---
title: "ബസ്സ് സ്റ്റാൻഡിലെ കുഴി; നടുവൊടിഞ്ഞ് യാത്രക്കാരും ബസ് ജീവനക്കാരും"
english_title: "Pothole at bus stand; The passengers and the bus crew were in the middle"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85156/pothole-at-bus-stand-the-passengers-and-the-bus-crew-were-in-the-middle"
published_at: "2022-12-14T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63997e24ce3f8_10.jpg"
keywords: []
---

# ബസ്സ് സ്റ്റാൻഡിലെ കുഴി; നടുവൊടിഞ്ഞ് യാത്രക്കാരും ബസ് ജീവനക്കാരും

> **Lead Summary:** ** വടകര: **വടകര നഗരസഭ മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ കുഴി പരിഹാരമാകാത്ത നിലയിൽ. വടകര പുതിയ ബസ് സ്റ്റാൻഡിലെ റൺവേയിലാണ് മാസങ്ങളായി വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നഗരസഭയോട് പലകുറി പരാതി പറഞ്ഞിട്ടും പരിഹാരമായില്ല.

## Article Content

** വടകര: **വടകര നഗരസഭ മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ കുഴി പരിഹാരമാകാത്ത നിലയിൽ. വടകര പുതിയ ബസ് സ്റ്റാൻഡിലെ റൺവേയിലാണ് മാസങ്ങളായി വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നഗരസഭയോട് പലകുറി പരാതി പറഞ്ഞിട്ടും പരിഹാരമായില്ല.

തുടർന്ന് ബസ് സ്റ്റാൻഡിലെ അറ്റൻഡർമാറും തൊഴിലാളികളും പൈസ പിരിച്ചിട്ടാണ് കുഴി മണ്ണിട്ട് നികത്തിയത്. പക്ഷേ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ മണ്ണൊലിച്ചു പോവുകയും വീണ്ടും വലിയ ഗർത്തം രൂപപ്പെടുകയുമാണുണ്ടായത്. ഇടതടവില്ലാതെ പോകുന്ന ബസ് കുഴിയിൽ കയറിയിറങ്ങി ബസ്സിന് കേടുപാട് പറ്റുകയും ലീഫ് അടിക്കടി തകരാറിലാകുകയും ചെയ്യുന്നു.

പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ് ഈ വലിയ ഗർത്തങ്ങൾ. പല ബസ്സുകളും വർക് ഷോപ്പിലാണ്. തൽസ്ഥിതി തുടർന്നാൽ പുതിയ ബസ്റ്റാൻഡ് ബഹിഷ്കരിക്കേണ്ടി വരുമെന്ന കടുത്ത തീരുമാനത്തിലേക്ക് പോകുവാൻ സാധ്യതയുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.

ബസ് കുഴിയിലേക്ക് ഇറങ്ങുമ്പോൾ വലിയ ശബ്ദമാണ് ഞങ്ങൾ കേൾക്കുന്നതെന്ന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളി വിനോദൻ അഭിപ്രായപ്പെട്ടു. കാൽനടയാത്രക്കാർ നടന്നു പോകുമ്പോൾ കുഴിയിൽ വീഴുന്നതും ചെളി തെറിക്കുന്നതും പതിവ് കാഴ്ചയാണ്. പുതിയ ബസ് സ്റ്റാൻഡിലെ കുഴികളുടെ കാര്യം ഒരു ഭാഗത്താണെങ്കിൽ അതിലേറെ പരിതാപകരമാണ് സ്ലാബുകളുടെ കാര്യം.

സ്ലാബുകൾ മിക്കതും തകരാറിലാണ്. കാലങ്ങളായി സ്ലാബുകളുടെ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രധാന കാരണം. ഒരു സ്ലാബിന് തകരാറുണ്ടായാൽ അതിന്റെ ഫോയിൽ മാത്രം മാറ്റി അത് പരിഹരിക്കുകയാണ് പതിവ്. പക്ഷേ ഇത് മറ്റു സ്ലാബിനെയും ബാധിക്കുന്നു. യഥാർത്ഥത്തിൽ പുതിയ സ്ലാബുകളാണ് ഇതിന് പരിഹാരമാർഗ്ഗം.

കോഴിക്കോട് ബസ് നിർത്തുന്ന സ്ഥലത്താണ് കൂടുതൽ സ്ലാബുകളും ഇളകിയിട്ടുള്ളത്. യാത്രക്കാർ ബസ്സിലേക്ക് ഓടിക്കയറുന്ന സമയത്ത് സ്ലാബുകൾ തട്ടി കാലിനും,മറ്റും പരിക്കേൽക്കുന്നത് പതിവാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്.

ബസ്റ്റാൻഡ് നിർമ്മാണം പൂർത്തിയായി 30 വർഷം കഴിഞ്ഞു. പുതിയ ഒരു നവീകരണ പ്രവർത്തിയിലേക്ക് നഗരസഭ എത്രയും പെട്ടെന്ന് കടക്കണമെന്നാണ് ബസ് ജീവനക്കാരുടെയും അറ്റൻഡർമാരുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85156/pothole-at-bus-stand-the-passengers-and-the-bus-crew-were-in-the-middle)