---
title: "ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ച്;ലഹരിമാഫിയക്കെതിരേ മഹിളാ ജനതാദൾ പ്രതിഷേധമാർച്ച് ഇന്ന് "
english_title: "Police station march today; Mahila Janata Dal protest march against Laharimafia "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83957/police-station-march-today-mahila-janata-dal-protest-march-against-laharimafia"
published_at: "2022-12-08T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63914c7e21b96_17.jpg"
keywords: []
---

# ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ച്;ലഹരിമാഫിയക്കെതിരേ മഹിളാ ജനതാദൾ പ്രതിഷേധമാർച്ച് ഇന്ന് 

> **Lead Summary:** **വടകര: **അഴിയൂരിലെ ലഹരിമാഫിയക്കെതിരേ മഹിളാ ജനതാദൾ പ്രതിഷേധമാർച്ച് വ്യാഴാഴ്ച നാലിന് ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് നടത്തും.

## Article Content

**വടകര: **അഴിയൂരിലെ ലഹരിമാഫിയക്കെതിരേ മഹിളാ ജനതാദൾ പ്രതിഷേധമാർച്ച് വ്യാഴാഴ്ച നാലിന് ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് നടത്തും.

അഴിയൂർ പഞ്ചായത്ത് ജനകീയമുന്നണി ലഹരിമാഫിയ-ഭരണകൂട രാഷ്ട്രീയകൂട്ടുകെട്ടിനെതിരേ എന്ന മുദ്രാവാക്യമുയർത്തി ജനകീയകൂട്ടായ്മയും വ്യാഴാഴ്ച അഞ്ചിന് കുഞ്ഞിപ്പള്ളി ടൗണിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

ലഹരിമാഫിയ മയക്കുമരുന്ന് നൽകി ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ലഹരിക്കെതിരേ പ്രതിരോധം തീർക്കാൻ അഴിയൂർ.

ഇന്നലെ രാവിലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി. രാജേന്ദ്രന്റെ നേതൃത്വത്തിൽ കുട്ടി പഠിക്കുന്ന സ്കൂളിൽ യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തുടർപദ്ധതികൾ ആസൂത്രണംചെയ്തു. വൈകീട്ട് അഴിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗവും ചേർന്നു.

പെൺകുട്ടിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ക്ലാസ് തിരിച്ച് ബോധവത്കരണം നടത്തും .സ്കൂളിൽ ലഹരിക്കെതിരേയുള്ള ബോധവത്കരണം ശക്തമാക്കുന്നതിനൊപ്പം ആരെങ്കിലും ലഹരിയുടെ വലയിൽപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും നടപടി സ്വീകരിക്കാൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

എല്ലാ ക്ലാസുകളിലും ബോധവത്കരണം നടത്തും. ആവശ്യമുള്ള കുട്ടികൾക്ക് കൗൺസലിങ് നൽകും. പി.ടി.എ. പ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരെല്ലാം യോഗത്തിൽ സംബന്ധിച്ചു. ലഹരിമാഫിയക്കെതിരേയുള്ള നടപടികൾ ശക്തമാക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ഇതിനായി ജനകീയപിന്തുണ തേടും. സ്കൂൾപരിസരത്ത് കൃത്യമായ നിരീക്ഷണമുണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83957/police-station-march-today-mahila-janata-dal-protest-march-against-laharimafia)