---
title: "ബൈക്കുകൾ കത്തിച്ചു; വൈക്കലശ്ശേരിയിൽ കോളേജ് വിദ്യാർത്ഥികളുടെ ബൈക്കുകൾ കത്തിച്ചു "
english_title: "Bikes burned; Bikes of college students burnt in Vaikalassery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83581/bikes-burned-bikes-of-college-students-burnt-in-vaikalassery"
published_at: "2022-12-06T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ebaba461f8_1.jpg"
keywords: []
---

# ബൈക്കുകൾ കത്തിച്ചു; വൈക്കലശ്ശേരിയിൽ കോളേജ് വിദ്യാർത്ഥികളുടെ ബൈക്കുകൾ കത്തിച്ചു 

> **Lead Summary:** **വടകര: **വൈക്കലശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കോളേജ് വിദ്യാർത്ഥികളുടെ ബൈക്കുകൾ റോഡിലേക്ക് ഇറക്കിവെച്ച് കത്തിച്ചു. മേപ്പാടി പോളിടെക്നിക് കോളേജിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിയുടെ ഇരുചക്രവാഹനങ്ങളാണ് കത്തിച്ചത്.

## Article Content

**വടകര: **വൈക്കലശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കോളേജ് വിദ്യാർത്ഥികളുടെ ബൈക്കുകൾ റോഡിലേക്ക് ഇറക്കിവെച്ച് കത്തിച്ചു. മേപ്പാടി പോളിടെക്നിക് കോളേജിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിയുടെ ഇരുചക്രവാഹനങ്ങളാണ് കത്തിച്ചത്.

എസ്എഫ്ഐ പ്രവർത്തക അപർണ ഗൗരിയെ ആക്രമിച്ച പ്രതികളായ ഗോകുലം പബ്ലിക്ക് സ്കൂൾ പരിസരത്തെ വൈകിലശ്ശേരി കിഴക്കെ തിരുവോത്ത് ശശീന്ദ്രൻ്റ മകൻ അതുൽ ഏറാമലയിലെ കിരൺ രാജ് എന്നിവരുടെ ബൈക്കുകളാണ് കത്തിച്ചത്. കിരണിന്റെ ബൈക്ക് അതുലിന്റെ ബൈക്കിന്റെ കൂടെ നിർത്തിയതായിരുന്നു.

ഇരുവരും ഇപ്പോൾ ജയിലിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അതുലിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയ ബൈക്കുകൾ റോഡിലേക്ക് ഇറക്കി തീവെച്ചത്. രണ്ട് പേർ ഓടി പോകുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു. വടകര സിഐ മനോജിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ മർദിച്ചകേസിൽ മൂന്നുപേരെയും മേപ്പാടി ഇൻസ്പെക്ടർ എ.ബി. വിപിനിനെ മർദിച്ചകേസിൽ ഒരാളുമാണ് അറസ്റ്റിലായത്. കോളേജിലെ വിദ്യാർഥികളായ അതുൽ, കിരൺ രാജ്, മുഹമ്മദ് ഷിബിൽ എന്നിവരാണ് അപർണയെ മർദിച്ചകേസിൽ അറസ്റ്റിലായത്.

ഇൻസ്പെക്ടർ എ.ബി. വിപിനിനെ മർദിച്ചകേസിൽ അലൻ ആന്റണിയുമാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. അതിക്രമം, മർദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കണ്ടാലറിയുന്ന നാൽപ്പതോളം പേർക്ക് നേരെയും കേസെടുത്തു.

സംഘർഷത്തെത്തുടർന്ന് കോളേജ് താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കോളേജ് പ്രവർത്തിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു കോളേജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായത്.

ലഹരി ഉപയോഗവുമായി ബന്ധപ്പട്ട വിഷയത്തിലും കോളേജിൽ വിദ്യാർഥികൾതമ്മിൽ തർക്കമുണ്ടായിരുന്നു. കോളേജിൽ മയക്കുമരുന്ന് മാഫിയയ്ക്കെതിരേ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് എസ്.എഫ്.ഐയ്ക്കെതിരേ അതിക്രമം നടന്നതെന്നും കാമ്പസിൽ മയക്കുമരുന്ന് സംഘത്തെ മുൻനിർത്തിയാണ് കെ.എസ്.യുവും, എം.എസ്.എഫും., എ.ബി.വി.പിയും തിരഞ്ഞെടുപ്പിനെ നേടിട്ടതെന്നുമാണ് എ.എസ്.എഫ്.ഐ. പറയുന്നത്. കോളേജ് യൂണിയൻ നഷ്ടമാവുമെന്ന സൂചനയിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് എം.എസ്.എഫിന്റെ ആരോപണം.

അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കല്പറ്റ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി ഓഫീസിൽനിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനം ടൗൺചുറ്റി ചുങ്കം ജങ്ഷനിൽ സമാപിച്ചു. മയക്കുമരുന്ന് മാഫിയക്കൊപ്പംചേർന്ന് മേപ്പാടി പോളിടെക്നിക് കോളേജിൽ എസ്.എഫ്.ഐ. വനിതാനേതാവിനെ വധിക്കാൻ ശ്രമിച്ചവരുെട പേരിൽ കർശനനടപടി എടുക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കാമ്പസിൽ അരാജകത്വം പ്രോത്സാഹിപ്പിച്ച്, മയക്കുമരുന്ന് സംഘത്തെ മുൻനിർത്തിയാണ് യു.ഡി.എസ്.എഫ്. തിഞ്ഞെടുപ്പിനെ നേരിട്ടത്. മേപ്പാടിയിലെ മുസ്ലിം ലീഗും കോൺഗ്രസും ഇവർക്ക് പിന്തുണ നൽകുകയാണെന്നും സി.പി.എം. ആരോപിച്ചു. കാലിക്കറ്റ്-കണ്ണൂർ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള കോളേജ്, പോളിടെക്നിക് തിരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ്. പ്രവർത്തകരായ വിദ്യാർഥികളെ മർദിച്ചതിൽ കോൺഗ്രസ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

സർക്കാരിന്റെ ഒത്താശയോടെ എസ്.എഫ്.ഐ, ഡി.വൈ.എഫ്. ഐ. പ്രവർത്തകർ കലാലയങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മയക്കുമരുന്ന് ഉപയോഗിച്ച് യു.ഡി.എസ്.എഫ്. പ്രവർത്തകരായ വിദ്യാർഥികളെ പോലീസ് സഹായത്തോടെ മർദിച്ചു.

ജില്ലയിലെ കലാലയങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ.ക്കുണ്ടായ പരാജയം മറച്ചുവെക്കുന്നതിന് അക്രമണം നടത്തുന്നത്. ഗുരുതരമായി പരിക്കുപറ്റി ആശുപത്രിയിൽ കിടക്കുന്നവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾചുമത്തി കേസെടുത്ത് റിമാൻഡിൽ വെക്കാൻ പോലീസും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.

ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അപർണ ഗൗരിയെ കാണാനെത്തിയപ്പോൾ 'ട്രാബിയോക്ക്' എന്നുപേരുള്ള മയക്കുമരുന്ന് സംഘത്തിനും ആക്രമണത്തിന് കൂട്ടുനിൽക്കുകയും സംരക്ഷണം നൽകുകയും ചെയ്ത യു.ഡി.എസ്.എഫ്. സംഘത്തിനുംനേരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആവശ്യപ്പെട്ടു.

മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപർണയെ അദ്ദേഹം സന്ദർശിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. റഫീഖ്, ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ ഗോപാൽ, കല്പറ്റ ബ്ലോക്ക് ട്രഷറർ എം.കെ. റിയാസ്, മേഖലാ പ്രസിഡന്റ് ബിജേഷ് ബാലകൃഷ്ണൻ, സി.പി.എം. വൈത്തിരി ഏരിയാ സെക്രട്ടറി സി. യൂസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83581/bikes-burned-bikes-of-college-students-burnt-in-vaikalassery)