---
title: "ഒരു റോഡ് വരുന്നു; നാടിൻ്റെ മുഖഛായ മാറും ചേരിപ്പൊയിൽ അക്വഡക്ട്‌-കല്ലേരി റോഡ് നിർമാണത്തിന് ഭരണാനുമതി "
english_title: "A road is coming; Administrative approval for construction of Cherippoyil Aqueduct-Kalleri road to change the face of the area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8449/a-road-is-coming-administrative-approval-for-construction-of-cherippoyil-aqueduct-kalleri-road-to-change-the-face-of-the-area"
published_at: "2021-11-02T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180b0931901a_road kalleri.jpg"
keywords: []
---

# ഒരു റോഡ് വരുന്നു; നാടിൻ്റെ മുഖഛായ മാറും ചേരിപ്പൊയിൽ അക്വഡക്ട്‌-കല്ലേരി റോഡ് നിർമാണത്തിന് ഭരണാനുമതി 

> **Lead Summary:** **വടകര : ** മുറവിളികൾക്കൊടുവിൽ ഒരു റോഡ് വരുന്നു. കല്ലേരി ഗ്രാമത്തിൻ്റെ മുഖഛായ മാറും . ജനങ്ങളുടെ ഏറെനാളായുള്ള ദുരിതയാത്രയ്ക്കാണ് പരിഹാരമാവുന്നത്. ആയഞ്ചേരി ചേരിപ്പൊയിൽ അക്വഡക്ട്‌-കല്ലേരി റോഡ് നിർമാണത്തിന് ഭരണാനുമതിയായി. ആയഞ്ചേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ചേരിപ്പൊയിൽ അക്വഡക്ട്‌ മുതൽ കല്ലേരി വരെയുള്ള റോഡുനിർമാണത്തിന് ഒരു കോടി 36 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

## Article Content

**വടകര : ** മുറവിളികൾക്കൊടുവിൽ ഒരു റോഡ് വരുന്നു. കല്ലേരി ഗ്രാമത്തിൻ്റെ മുഖഛായ മാറും . ജനങ്ങളുടെ ഏറെനാളായുള്ള ദുരിതയാത്രയ്ക്കാണ് പരിഹാരമാവുന്നത്. ആയഞ്ചേരി ചേരിപ്പൊയിൽ അക്വഡക്ട്‌-കല്ലേരി റോഡ് നിർമാണത്തിന് ഭരണാനുമതിയായി. ആയഞ്ചേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ചേരിപ്പൊയിൽ അക്വഡക്ട്‌ മുതൽ കല്ലേരി വരെയുള്ള റോഡുനിർമാണത്തിന് ഒരു കോടി 36 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

ഉൾനാടൻ ജലഗതാഗതവകുപ്പാണ് റോഡുനിർമാണത്തിന് ഭരണാനുമതി നൽകിയത്. പ്രദേശവാസികളുടെ ദീർഘകാലമായുള്ള പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. മുഖ്യമന്ത്രിക്ക് കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ. നൽകിയ നിവേദനത്തെത്തുടർന്നാണ് റോഡുനിർമാണത്തിന് അനുമതി ലഭിച്ചത്. റോഡുനിർമാണം പൂർത്തിയാകുന്നതോടെ വടകര മാഹി കനാലിലേക്ക് സുഗമമായ ഒരു പ്രവേശനമാർഗംകൂടി രൂപപ്പെടും.

പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമായതും നിലവിൽ ശോചനീയാവസ്ഥയിൽ കിടക്കുന്നതുമായ പ്രസ്തുത റോഡിന്റെ സമഗ്ര നവീകരണത്തിനാണ് ഇതോടെ വഴിതെളിയുന്നത്. പദ്ധതിയുടെ ഭാഗമായി റോഡ് ഉയർത്തിയുള്ള ടാറിങ്‌, രണ്ട് പുതിയ കൾവർട്ട് നിർമാണം, ഓവുചാൽ നിർമാണം എന്നിവ നടപ്പാക്കും.

ചേരിപ്പൊയിൽ-കല്ലേരി റോഡ് പൂർത്തിയായാൽ ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളുൾപ്പെടുന്ന ചേരിപ്പൊയിൽ ഭാഗത്തുള്ളവർക്കും കുറ്റിവയൽ ഭാഗത്തുള്ളവർക്കും എളുപ്പത്തിൽ നാദാപുരം, പുറമേരി, വേറ്റുമ്മൽ, തൂണേരി വഴി തലശ്ശേരി, കണ്ണൂർ വിമാനത്താവളം, വടകര, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരാനാകും.

വടകര താലൂക്കിലെ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലേക്കും ചേരിപ്പൊയിൽ പ്രദേശത്തെ പറമ്പിൽപള്ളിയിലേക്കും എത്തുന്നവർക്കും റോഡ് ഉപകാരപ്രദമാവും. ചേരിപ്പൊയിൽ, കുറ്റിവയൽ പ്രദേശത്തുകാരുടെ ഒരുപാടുകാലത്തെ ആവശ്യമാണ് പ്രസ്തുത റോഡ് നവീകരണം. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശിക്കാനോ രോഗികളെപ്പോലും ആശുപത്രിയിൽ എത്തിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8449/a-road-is-coming-administrative-approval-for-construction-of-cherippoyil-aqueduct-kalleri-road-to-change-the-face-of-the-area)