---
title: "വൈദ്യുതി വയർ കഴുത്തിൽ കുരുങ്ങി; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ് "
english_title: "The electric wire got tangled around the neck; The young man miraculously escaped"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84778/the-electric-wire-got-tangled-around-the-neck-the-young-man-miraculously-escaped"
published_at: "2022-12-12T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396d919e13d3_32.jpg"
keywords: []
---

# വൈദ്യുതി വയർ കഴുത്തിൽ കുരുങ്ങി; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ് 

> **Lead Summary:** **വടകര:** അറ്റു വീണ വൈദ്യുതി വയർ കഴുത്തിൽ കുരുങ്ങി.യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊട്ടിവീണ സർവീസ് വയർ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണ ബൈക്ക് യാത്രക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .ഇന്ന് കാലത്ത് 6:30ന് വടകര- വില്യാപ്പള്ളി റൂട്ടിൽ വൈക്കിലിശ്ശേരി ബസ്റ്റോപ്പിന്റെ അടുത്താണ് സംഭവം നടന്നത് .

## Article Content

**വടകര:** അറ്റു വീണ വൈദ്യുതി വയർ കഴുത്തിൽ കുരുങ്ങി.യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊട്ടിവീണ സർവീസ് വയർ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണ ബൈക്ക് യാത്രക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .ഇന്ന് കാലത്ത് 6:30ന് വടകര- വില്യാപ്പള്ളി റൂട്ടിൽ വൈക്കിലിശ്ശേരി ബസ്റ്റോപ്പിന്റെ അടുത്താണ് സംഭവം നടന്നത് .

അരൂർ ചവേലക്കുളങ്ങര നാണുവിന്റെ മകൻ ഹരിപ്രസാദാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജോലിസ്ഥലമായ കോഴിക്കോട്ടേക്ക് ട്രെയിനിനു പോകാൻ ബൈക്കിൽ അരൂരിലെ വീട്ടിൽ നിന്നും കാലത്ത് യാത്രതിരിച്ചതായിരുന്നു യുവാവ്. വൈക്കിലിശ്ശേരി റോഡ് ബസ്റ്റോപ്പിനടുത്ത് എത്തിയപ്പോൾ കനത്ത മഴയത്ത് പൊട്ടിവീണ ഇലക്ട്രിസിറ്റി സർവീസ് വയർ കഴുത്തിൽ കുരുങ്ങി യുവാവ് ഇടതുവശത്തേക്ക് ഏകദേശം മൂന്നു മീറ്ററോളം അകലെ റോഡിൽ നിന്ന് തെറിച്ചു വീഴുകയും ഇറക്കത്തിലേക്ക് തനിയെ നീങ്ങിയ ബൈക്ക് വലതുഭാഗത്ത് മദ്രസയുടെ സമീപമുള്ള ഫർണിച്ചർ കടയുടെ ചുമരിൽ ഇടിച്ച് ഇലക്ട്രിക് പോസ്റ്റിനും സ്റ്റേ വയറിനും കടയുടെ മതിലിനും ഇടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു.

ജാക്കറ്റും ഹെൽമെറ്റും ധരിച്ചിരുന്നതിനാൽ യുവാവിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല .നല്ല മഴയത്ത് അതിരാവിലെ റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതും മദ്രസ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പായതിനാലും വിദ്യാർത്ഥികൾ റോഡരികിൽ ഇല്ലാതിരുന്നതും ഭാഗ്യമായി.

കെഎസ്ഇബി അധികൃതർ വന്ന് വാഹനം എടുത്തു മാറ്റി. യുവാവിനെ വടകര ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. വടകര പോലീസിൽ ഹരിപ്രസാദ് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84778/the-electric-wire-got-tangled-around-the-neck-the-young-man-miraculously-escaped)