---
title: "എട്ടാംക്ലാസ്കാരിയുടെ വെളിപ്പെടുത്തൽ; വൈകാതെഎല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് പോലീസ്"
english_title: "8th grader's revelation; Police said that all the information will come out soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84142/8th-graders-revelation-police-said-that-all-the-information-will-come-out-soon"
published_at: "2022-12-09T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63929cb4bbc29_chombala.jpg"
keywords: []
---

# എട്ടാംക്ലാസ്കാരിയുടെ വെളിപ്പെടുത്തൽ; വൈകാതെഎല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് പോലീസ്

> **Lead Summary:** **വടകര:** ലഹരി സംഘം മയക്കുമരുന്ന് നൽകിയശേഷം ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചതായി എട്ടാംക്ലാസ് വിദ്യാർഥിനി വെളിപ്പെടുത്തി മൂന്നുദിവസം പിന്നിട്ടിട്ടും സംഭവത്തിൽ വ്യക്തത വരുത്താതെ പോലീസ്. ഇപ്പോഴും മയക്കുമരുന്നുകേസ് പോലീസ് രജിസ്റ്റർചെയ്തിട്ടില്ല. വെളിപ്പെടുത്തൽ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും വൈകാതെത്തന്നെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.

## Article Content

**വടകര:** ലഹരി സംഘം മയക്കുമരുന്ന് നൽകിയശേഷം ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചതായി എട്ടാംക്ലാസ് വിദ്യാർഥിനി വെളിപ്പെടുത്തി മൂന്നുദിവസം പിന്നിട്ടിട്ടും സംഭവത്തിൽ വ്യക്തത വരുത്താതെ പോലീസ്. ഇപ്പോഴും മയക്കുമരുന്നുകേസ് പോലീസ് രജിസ്റ്റർചെയ്തിട്ടില്ല. വെളിപ്പെടുത്തൽ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും വൈകാതെത്തന്നെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.

ചില നിർണായകവിവരങ്ങൾ ഇന്നലെ അന്വേഷണസംഘത്തിന് കിട്ടിയതായാണ് വിവരം. ഇത് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്. കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായർ വ്യാഴാഴ്ച ചോമ്പാല പോലീസ് സ്റ്റേഷനിലെത്തി അന്വേഷണസംഘവുമായി ചർച്ചനടത്തി.

ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി ഡി.ഐ.ജി.യും റൂറൽ എസ്.പി. ആർ. കറുപ്പസ്വാമിയും വിലയിരുത്തി. വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ച പെൺകുട്ടിയുടെ മൊഴി കൗൺസലിങ്ങിലൂടെ പോലീസ് ശേഖരിച്ചിരുന്നു. കുറച്ചുകൂടി വിവരങ്ങൾ ശേഖരിക്കാനുണ്ടെങ്കിലും കുട്ടി ക്ഷീണിതയായതിനാൽ വ്യാഴാഴ്ച മൊഴിയെടുത്തില്ല.

സഹപാഠികൾ, അധ്യാപകർ തുടങ്ങിയവരുടെ മൊഴികളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റുചിലരിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച ഡോക്ടറിൽനിന്ന് നിർണായകമൊഴി ലഭിച്ചിട്ടുണ്ട്. നിലവിൽ കുട്ടിയുടെ പരാതിയിൽ പോക്സോവകുപ്പിൽ ഒരുകേസാണ് രജിസ്റ്റർചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84142/8th-graders-revelation-police-said-that-all-the-information-will-come-out-soon)