---
title: "സ്വര താളത്തിൻ്റെ യൗവ്വനം;നാട്ടിലെ താരമായി രാധേടത്തി "
english_title: "The youth of vocal rhythm; Radha became a star of the country"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83990/the-youth-of-vocal-rhythm-radha-became-a-star-of-the-country"
published_at: "2022-12-08T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391774d1027f_21.jpg"
keywords: []
---

# സ്വര താളത്തിൻ്റെ യൗവ്വനം;നാട്ടിലെ താരമായി രാധേടത്തി 

> **Lead Summary:** **വടകര:** സ്വര താളത്തിന് ഇപ്പൊഴും യൗവ്വനത്തിൻ്റെ തുടിപ്പ്. എഴുപത്തിയാറാം വയസ്സിലും മത്സര വിജയം.തോടന്നൂർ ബ്ലോക്ക് തലത്തിൽ നടന്ന വയോജന കലോത്സവത്തിൽ മണിയൂർ പഞ്ചായത്തിലെ കുറുന്തോടി നോർത്ത് സി. 62 അംഗനവാടിയെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയ വി.ടി രാധയാണ് എഴുപത്തിയാറാം വയസ്സിലും മത്സരത്തിനെത്തി ലളിതഗാനം, നാടകഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനവും നേടി ആസ്വാദക ശ്രദ്ധയാകർഷിച്ചത്.

## Article Content

**വടകര:** സ്വര താളത്തിന് ഇപ്പൊഴും യൗവ്വനത്തിൻ്റെ തുടിപ്പ്. എഴുപത്തിയാറാം വയസ്സിലും മത്സര വിജയം.തോടന്നൂർ ബ്ലോക്ക് തലത്തിൽ നടന്ന വയോജന കലോത്സവത്തിൽ മണിയൂർ പഞ്ചായത്തിലെ കുറുന്തോടി നോർത്ത് സി. 62 അംഗനവാടിയെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയ വി.ടി രാധയാണ് എഴുപത്തിയാറാം വയസ്സിലും മത്സരത്തിനെത്തി ലളിതഗാനം, നാടകഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനവും നേടി ആസ്വാദക ശ്രദ്ധയാകർഷിച്ചത്.

പഞ്ചായത്ത് തലത്തിൽ നടന്ന വയോജന കലോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് രാധ ബ്ലോക്ക് തല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കുറുന്തോടി നോർത്ത് അംഗനവാടി ടീച്ചർ സതി രാധാകൃഷ്ണൻ്റെയും സഹപ്രവർത്തകരുടേയും ഉത്സാഹത്തിലാണ് രാധ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയത്.

വടക്കേ മലബാറിലെ പ്രശസ്ത സംഗീതജ്ഞൻ ചാലക്കര കുഞ്ഞിക്കണ്ണഭാഗവതരുടെ മകളും, പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ സി.കെ.ബാൽരാജിൻ്റെ സഹോദരിയുമായി മാഹിയിലെ പള്ളൂരിലാണ് ജനിച്ചത്.നാദസ്വര വിദ്വാൻ വി.ടി. കൃഷ്ണൻ്റെ ഭാര്യയായാണ് ഇവർ കുറുന്തോടിയിലേക്കെത്തുന്നത്.

അച്ഛൻ്റെയും സഹോദരൻ്റെയും ശിക്ഷണത്തിൽ വളരെ ചെറുപ്പം മുതലേ സംഗീതമഭ്യസിച്ചിട്ടുള്ള രാധ ഇവരുടെ കൂടെ അന്നേതന്നെ സംഗീത പരിപാടികളിലും കച്ചേരികളിലും, നാടകഗാനാലാപനങ്ങളിലും നിരവധി തവണ ആകാശവാണിയിൽ നാടൻ പാട്ട്, ലളിതസംഗീതം തുടങ്ങിയ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

സംഗീതത്തെ കൂടാതെ നൃത്തത്തിലും പ്രാഗത്ഭ്യം നേടിയിട്ടുള്ള രാധ സ്കൂൾ പഠന കാലത്ത് സംഗീത-നൃത്തമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വടകര സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ, മണിയൂർ ഹൈസ്കൂൾ, കുറുന്തോടി യു.പി.സ്കൂൾ, മന്ദത്ത് കാവ് യു .പി സ്കൂൾ, എന്നിവിടങ്ങളിൽ കുട്ടികളെ കലാ മത്സരങ്ങൾക്കു വേണ്ടി നൃത്തവും സംഗീതവും പരിശീലിപ്പിച്ചിരുന്നു.

കരുവഞ്ചേരി കൈരളി ഗ്രന്ഥാലയം, കുട്ടോത്ത് പ്രീതി കലാനിലയം തുടങ്ങി നിരവധി പ്രാദേശിക കലാ സമിതികളിൽ രാധ ദീർഘകാലം നൃത്ത പരിശീലനം നടത്തിയിരുന്നു. സംഗീത സംവിധായകനും ഗായകനുമായ ശിവജി കൃഷ്ണ, ഛായാഗ്രാഹകൻ നരേന്ദ്രനാഥ്, ചലച്ചിത്ര സഹസംവിധായകനും ഫോട്ടോഗ്രാഫറുമായ പ്രതാപ് മൊണാലിസ, സംഗീത റോസ് എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83990/the-youth-of-vocal-rhythm-radha-became-a-star-of-the-country)