---
title: "പ്രതീക്ഷയോടെ ഒഞ്ചിയം; ക്രേഷ് റോഡ് പുനരുദ്ധാരണ പ്രവർത്തി തുടങ്ങി"
english_title: "Onjiam with hope; Cresh road restoration work started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85747/onjiam-with-hope-cresh-road-restoration-work-started"
published_at: "2022-12-17T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d76f52c6ca_CRESH_ROAD_2.jpg"
keywords: []
---

# പ്രതീക്ഷയോടെ ഒഞ്ചിയം; ക്രേഷ് റോഡ് പുനരുദ്ധാരണ പ്രവർത്തി തുടങ്ങി

> **Lead Summary:** ** വെള്ളികുളങ്ങര: **നീണ്ട വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രേഷ് റോഡ് നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഊരാളുങ്കകൾ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.ഓവു ചാൽ നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ് . സി കെ നാണു വടകര എംഎൽഎ ആയിരുന്ന കാലത്ത് റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നേടിയ പ്രവർത്തിയാണിത്.

## Article Content

** വെള്ളികുളങ്ങര: **നീണ്ട വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രേഷ് റോഡ് നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഊരാളുങ്കകൾ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.ഓവു ചാൽ നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ് . സി കെ നാണു വടകര എംഎൽഎ ആയിരുന്ന കാലത്ത് റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നേടിയ പ്രവർത്തിയാണിത്.

എന്നാൽ സാങ്കേതിക തടസ്സങ്ങളാൽ കഴിഞ്ഞ മൂന്നു വർഷമായി ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയായിരുന്നു.ഒഞ്ചിയത്തെ 'ഇടം' സാംസ്കാരിക വേദി ഉൾപ്പെടെയുള്ള സംഘടനകൾ പ്രക്ഷോഭ രംഗത്തുണ്ടായിരുന്നു. വർഷങ്ങളായുള്ള ഈ ഒരു പ്രതിസന്ധിക്ക് പഞ്ചായത്ത് ഭരണസമിതിയും പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നേരത്തെ നവംബർ 18ന് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച കെ.കെ.രമ എംഎൽഎയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ നടത്തിയ ഇടപെടലുകൾ യാഥാർത്ഥ്യമായി എന്നാണ് എംഎൽഎ അന്ന് പറഞ്ഞത്. രണ്ടാഴ്ചക്കുള്ളിൽ ഓവുചാൽ നിർമ്മാണം പൂർത്തിയാകും. താഴ്ന്ന പ്രദേശത്ത് കൂടിയാണ് ക്രേഷ് റോഡ് കടന്നുപോകുന്നത്. വർഷകാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്. അതുകൊണ്ടാണ് റോഡ് പെട്ടെന്ന് തകരാറിലാവുന്നത്. ഓവുചാലിന് സമാനമായി ഫില്ലിംഗ് പ്രവർത്തി നിർമ്മാണമാണ് അടുത്തഘട്ടത്തിലുള്ള ജോലി. ശേഷം മെറ്റൽ വിരിച്ചു ബലപ്പെടുത്തിയതിനു ശേഷം, റോഡ് ടാറിങ് നടത്തും . ടാറിങ് പൂർത്തിയായതിനു ശേഷമുള്ള പുതിയ ക്രേഷ് റോഡ് ശാശ്വത പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.

രണ്ടു കോടിയോളം രൂപ നിർമ്മാണച്ചിലവിന് വരുമെന്നാണ് കണക്ക്. മടപ്പള്ളി- വെള്ളികുളങ്ങര ക്രാഷ് റോഡ് പുനരുദ്ധാരണ പ്രവൃത്തി യാഥാർത്ഥ്യമായാൽ നാദാപുരം റോഡ്, മടപ്പള്ളി, മടപ്പള്ളി കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നാദാപുരം-കുറ്റ്യാടി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. കോളേജ് വിദ്യാർത്ഥികൾക്കാണ് ഇത് ഏറ്റവും കൂടുതൽ സഹായമാകുക. വെള്ളികുളങ്ങരയിൽ നിന്ന് മടപ്പള്ളിയിലേക്ക് ജീപ്പ് സർവീസ് ആരംഭിക്കുകയാണെങ്കിൽ വളരെ സൗകര്യപ്രദമാണെന്ന് വിദ്യാർഥികൾ പറയുന്നുണ്ട്. ഇക്കാര്യത്തിൽ സന്നദ്ധ സംഘടനയുടെയും ജീപ്പ് മുതലാളിമാരുടെയും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85747/onjiam-with-hope-cresh-road-restoration-work-started)