---
title: "എട്ടാംക്ലാസുകാരിയെ ലഹരിക്കടിമയാക്കി വിതരണത്തിനായി ഉപയോഗിച്ച സംഘത്തിനെതിരെ സമഗ്ര അന്വേഷണം വേണം - കെ.കെ രമ"
english_title: "There should be a thorough investigation against the group that drugged the 8th class girl and used it for distribution - KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83724/there-should-be-a-thorough-investigation-against-the-group-that-drugged-the-8th-class-girl-and-used-it-for-distribution-kk-rama-mla"
published_at: "2022-12-06T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f509b26bfb_22.jpg"
keywords: []
---

# എട്ടാംക്ലാസുകാരിയെ ലഹരിക്കടിമയാക്കി വിതരണത്തിനായി ഉപയോഗിച്ച സംഘത്തിനെതിരെ സമഗ്ര അന്വേഷണം വേണം - കെ.കെ രമ

> **Lead Summary:** **വടകര: **അഴിയൂരിൽ എട്ടാംക്ലാസുകാരിയായ കുട്ടിയെ വശത്താക്കി ലഹരിമാഫിയസംഘം ലഹരി ഉപയോഗവും വിതരണവും നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ.രമ എം.എൽ.എ.

## Article Content

**വടകര: **അഴിയൂരിൽ എട്ടാംക്ലാസുകാരിയായ കുട്ടിയെ വശത്താക്കി ലഹരിമാഫിയസംഘം ലഹരി ഉപയോഗവും വിതരണവും നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ.രമ എം.എൽ.എ.

കബഡി ടീമംഗവും എസ്.പി.സി കേഡറ്റുമായ കുട്ടിയെ ശാരീരിക ക്ഷമതയില്ലെന്നു പറഞ്ഞാണ് മയക്കുമരുന്ന് അടങ്ങിയ ബിസ്‌കറ്റ് നൽകി ഇവരുടെ വലയിലാക്കിയത്. പിന്നീട് ഇഞ്ചക്ഷനായും പൊടിയായുമൊക്കെ മാരകമായ രാസലഹരിക്ക് കുട്ടിയെ അടിമപ്പെടുത്തുകയായിരുന്നു.

സ്ത്രീകളടക്കമുള്ള സംഘമാണ് ഇതിനുപിന്നിലെന്നാണ് കുട്ടിയുടെ മൊഴിയിൽനിന്നും മനസിലാകുന്നത്. നമ്മുടെ നാട് എല്ലാ വ്യത്യാസങ്ങളും മറന്ന് ലഹരിയെന്ന മഹാവിപത്തിനെതിരെ ശക്തമായി പൊതുസമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഈ കുട്ടിമാത്രമല്ല ഇതേ സ്‌കൂളിലുള്ള മറ്റ് കുട്ടികളും ഇത്തരത്തിൽ ഈ ചതിക്കുഴിയിൽ അകപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിക്കണം.

രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകിയപ്പോൾ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തിട്ടുപോലും പ്രതിയാക്കപ്പെട്ടയാളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതുസംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിനോടും, റൂറൽ എസ്.പിയോടും ആവശ്യപ്പെട്ടതായും കെ.കെ രമ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83724/there-should-be-a-thorough-investigation-against-the-group-that-drugged-the-8th-class-girl-and-used-it-for-distribution-kk-rama-mla)