---
title: "പുതുയുഗപ്പിറവി; ആവേശത്തോടെ വടകര ബീച്ച് ഫെസ്റ്റ് ആരംഭിച്ചു"
english_title: "Vadakara Beach Fest has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84296/vadakara-beach-fest-has-started"
published_at: "2022-12-09T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639356c2681f6_18.jpg"
keywords: []
---

# പുതുയുഗപ്പിറവി; ആവേശത്തോടെ വടകര ബീച്ച് ഫെസ്റ്റ് ആരംഭിച്ചു

> **Lead Summary:** **വടകര: **വടകരയിൽ പുതുയുഗപ്പിറവി. ആവേശത്തോടെ വടകര ബീച്ച് ഫെസ്റ്റ് ആരംഭിച്ചു. സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദ്യമായി വടകരയിൽ ബീച്ച് ഫെസ്റ്റ് ഒരുങ്ങിയത്. വടകരയുടെ മണവാട്ടിയായ സാൻഡ്ബാങ്ക്സ് തീരത്തിന് സമീപം പ്രകൃതി രമണീയമായി ഒരുക്കിയ ബീച്ച് ഫെസ്റ്റ് പവലിയൻ വളരെ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

## Article Content

**വടകര: **വടകരയിൽ പുതുയുഗപ്പിറവി. ആവേശത്തോടെ വടകര ബീച്ച് ഫെസ്റ്റ് ആരംഭിച്ചു. സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദ്യമായി വടകരയിൽ ബീച്ച് ഫെസ്റ്റ് ഒരുങ്ങിയത്. വടകരയുടെ മണവാട്ടിയായ സാൻഡ്ബാങ്ക്സ് തീരത്തിന് സമീപം പ്രകൃതി രമണീയമായി ഒരുക്കിയ ബീച്ച് ഫെസ്റ്റ് പവലിയൻ വളരെ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു വടകരയുടെ പ്രഥമ ബീച്ച് ഫെസ്റ്റ് 2022 ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരവും മോഡലും, യുവാക്കളുടെ ഹരവുമായ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായിരുന്നു.

പരിപാടിയിൽ ആദ്യ ടിക്കറ്റ് വിൽപ്പന ഒ.എം ബിന്ദു (യൂണിറ്റ് ഇൻസ്പെക്ടർ സഹകരണ സംഘം വടകര) സ്വീകരിച്ചു. അഡ്വ: ഐ.മൂസ, പ്രൊഫ: കെ.കെ മഹ്മൂദ്, സി. രാമകൃഷ്ണൻ മാസ്റ്റർ, അടിയേരി രവീന്ദ്രൻ, ഷാജഹാൻ കെ.വി.പി സംസാരിച്ചു. ഉദ്ഘാടന ദിവസം വൻ ജനാവലിയായിരുന്നു ഉണ്ടായിരുന്നത്.

സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങൾ വടകരയിലെ പ്രഥമ ബീച്ച് ഫെസ്റ്റിവൽ കാണാനെത്തി. വേദിയിൽ  സംസാരിച്ച എല്ലാവർക്കും പറയുവാനുള്ളത്, ഇത് അല്പം നേരത്തെ തന്നെ തുടങ്ങേണ്ടതായിരുന്നു എന്നതാണ്. ടൂറിസം ഭൂപടത്തിൽ വടകരയെ സംബന്ധിച്ചിടത്തോളം പുതിയൊരു മാറ്റമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.

വടകരയിലെ സാൻഡ്ബാക്സ്, കൊളാവിപ്പാലം, വെള്ളിയാംകല്ല് ഉൾപ്പെടെയുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണുവാനും സ്വദേശികൾക്കും, വിദേശികൾക്കുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുവാനും ഈ സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിയട്ടെ എന്ന് എല്ലാവരും ആശംസിച്ചു.

ഉൾനാടൻ മേഖലയെ കൂടി ഉൾപ്പെടുത്തിയുള്ള വലിയ പദ്ധതികൾ ആവിഷ്കരിക്കുവാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്നും ടൂറിസത്തിൽ കൂടി വൻ വികസനം നമ്മുടെ വടകരയിലും സ്ഥാപിക്കുവാൻ സാധിക്കും എന്നും നേതാക്കൾ പറഞ്ഞു. വടകരയിൽ തന്നെ ആദ്യ ടൂറിസം പ്രമോഷൻ സംഘടനയാണ് സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ജനുവരി ഒന്നുവരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെൻറ് പാർക്ക്, ഒട്ടക സവാരി, കുതിരസവാരി, ഫുഡ് കോർട്ട്, അലങ്കാര മത്സ്യപ്രദർശനം, വൈവിധ്യമാർന്ന വിപണന സ്റ്റാളുകൾ, ഫാമിലി ഗെയിം, ഫ്ലവർ ഷോ, വിദേശരാജ്യങ്ങളിലെ പക്ഷികളുടെ പ്രദർശനം എന്നിവ ഉൾപ്പെടുന്നു.ഉദ്ഘാടന ദിവസം വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു.

വടകരയുടെ മനസ്സാക്ഷി അറിഞ്ഞുള്ള ടൂറിസം പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള പ്രേരണയാണ് ഞങ്ങൾക്ക് ലഭിച്ചതെന്നും അത് അക്ഷരാർത്ഥത്തിൽ ഞങ്ങൾ നിറവേറ്റുമെന്നും പറഞ്ഞു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ടൂർ പാക്കേജുകൾ, ലോക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കൽ, ടൂറിസത്തിന് ആവശ്യമായ വാഹനങ്ങൾ, റിസോർട്ട് സൗകര്യങ്ങൾ, തൊഴിൽ സംരംഭങ്ങൾ, ഒരുക്കുക എന്നിവ സൊസൈറ്റിയുടെ പ്രത്യേകതയാണ്. സ്വാഗതസംഘം ചെയർമാൻ കെ.സി പവിത്രൻ സ്വാഗതവും, കൺവീനർ പി.കെ രഞ്ജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84296/vadakara-beach-fest-has-started)