---
title: "എം.ആർ സ്മരണ; എഴുത്തുകാരൻ വെടിയേറ്റ് വീണേക്കാമെങ്കിലും എഴുതാതിരിക്കുന്നത് ആത്മഹത്യയാണ് - ഗീതാഞ്ജലിശ്രീ "
english_title: "MR Smaran; A writer may be shot but not writing is suicide - Geetanjalisree"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86230/mr-smaran-a-writer-may-be-shot-but-not-writing-is-suicide-geetanjalisree"
published_at: "2022-12-20T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a144cbbb512_GEETHANJALISREE.jpg"
keywords: []
---

# എം.ആർ സ്മരണ; എഴുത്തുകാരൻ വെടിയേറ്റ് വീണേക്കാമെങ്കിലും എഴുതാതിരിക്കുന്നത് ആത്മഹത്യയാണ് - ഗീതാഞ്ജലിശ്രീ 

> **Lead Summary:** **വടകര: **എഴുത്തുകാരൻ ചിലപ്പോൾ വെടിയേറ്റ് വീണേക്കാമെങ്കിലും എഴുതാതിരിക്കുന്നത് ആത്മഹത്യയാണെന്ന് 2022-ലെ ബുക്കർ പുരസ്കാര ജേതാവ് ഗീതാഞ്ജലിശ്രീ. എഴുത്ത് എന്ന സർഗക്രിയ എഴുത്തുകാരനും സമൂഹത്തിനും ജീവശ്വാസംപോലെ പരമപ്രധാനമായ ഒന്നാണ്. കാലവും സമൂഹവും ഭരണകൂടവും എതിരായാലും എഴുതുക എന്ന പ്രക്രിയ നടക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

## Article Content

**വടകര: **എഴുത്തുകാരൻ ചിലപ്പോൾ വെടിയേറ്റ് വീണേക്കാമെങ്കിലും എഴുതാതിരിക്കുന്നത് ആത്മഹത്യയാണെന്ന് 2022-ലെ ബുക്കർ പുരസ്കാര ജേതാവ് ഗീതാഞ്ജലിശ്രീ. എഴുത്ത് എന്ന സർഗക്രിയ എഴുത്തുകാരനും സമൂഹത്തിനും ജീവശ്വാസംപോലെ പരമപ്രധാനമായ ഒന്നാണ്. കാലവും സമൂഹവും ഭരണകൂടവും എതിരായാലും എഴുതുക എന്ന പ്രക്രിയ നടക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

മടപ്പള്ളി ഗവ. കോളേജ് സ്ഥാപിക്കാൻ നേതൃത്വം നൽകിയ സ്വാതന്ത്ര്യസമരസേനാനിയും പൊതുപ്രവർത്തകനുമായിരുന്ന എം.ആർ. നാരായണക്കുറുപ്പിന്റെ സ്മരണയ്ക്കായി കോളേജിൽ നടത്തിയ പ്രഭാഷണപരമ്പരയിൽ ‘എഴുത്തുകാരുടെ ഉത്തരവാദിത്വങ്ങൾ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഗീതാഞ്ജലിശ്രീ.

എഴുത്തുകാരുടെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചർച്ചയോടൊപ്പം സമൂഹത്തിന്റെ എഴുത്തുകാരോടുള്ള സമീപനവും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. സ്ത്രീ എന്ന നിലയിൽ വ്യക്തിപരമായി വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും പുരുഷാധിപത്യ സമൂഹത്തിന്റെ അളവുകോലുകൾ തന്നെയും ബാധിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. സമൂഹം എപ്പോഴും പൊടുന്നനെയുള്ള പ്രതികരണമാണ് എഴുത്തുകാരിൽനിന്ന് പ്രതീക്ഷിക്കുന്നത്.പക്ഷേ, എഴുത്തുകാർക്ക് അങ്ങനെ പെട്ടെന്ന് പ്രതികരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. അവർക്ക് ചിന്തിക്കാനും പ്രതികരിക്കാനും സമയംവേണം. പരസ്പരബഹുമാനത്തിലും സ്നേഹത്തിലുമധിഷ്ഠിതമാവണം സമൂഹവും എഴുത്തുകാരും തമ്മിലുള്ള ബന്ധം. സ്വതന്ത്രമായി ജീവിക്കാനും എഴുതാനും പ്രതികരിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാവുക എന്നതും പരമപ്രധാനമാണ് -അവർ പറഞ്ഞു.

ഗീതാഞ്ജലിശ്രീയുടെ കേരളത്തിലെ ആദ്യത്തെ പരിപാടിയാണ് മടപ്പള്ളി കോളജിൽ നടന്നത്. വിദ്യാർഥികളുമായി അവർ സംവദിച്ചു. ഡോ. കെ. അരുൺ ലാൽ മോഡറേറ്ററായിരുന്നു. പ്രഭാഷണപരമ്പര മുൻ എം.എൽ.എ. സി.കെ. നാണു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ.കെ. ഉദയകുമാർ അധ്യക്ഷനായി. ഒഞ്ചിയം പഞ്ചായത്ത് അംഗം വി.പി. ഗോപാലകൃഷ്ണൻ എം.ആർ. നാരായണക്കുറുപ്പ് അനുസ്മരണപ്രഭാഷണം നടത്തി. എൻ.കെ. അൻവർ, പി.എം. ഷൈനു, കോളേജ് ചെയർമാൻ മുഹമ്മദ് സഹാഫ്, ജിതിൻ പി. പോൾ, എ.എം. ശശി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86230/mr-smaran-a-writer-may-be-shot-but-not-writing-is-suicide-geetanjalisree)