---
title: "വടകരയിൽ മോഷണം;കടയിൽ നിന്നും ഇരുപത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടു"
english_title: "Theft in Vadakara; twenty five thousand rupees lost from the shop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84064/theft-in-vadakara-twenty-five-thousand-rupees-lost-from-the-shop"
published_at: "2022-12-08T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391ba09e9bd8_37.jpg"
keywords: []
---

# വടകരയിൽ മോഷണം;കടയിൽ നിന്നും ഇരുപത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടു

> **Lead Summary:** **വടകര: **വടകരയിൽ ഇന്നലെ രാത്രി മോഷണം. വടകര കേരള ക്വയർ റോഡിലെ മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാസ്സ് എൻറർപ്രൈസസ് എന്ന കടയിലാണ് മോഷണം നടന്നത്. രാത്രി 9 മണിക്കാണ് ഉടമകൾ കടയടച്ച് പോയത്. രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടർ തകർന്ന നിലയിൽ കണ്ടെത്തിയത്.

## Article Content

**വടകര: **വടകരയിൽ ഇന്നലെ രാത്രി മോഷണം. വടകര കേരള ക്വയർ റോഡിലെ മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാസ്സ് എൻറർപ്രൈസസ് എന്ന കടയിലാണ് മോഷണം നടന്നത്. രാത്രി 9 മണിക്കാണ് ഉടമകൾ കടയടച്ച് പോയത്. രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടർ തകർന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ഷെൽഫ് പരിശോധിച്ചപ്പോഴാണ് ഷെൽഫിൽ സൂക്ഷിച്ചുവെച്ച 25,000 രൂപ നഷ്ടപ്പെട്ടതായി കണ്ടത്. സാധനങ്ങൾ നഷ്ടപ്പെട്ടില്ല. വടകരയിലെ കടകളിൽ ഈയിടെയായി മോഷണം പെരുകിയിട്ടുണ്ട്. ഈ പരാതികളിൽ ഒന്നും തന്നെ മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോൾ മോഷണം നടന്ന കടയുടെ സമീപത്തുള്ള മറ്റൊരു കടയിലും കുറച്ചുനാൾ മുമ്പ് മോഷണം നടന്നിരുന്നു. അതിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പി പി.ഇ കിറ്റ് ധരിച്ചാണ് അന്ന് മോഷ്ടാവ് എത്തിയത്. തുടരെയുള്ള മോഷണങ്ങളിലും ,മോഷണം നടത്തിയ പ്രതികളെ പിടികൂടാനാകാത്തതിലും വ്യാപാരികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

മിക്ക കടകളിലും സിസിടിവി സംവിധാനം ഉണ്ടെങ്കിലും ഷോട്ട് സർക്യൂട്ട് ഭയം മൂലം പലരും മെയിൻ സ്വിച്ച് ഓഫ് ചെയ്തിട്ടാണ് പോകാറുള്ളത്. ഇതാണ് തസ്ക്കരന്മാർക്ക് വളമാകുന്നതും. ഇതിനാൽ ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ പിടികൂടാനാവുന്ന സാഹചര്യം ഇല്ലാതാകുന്നു. പോലീസ് ബീറ്റ് രാത്രികാലങ്ങളിൽ ശക്തമാക്കണമെന്നും അല്ലാത്തപക്ഷം വ്യാപാരികൾക്ക് രാത്രി ഉറങ്ങാൻ പറ്റില്ലെന്നും മർച്ചൻസ് അസോസിയേഷൻ വടകര പ്രസിഡണ്ട് അബ്ദുൽസലാം പറഞ്ഞു.

കൂടാതെ വ്യാപാരികൾ രാത്രി കടയടച്ചു പോകുമ്പോൾ നിർബന്ധമായും സിസിടിവി ഓൺ ചെയ്യണമെന്നും പറഞ്ഞു. ഇക്കാര്യം എല്ലാ വ്യാപാരികളോടും ഓർമ്മിപ്പിക്കുന്നതോടൊപ്പം വടകര കേന്ദ്രീകരിച്ച് ഏകീകൃത സിസിടിവി സംവിധാനം കൂടുതൽ ശക്തമാക്കുവാൻ പോലീസിനോടും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84064/theft-in-vadakara-twenty-five-thousand-rupees-lost-from-the-shop)