്‍ വില്ലേജ് ചോമ്പാല ദേശത്തെ റി.സ 10/11, 24/2 നമ്പറുകളില്‍ പെട്ട കുഞ്ഞിപ്പള്ളി വഖഫ് ഭൂമി നിയമവിരുദ്ധമായി അക്വസിഷന്‍ ചെയ്യുന്നതിനെതിരെ വഖഫ് പരിപാലന സമിതി സംസ്ഥാന സിക്രട്ടറി ഉമ്മര്‍ ഏറാമല, കുഞ്ഞിപ്പള്ളി മഹല്‍ സംരക്ഷണ സമിതി ഭാരവാഹികളായ അഴിയൂര്‍ ഗ്രാമപഞ്ചായത്തംഗം സാലിം പുനത്തില്‍, അലി എരിക്കില്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച 4563/21 നമ്പര്‍ റിട്ട് പെറ്റീഷനിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പുറപ്പെടുവിച്ചത്.

കേന്ദ്ര സര്‍ക്കാര്‍, നാഷണല്‍ ഹൈവേ അതോറിറ്റി, കേരള സര്‍ക്കാര്‍, ജില്ലാ കലക്ടര്‍, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ എതിര്‍കക്ഷികളായ കേസില്‍ വിശദമായ വാദത്തിനൊടുവിലാണ് മേല്‍ ഭൂമി വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ചോമ്പാല മിനി സ്റ്റേഡിയം കൂടി ഉള്‍പ്പെട്ടതാണ് മേല്‍ സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട ഭൂമി. നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടാത്ത ഭൂമി പിന്നീട് ചില ദുരൂഹ ഇടപെടലുകളുടെ ഭാഗമായാണ് അലൈന്റ്‌മെന്റില്‍ ഉള്‍പ്പെട്ടതെന്ന് മുമ്പേ ആരോപണമുയര്‍ന്നിരുന്നു.

ദേശീയപാത അധികൃതരില്‍ നിന്നും പരാതിക്കാര്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളില്‍ കുഞ്ഞിപ്പള്ളി ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഈ രേഖകള്‍ എല്ലാം പരിശോധിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. അന്യായമായി ഭൂമി ഏറ്റെടുക്കാന്‍ ദേശീയപാത അധികൃതര്‍ ശ്രമിക്കുമ്പോഴും കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റി ഒരു നടപടിയും സ്വീകരിക്കാതിരുന്നപ്പോഴാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പരാതിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ: കെ രാംകുമാര്‍, ടി എച്ച് അരവിന്ദ്, ടി രാമപ്രസാദ് ഉണ്ണി, എസ് എം പ്രശാന്ത്, ജി രജ്ഞിത്, ആര്‍ എച്ച് അശ്വനി ശങ്കര്‍ എന്നിവരും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സിജിസി അഡ്വ: മിനി ഗോപിനാഥ്, ദേശീയപാത അതോറിറ്റിക്ക് വേണ്ടി കെ സുദിന്‍കുമാര്‍ എന്നിവരും ഹാജരായി.

ദേശീയപാത അക്വസിഷനില്‍ മുക്കാളി മുതല്‍ വടക്ക് ഭാഗത്തേക്ക് കുഞ്ഞിപ്പള്ളി വരെ അലൈന്റ്‌മെന്റില്‍ കൃത്രിമം നടന്നെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8232/high-court-rules-not-to-acquire-kunjipally-waqf-land-not-included-in-notification)