---
title: "നടക്കുതാഴ- ചോറോട് കനാലിൽ മാലിന്യം; കർശന നടപടിയുമായി ഗ്രാമപഞ്ചായത്ത്"
english_title: " Garbage in Nadakuthaza-Chorod Canal; Gram panchayat with strict action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83684/garbage-in-nadakuthaza-chorod-canal-gram-panchayat-with-strict-action"
published_at: "2022-12-06T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f179c265c6_15.jpg"
keywords: []
---

# നടക്കുതാഴ- ചോറോട് കനാലിൽ മാലിന്യം; കർശന നടപടിയുമായി ഗ്രാമപഞ്ചായത്ത്

> **Lead Summary:** **വൈക്കിലശ്ശേരി:** നടക്കുതാഴ-ചോറോട് കനാലിൽ കെട്ടിട അവിശിഷ്ടങ്ങൾ ,പ്ലാസ്റ്റിക് ബോട്ടിലുകൾ, കക്കൂസ് മാലിന്യമടക്കം നിക്ഷേപിക്കുന്നത് പതിവാകുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ചോറോട് ഗ്രാമപഞ്ചായത്ത് രംഗത്ത് .

## Article Content

**വൈക്കിലശ്ശേരി:** നടക്കുതാഴ-ചോറോട് കനാലിൽ കെട്ടിട അവിശിഷ്ടങ്ങൾ ,പ്ലാസ്റ്റിക് ബോട്ടിലുകൾ, കക്കൂസ് മാലിന്യമടക്കം നിക്ഷേപിക്കുന്നത് പതിവാകുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ചോറോട് ഗ്രാമപഞ്ചായത്ത് രംഗത്ത് .

കനാലിന്റെ വൈക്കിലശ്ശേരി ഭാഗത്ത് ആഴാട്ട് ഇല്ലത്തിനും ഇല്ലത്തെ കാവിനും സമീപമാണ് സ്വകാര്യ വ്യക്തി കെട്ടിട അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത്.വീടിന്റെ നിർമ്മാണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവ വീട്ടിന്റെ പിറകുവശത്തെ മതിലിനു മുകളിൽ കൂടി പുഴയിലേക്ക് വലിച്ചെറിയുകയാണ്.

ഇവിടെ പ്ലാസ്റ്റിക് കത്തിക്കുകായും ചെയ്തിട്ടുണ്ട്. കനാൽ സംരക്ഷണത്തിനും പുതുക്കി പണിയാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റ് സംഘടനകളും അക്ഷീണം പരിശ്രമിക്കുമ്പോഴാണ് ചില സമീപവാസികൾ കനാലിനെ മലിനമാക്കുന്നത്. മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെട്ടത് കാരണം ദിവസങ്ങളോളം നിരവധി വീടുകൾ വെള്ളത്തിലാവുകയും റോഡുകളിലൂടെ യാത്ര ചെയ്യാൻ കഴിയാതെയും വന്നിരുന്നു.

കനാലിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാൻ കർശന പരിശോധന ആരംഭിക്കും.ഏറാമല പഞ്ചായത്തിലെ വീടിന്റെ ഉടമയാണ് മാലിന്യം ഇട്ടത്. ഇത് , ഉടൻ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറാമല പഞ്ചായത്ത് സെക്രട്ടറിക്ക് അറിയിപ്പും നൽകി.

സംഭവസ്ഥലത്ത് പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ ജൂനിയർ സൂപ്രണ്ട് ബാബുരാജ് പി., അമൽ ചന്ദ് ബി ജി, എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

എത്രയും വേഗം മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. കനാലിൽ മാലിന്യം നിക്ഷേപിച്ചാൽ കർശനമായ നിയമ നടപടിയും പിഴ സംഖ്യയും ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83684/garbage-in-nadakuthaza-chorod-canal-gram-panchayat-with-strict-action)