---
title: "അപ്പീലിലൂടെ എത്തി വിജയത്തിന്റെ ബൗണ്ടറി കടന്ന് മേമുണ്ട സ്കൂൾ നാടകം"
english_title: "Memunda School drama after reaching through the appeal and crossing the boundary of victory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82661/memunda-school-drama-after-reaching-through-the-appeal-and-crossing-the-boundary-of-victory"
published_at: "2022-11-30T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387086ebaae7_memunda_drama.jpg"
keywords: []
---

# അപ്പീലിലൂടെ എത്തി വിജയത്തിന്റെ ബൗണ്ടറി കടന്ന് മേമുണ്ട സ്കൂൾ നാടകം

> **Lead Summary:** **വടകര: **സങ്കുചിതമായ ദേശസ്നേഹത്തിന്റെയും അസഹിഷ്ണുതയുടെയും സ്ഥാനത്ത് മാനവികതയുടെ അതിരുകളില്ലാത്ത ലോകത്തിന്റെ പിറവിയെ സ്വപ്നം കാണുന്ന നാടകമാണ് ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന്റെ 'ബൗണ്ടറി എന്ന നാടകം .

## Article Content

**വടകര: **സങ്കുചിതമായ ദേശസ്നേഹത്തിന്റെയും അസഹിഷ്ണുതയുടെയും സ്ഥാനത്ത് മാനവികതയുടെ അതിരുകളില്ലാത്ത ലോകത്തിന്റെ പിറവിയെ സ്വപ്നം കാണുന്ന നാടകമാണ് ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന്റെ 'ബൗണ്ടറി എന്ന നാടകം .

നാട്ടിലെ ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടികൾക്കിടയിൽ നിന്ന് അണ്ടർ 19 ദേശീയ വനിതാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഫാത്തിമ സുൽത്താനയെന്ന പെൺകുട്ടി ഇന്ത്യാ- പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വിജയിച്ച പാക് ടീമിന്റെ ചിത്രവും വാർത്തയും തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിൽ കളിയിൽ വിലക്ക് ഭീഷണി നേരിടുകയാണ്.

നാടെങ്ങും ഫാത്തിമ സുൽത്താനയ്ക്കെതിരായി പ്രതിഷേധങ്ങളും കൊലവിളികളുമുയരുമ്പോൾ വിശ്വമാനവികതയുടെ സ്നേഹ ഗായകരായ കുട്ടികൾ അവൾക്കു വേണ്ടി പ്രതിരോധം സൃഷ്ടിക്കുകയാണ്. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ആക്രോശങ്ങൾക്കിടയിൽ കലാ - കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യന്റെ എല്ലാ ആ വിഷ്കാരങ്ങളുടെയും അന്തർധാര സ്നേഹവും സാഹോദര്യവുമാണെന്ന് ഈ നാടകം വിളിച്ചു പറയുന്നു.

> സങ്കുചിതമായ മതബോധവും ദേശീയതയും ഒരുപോലെ ആപൽക്കരമാണെന്ന സന്ദേശം നൽകുന്നു. മൂന്നു പതിറ്റാണ്ടുകാലത്തിനിടയിൽ നിരവധി കലോത്സവങ്ങളിൽ കോഴിക്കോട് ജില്ലാ വിജയികളായി സംസ്ഥാന തലത്തിൽ നാടക കിരീടം സ്വന്തമാക്കിയ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന്റെ " ബൗണ്ടറി " എന്ന ഈ നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് റഫീഖ് മംഗലശ്ശേരിയാണ്.

യു.പി. വിഭാഗത്തിലും നാടക കിരീടം മേമുണ്ടയ്ക്കായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലും നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയതോടെ വിജയത്തിന്റെ ഇരട്ടിമധുരമാണ് മേമുണ്ട നുണയുന്നത്.

> സബ്ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന മേമുണ്ട ടീം അപ്പീലിലൂടെയാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത് വിജയം കൊയ്തെടുക്കുന്നത്. "ബൗണ്ടറി " എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഈ നാടകം എല്ലാ വേലികളുടെയും മതിലുകളുടെയും അതിരുകളെ മറികടന്ന് പ്രേക്ഷകഹൃദയത്തിൽ ആഞ്ഞുപതിക്കുന്ന സ്നേഹ സാഹോദര്യങ്ങളുടെ ഒരു പന്ത് തന്നെയാണ്.

ടീം അംഗങ്ങൾ ....  യുക്ത അനിൽ, ഹേതിക ആർ എസ്, ആവണി എസ്, റിയ സുധീർ, ദീക്ഷിത്, ദേവാഞ്ജന എസ് മനോജ്, നേഹ സാൽവിയ ബി എസ്, മിത്രബിന്ദ, എയ്ഞ്ചൽ ബി ദീഷ്, ഗൗതം സാരംഗ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82661/memunda-school-drama-after-reaching-through-the-appeal-and-crossing-the-boundary-of-victory)