---
title: "അബ്ദുൽ കലാമിലൂടെ പ്രചോദനം; അഗ്നിച്ചിറകേന്തി രേവതി"
english_title: "Revathi Antony won first place in Veena reading competition with A grade."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82840/revathi-antony-won-first-place-in-veena-reading-competition-with-a-grade"
published_at: "2022-12-01T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63886508f0cef_revathi.jpg"
keywords: []
---

# അബ്ദുൽ കലാമിലൂടെ പ്രചോദനം; അഗ്നിച്ചിറകേന്തി രേവതി

> **Lead Summary:** **വടകര:** മുൻ രാഷ്ട്രപതി ഡോ: എപിജെ അബ്ദുൽ കലാമിന്റെ ജീവിതാനുഭവങ്ങൾ സ്കൂളിൽനിന്ന് അറിവായി ലഭിച്ചപ്പോൾ സംഭവിച്ചത് വലിയ മാറ്റം. ഹയർസെക്കൻഡറി വിഭാഗം വീണ വായന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് രേവതി ആൻറണി.

## Article Content

**വടകര:** മുൻ രാഷ്ട്രപതി ഡോ: എപിജെ അബ്ദുൽ കലാമിന്റെ ജീവിതാനുഭവങ്ങൾ സ്കൂളിൽനിന്ന് അറിവായി ലഭിച്ചപ്പോൾ സംഭവിച്ചത് വലിയ മാറ്റം. ഹയർസെക്കൻഡറി വിഭാഗം വീണ വായന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് രേവതി ആൻറണി.

ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കുറ്റ്യാടിയിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്. ബാല്യകാലത്ത് എവിടെനിന്നോ അബ്ദുൽ കലാമിനെ കുറിച്ചു കേൾക്കാനിടയായി. അദ്ദേഹം വീണ വാദകനായിരുന്നുവെന്ന് രേവതി മനസ്സിലാക്കി.

അന്നുമുതൽ തുടങ്ങിയതാണ് വീണ വായനയോടുള്ള പ്രണയം. കഴിഞ്ഞ ആറു വർഷമായി രാമചന്ദ്രൻ മാസ്റ്ററുടെ (മുൻ സംഗീത അധ്യാപകൻ കടത്തനാട് രാജാസ്) കീഴിൽ വീണ അഭ്യസിക്കുകയാണ്. റവന്യൂ കലോത്സവത്തിൽ നാടൻപാട്ട് മത്സരത്തിൽ കൂടി ഈ മിടുക്കി പങ്കെടുക്കുന്നുണ്ട്.

തൻ്റെ വീടായ തൊട്ടിൽപ്പാലത്തു നിന്നും 25 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് പുറമേരിയിൽ പോയി വീണ അഭ്യസിക്കുന്നത്. അത്രത്തോളം തന്റെ മകൾ വീണ വായനയെ സ്നേഹിക്കുന്നതായി മാതാപിതാക്കളായ ആന്റണി കെ എം (മലയാളം അധ്യാപകൻ ജി എച്ച് എസ് എസ് കല്ലാച്ചി), ഷീല കെ ജെ (മലയാളം അധ്യാപിക കാവിലുംപാറ ഹൈസ്കൂൾ) പറഞ്ഞു.

ആറാം ക്ലാസ് മുതൽ തന്നെ രേവതിക്ക് സംഗീതത്തോട് കമ്പമുണ്ടായിരുന്നു. വായ്പാട്ട് നേരത്തെ പഠിച്ചിരുന്നതാണ്. മാത്രമല്ല ശാസ്ത്രീയ സംഗീതം അഭിലാഷ് മാസ്റ്ററുടെ നേതൃത്വത്തിലാണ് അഭ്യസിക്കുന്നത്. നേരത്തെ കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ വീണ വായന, ശാസ്ത്രീയ സംഗീതം, പദ്യം ചൊല്ലൽ എന്നീ മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.

ഇതിൽ വീണ വായനയിൽ ഒന്നാം സ്ഥാനത്താണ്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന്റെ ഒരുക്കത്തിലാണ് രേവതിയും കുടുംബവും.

രേവതിയെ കൂടാതെ സഹോദരിമാരായ ഗായത്രിയും ആരതിയും സംഗീതത്തെ സ്നേഹിക്കുന്നവരും കലാ മത്സരത്തിൽ നേരത്തെ പങ്കെടുത്തവരമാണ്. ഗായത്രി എൻജിനീയറിങ് പഠനം പൂർത്തിയായി.ആരതി ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുമാണ്. രേവതിയുടെ നേട്ടത്തിൽ അഭിമാനിക്കുകയാണ് കുടുംബവും ഒപ്പം കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82840/revathi-antony-won-first-place-in-veena-reading-competition-with-a-grade)